അരുൺ കഴിഞ്ഞ ദിവസം രാത്രിയിൽ സംഭവിച്ച കാര്യങ്ങൾ ചോദിച്ചറിയാനായി ഐ സി യു വിനുള്ളിലേക്ക് കടന്നു. വിപിൻ ശാന്തനാണെന്ന് ഉറപ്പിച്ച ശേഷം അരുൺ അവന്റെ അരികിൽ കട്ടിലിലായി ഇരുന്നു.
തൊട്ടടുത്ത് ഒരാൾ ഇരുന്നതറിഞ്ഞപ്പോൾ വിപിൻ മിഴികൾ തുറന്നു. അരുണിനെ തിരിച്ചറിഞ്ഞപ്പോൾ അവന്റെ ചുണ്ടിലൊരു ചിരിയുണർന്നു.
“വിപിൻ, എനിക്ക് നിന്നിൽ നിന്നും ചില കാര്യങ്ങൾ അറിയാനുണ്ട്.” അവന്റെ മിഴികളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് അരുൺ പറഞ്ഞു.
“അവരെ എനിക്കറിയില്ല അരുൺ.”
“എനിക്ക് അതിനെക്കുറിച്ചല്ല വിപിൻ അറിയേണ്ടത്. നിന്നെ എങ്ങനെയാണവർ തട്ടിക്കൊണ്ട് പോയത്.”
“അച്ഛന് സുഖമില്ലെന്നും എത്രയും പെട്ടന്ന് എന്നെ ഹോസ്പിറ്റലിൽ എത്തിക്കണമെന്നും പറഞ്ഞാണവർ അഞ്ച് മണിയോടെ എന്റെ ഓഫീസിനു മുന്നിലെത്തിയത്. അത് വിശ്വസിച്ച ഞാൻ അവർ ചൂണ്ടിക്കാണിച്ച ഒമ്നിയിൽ കയറി. പിന്നിൽ നിന്നും ഒരാൾ തൂവല കൊണ്ടെന്റെ മുഖം പൊത്തിപ്പിടിച്ചു. പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോൾ നീ കണ്ട ആ സ്ഥലത്തായിരുന്നു ഞാൻ. എനിക്ക് ബോധം വന്നയുടനെ അവർ ചെയ്തത് നിന്നെ വിളിക്കുകയാണ്.”
“അപ്പോൾ അവർ എന്റെ ലാസ്റ്റ് കോളിനു ശേഷം എന്താ ചെയ്തത്. എന്തിനാണവർ നിന്നെ കുത്തിയത്.”
“അറിയില്ലെടാ. നിന്റെ കോൾ കട്ടായ ശേഷം നീ അടുത്തെവിടെയോ എത്തിയിട്ടുണ്ടെന്നും പെട്ടന്ന് മടങ്ങണമെന്നും കൂട്ടാളികളോട് പറയുന്നത് കേട്ടു. പിന്നെ നിന്നെ ഇവിടെ പിടിച്ചിടണമെങ്കിൽ എനിക്കെന്തെങ്കിലും പറ്റണമെന്നും പറഞ്ഞു. അതിനായിരിക്കാം അവരെന്നെ കുത്തിയത്.” വിപിൻ തന്റെ ഊഹം പറഞ്ഞു.
“എന്നെ ഇവിടെ പിടിച്ചിടണമെന്നോ.? അത് കൊണ്ട് അവർക്കെന്താ കാര്യം.”
“അതിന് വ്യക്തമായ ഉത്തരം എനിക്കറിയില്ല. പക്ഷേ നിന്നെ എരണാകുളത്ത് നിന്ന് ഇന്നലെ രാത്രി മാറ്റുക എന്നായിരുന്നു അവരുടെ ഉദ്ദേശം. അതിലവർ വിജയിക്കുകയും ചെയ്തു.”
“എന്നെ ഇവിടെ നിർത്തിയിട്ട് അവർക്കെന്ത് കാര്യമെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എന്തായാലും ഞാൻ മടങ്ങുകയാണ്. എന്റെ സഹപ്രവർത്തകൻ അവിടെ മരിച്ച് കിടക്കുകയാണ്. എത്രയും പെട്ടന്ന് എനിക്കവിടെ എത്തിയേ പറ്റൂ.”
“സഹപ്രവർത്തകൻ മരിക്കുകയോ എന്താടാ നീ ഈ പറയുന്നത്. ” ഞെട്ടലോടെ വിപിൻ ചോദിച്ചു.
അരുൺ നന്ദന്റെ മെസേജ് കണ്ടതും ലോഡ്ജിൽ പോയി നോക്കിയതും അവിടെ കണ്ട കാഴ്ച്ചകളും ചുരുക്കി അവനോട് വിവരിച്ചു.