“പോകാം..എപ്പോള്‍ വേണമെന്ന് നീ പറഞ്ഞാല്‍ മതി..”
“അതുപോട്ടെ..പുന്നൂസ് അങ്കിളേ..ഇവരുടെ കല്യാണം എന്നാ?” ഇന്ദു കള്ളച്ചിരിയോടെ പുന്നൂസിനെ നോക്കി ചോദിച്ചു.
“അതൊക്കെ പൌലോസ് മോന്റെ ഇഷ്ടം പോലെ..എനിക്ക് ഏതു സമയത്തും സമ്മതം തന്നെ” പുന്നൂസ് പറഞ്ഞു.
“എങ്കിലും ഡോണയുടെ അപ്പാ..എന്നെത്തന്നെ ഇവളെക്കൊണ്ട് കെട്ടിക്കണോ എന്ന് ഒന്നുകൂടി ആലോചിക്കുന്നത് നല്ലതാണ്. കാരണം മാസാമാസം ആണ് എനിക്ക് സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ നല്‍കുന്നത്..എന്റെ കൂടും കുടുക്കയും പെറുക്കി ഞാന്‍ ഓടുന്ന ഇടത്തൊക്കെ ഇവള്‍ക്ക് വരാന്‍ ഒക്കുമോ….” പൌലോസ് കുസൃതി ചിരിയോടെ അങ്ങനെ പറഞ്ഞപ്പോള്‍ ഡോണ എഴുന്നേറ്റ് ഓടി അയാളുടെ അടുത്തെത്തി മുഷ്ടി ചുരുട്ടി.
“ദേ മനുഷ്യാ എന്നെ കെട്ടാതിരിക്കാന്‍ വല്ല പ്ലാനും ഉണ്ടെങ്കില്‍,. നിങ്ങളെ ഞാന്‍ കുത്തിക്കൊല്ലും പറഞ്ഞേക്കാം”
അവള്‍ അങ്ങനെ പറഞ്ഞപ്പോള്‍ എല്ലാവരും പൊട്ടിച്ചിരിച്ചു.
“അങ്ങനെ നമ്മള്‍ ആഗ്രഹിച്ചതൊക്കെ നടന്ന സ്ഥിതിക്ക്..ഞാന്‍ എന്റെ വക ഒരു വിവാഹ സമ്മാനം കല്യാണത്തിനും മുന്‍പേ പൌലോസിനും ഡോണയ്ക്കും നല്‍കാന്‍ പോകുകയാണ്…”
ഇന്ദു അങ്ങനെ പറഞ്ഞപ്പോള്‍ എല്ലാവരും താല്പര്യത്തോടെ അവളെ നോക്കി.
“ഇറ്റ് ഈസ് എ പ്ലെസന്റ്റ് സര്‍പ്രൈസ്..” ഇന്ദു പുഞ്ചിരിയോടെ എല്ലാവരെയും നോക്കി.
“ഒന്ന് പറയടി എന്താണെന്ന്..കൈയില്‍ ഒരു ചുക്കും കൊണ്ടുവരാതെ അവളുടെ ഒരു സമ്മാനം..” ഡോണ ദേഷ്യപ്പെട്ടു.
“ഉം..കേട്ടാല്‍ നീ രോമാഞ്ചം കൊള്ളും..ഉറപ്പാ..” ഇന്ദു ഗൂഡഭാവത്തോടെ പറഞ്ഞു.
“എന്താ മോളെ? പറയൂ..” റോസ്ലിനും അതറിയാന്‍ ഉദ്വേഗം ഉണ്ടായിരുന്നു.
“പറയാം…സംഗതി ഇതാണ്..പൌലോസിനു ഡി വൈ എസ് പി ആയി ഡയറക്റ്റ് പ്രൊമോഷന്‍. ഫോര്‍മാലിറ്റിക്ക് വേണ്ടി ഒരു മാസം സി ഐ ആയി മാറ്റിയ ശേഷം ഉടന്‍ തന്നെ ഡി വൈ എസ് പി ആയി പ്രോമോട്ട് ചെയ്യും. യു പി ഡിജിപിക്ക് നിന്റെ ഇച്ചായനെ ക്ഷ ബോധിച്ചതുകൊണ്ടും ദ്വിവേദി എന്ന കൊടും ക്രിമിനലിനെ അഴികള്‍ക്ക് ഉള്ളില്‍ ആക്കിയതിന്റെയും പേരില്‍ ആണ് സംഗതി…എനിക്ക് വിവരം ഇന്നുരാവിലെ ആണ് കിട്ടിയത്..പൌലോസിനു ഇഷ്ടമുള്ള ജില്ല തിരഞ്ഞെടുക്കാം..ഇനി എന്ത് തിരഞ്ഞെടുക്കാന്‍ അല്ലെ? എറണാകുളം തന്നെ..” ഇന്ദു ചിരിച്ചു.
ഡോണയുടെ മാത്രമല്ല, പുന്നൂസിന്റെയും റോസ്ലിന്റെയും കണ്ണുകള്‍ വിടര്‍ന്നു. വാസു സന്തോഷത്തോടെ പൌലോസിനെ നോക്കിയപ്പോള്‍ അയാള്‍ മാത്രം ദുഖിതനെപ്പോലെ മുഖം കുനിച്ചു.