കുറെ നാളുകള്‍ക്ക് ശേഷം കൊച്ചിയിലെ ഒരു വലിയ ഹോട്ടലിന്റെ ഉദ്യാനത്തില്‍, വാസുവിനും പൌലോസിനും, ദിവ്യയ്ക്കും ഒപ്പം ആയിരുന്ന ഡോണ പൌലോസിനെ നോക്കി ചോദിച്ചു.
“ചോദീരെടി…”
“എന്നെ അന്ന് ഡെവിള്‍സ് ബലാല്‍സംഗം ചെയ്ത് മലിനപ്പെടുത്തിയിരുന്നു എങ്കില്‍, ഇച്ചായന്‍ എന്നെ സ്വീകരിക്കുമായിരുന്നോ?” ഡോണ പൌലോസിന്റെ കണ്ണുകളിലേക്കു നോക്കി.
പൌലോസ് അവളെ വല്ലാത്ത ഒരു ഭാവത്തോടെ അല്‍പനേരം നോക്കിയിരുന്നു; എന്നിട്ട് വലതു കൈ അവളുടെ നേരെ നീട്ടി.
“ഈ കൈയില്‍ ഒന്ന് പിടിച്ചേടീ”
“ങാ..എന്നാത്തിനാ?”
“നീ പിടി…”
ഡോണ അയാളുടെ കൈയില്‍ പിടിച്ചു.
“ഉം..സ്ട്രോങ്ങ് ആണ് മാന്‍..” അവള്‍ പറഞ്ഞു.
“ഇതുകൊണ്ട് ഒരെണ്ണം തന്നാല്‍ ഉണ്ടല്ലോ..നിന്റെ മോന്തായത്തിന്റെ ഷേയ്പ്പ് മാറും. കഴുവര്‍ട മോളെ.. നിന്നെ ഞാന്‍ സ്നേഹിച്ചത് നിന്റെ സൌന്ദര്യമോ പണമോ പത്രാസോ ഒന്നും കണ്ടല്ല എന്ന് നിനക്ക് നന്നായി അറിയാമല്ലോ? അതൊക്കെ നിനക്കുണ്ട് എങ്കിലും ഞാന്‍ നിന്നില്‍ കണ്ടത് മറ്റു മനുഷ്യരോടുള്ള നിന്റെ സ്നേഹവും കരുതലും, എളിമയുള്ള ജീവിതവുമാണ്..അതായത് നിന്റെ ശരീരത്തെ അല്ല, നിന്റെ വ്യക്തിത്വത്തെ ആണ് ഞാന്‍ സ്നേഹിച്ചത് എന്ന്..മനസ്സിലായോ..”
“സോറി ഇച്ചായാ..ഞാന്‍ അറിയാതെ ഇടയ്ക്ക് ആലോചിച്ച ഒരു വിഷയമാണ് ഇത്..’ അവള്‍ അയാളുടെ കൈകളില്‍ തഴുകിക്കൊണ്ട് പറഞ്ഞു.
“ചേച്ചി..ചേച്ചി ഇത്രയ്ക്ക് നല്ലവള്‍ ആണ് എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല..ഞാന്‍ എത്ര മോശമായിട്ടാണ് ചേച്ചിയോട് പെരുമാറിയത്….” ദിവ്യ ഡോണയുടെ കൈയില്‍ പിടിച്ച് കരയാന്‍ തുടങ്ങി.
“എന്റെ കൊച്ചെ നീ ഇത് എത്രാമത്തെ തവണ ആണ് പറയുന്നത്..നീ പറഞ്ഞതൊന്നും ഞാന്‍ ഓര്‍ക്കുന്നു പോലുമില്ല..ഇനി ഓര്‍ത്താല്‍ തന്നെ അതൊക്കെ കുറുമ്പുകാരിയായ എന്റെ ഒരു അനുജത്തി പറഞ്ഞ തമാശകള്‍ മാത്രമായിട്ടേ ഞാന്‍ കാണൂ..പക്ഷെ നീ ഇവനോട് പറഞ്ഞതൊക്കെ ഉണ്ടല്ലോ..അത് വളരെ വളരെ മോശമായിപ്പോയി…”
“ഹും..പോം ചേച്ചി.. ഈ സാധനം ആള് മഹാ മോശമാണ്..ചേച്ചി കരുതുന്ന പോലെ പാവം ഒന്നുമല്ല..” ദിവ്യ കപട ദേഷ്യത്തോടെ അവളോട് ചേര്‍ന്നിരുന്നു വാസുവിനെ നോക്കി പറഞ്ഞു.
“പോടീ..എന്റെ അനിയന്‍ ആള് പക്കാ ഡീസന്റ് ആണ്..അവന്‍ നാളിതുവരെ ഒരു മോശം കാര്യവും ചെയ്തിട്ടില്ല അറിയാമോ”
“ചേച്ചി ചെവി ഇങ്ങു തന്നെ…”
ദിവ്യ അവളുടെ കാതുകള്‍ക്ക് സമീപം ചുണ്ടുകള്‍ എത്തിച്ചുകൊണ്ട് പറഞ്ഞു. അവള്‍ ഡോണയുടെ കാതില്‍ എന്തോ മന്ത്രിക്കുന്നത് വാസുവും പൌലോസും നോക്കി. അവള്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഡോണ വാസുവിനെ കോപത്തോടെ നോക്കി.