ഡോണ അത് പറഞ്ഞപ്പോള്‍ ആശങ്കയോടെ രുക്മിണിയും ശങ്കരനും അവരെ ഇരുവരെയും മാറിമാറി നോക്കി.
“അമ്മെ..ഞങ്ങള്‍ തല്‍ക്കാലം പോകുന്നു. വാസുവിനെ കണ്ടു ഞങ്ങള്‍ ഇതെപ്പറ്റി സംസാരിക്കട്ടെ..അവളുടെ മനസ് മാറ്റാന്‍ വല്ല വഴിയുമുണ്ടോ എന്ന് ഞങ്ങള്‍ ഒന്നുകൂടി ആലോചിക്കട്ടെ…അവളെ ഉപദ്രവിക്കാനോ അവളുടെ ചര്യകള്‍ തെറ്റിക്കാനോ നിങ്ങള്‍ ശ്രമിക്കണ്ട. കാരണം എന്ത് ചെയ്യാനും മടിയില്ലാത്ത ഒരു മനസാണ് അവള്‍ക്കിപ്പോള്‍.. അതുകൊണ്ട് അവള്‍ ഇഷ്ടം പോലെ തല്ക്കാലം ജീവിക്കട്ടെ..എത്രയും വേഗം ഒരു പോംവഴി നമുക്ക് കണ്ടെത്താം….”
ഡോണ രുക്മിണിയുടെ കൈയില്‍ പിടിച്ചുകൊണ്ട് അവസാനം പറഞ്ഞു.
“അതെ..ഒരു വഴി തെളിഞ്ഞു വരാതിരിക്കില്ല..” ഒരു ദീര്‍ഘനിശ്വാസത്തോടെ പൌലോസ് പറഞ്ഞു.
“ശരി മക്കളെ..ഞങ്ങള്‍ക്ക് യാതൊരു മനസമാധാനവും ഇല്ല..വാസുമോനെ എനിക്കൊന്നു കാണണം..അവനോട് ഒന്നിങ്ങോട്ടു വരാന്‍ പറയണേ…” രുക്മിണി ദൈന്യതയോടെ പറഞ്ഞു.
“പറഞ്ഞു വിടാം അമ്മെ..അല്ലെങ്കിലും അവന്‍ ഇനി ഇവിടേക്ക് തിരിച്ചു വരുകയാണ്..കൊച്ചിയിലെ ജീവിതം അവന് വലിയ ഇഷ്ടമൊന്നുമില്ല..”
“ശരി മോളെ..നിങ്ങളെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ”
പൌലോസും ഡോണയും പോകുന്നത് നോക്കി നിന്ന ശേഷം ശങ്കരനും രുക്മിണിയും പരസ്പരം നോക്കി.
********************
ഡോണയും പൌലോസും തിരികെ കൊച്ചിയില്‍ എത്തി നടന്ന കാര്യങ്ങള്‍ പറഞ്ഞപ്പോള്‍, രുക്മിണിയുടെ ആഗ്രഹപ്രകാരം അവന്‍ ഉടന്‍ തന്നെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. വീട്ടിലെത്തിയ അവനെ രുക്മിണി കെട്ടിപ്പിടിച്ച് തെരുതെരെ ചുംബിച്ചു. ശങ്കരനും അവനെ മുന്‍പെങ്ങും ഇല്ലാത്തത്ര വലിയ സ്നേഹത്തോടെ സ്വീകരിച്ചു സല്‍ക്കരിച്ചു എങ്കിലും ദിവ്യ അവന് മുഖം കൊടുക്കാന്‍ പോലും കൂട്ടാക്കിയില്ല. ഒരു തവണ അറിയാതെ അവന്‍ മുന്‍പില്‍ പെട്ടപ്പോള്‍ അവള്‍ അറപ്പോടെ നിലത്തേക്ക് തുപ്പി. അവളുടെ വെറുപ്പിന്റെ കാഠിന്യം വാസു നേരില്‍ മനസിലാക്കുകയായിരുന്നു. അവന്റെ മനസില്‍ പക കലര്‍ന്ന ഒരുതരം നിരാശ ഉടലെടുത്തെങ്കിലും അവന്‍ പ്രതികരിച്ചില്ല.
ഗീവര്‍ഗീസ് അച്ചന്റെ ആശ്രമത്തില്‍ അടുത്ത ദിവസം പോയ വാസു പകല്‍ മൊത്തം അദ്ദേഹത്തിന്റെ ഒപ്പം ചിലവഴിച്ചു. വൈകിട്ട് വീട്ടില്‍ എത്തിയ അവന്‍ വേഷം മാറി കൈലിയും ബനിയനും ധരിച്ച് പഴയതുപോലെ അന്നൊക്കെ സ്ഥിരം പൊയ്ക്കൊണ്ടിരുന്ന ചന്തയിലേക്ക് നടന്നു. ഷാപ്പില്‍ കയറി ഒരു ഗ്ലാസ് സ്പിരിറ്റ് കുറെ നാളുകള്‍ക്ക് ശേഷം കുടിച്ച അവന്‍ പുറത്തേക്ക് ഇറങ്ങി ചന്തമുക്കിലേക്ക് നീങ്ങി. നാടന്‍ സൌന്ദര്യം ആസ്വദിക്കാന്‍ മാത്രമായിരുന്നു അവന്‍ ചന്തയിലേക്ക് പോയത്.
“ആഹാ..തന്ത ആരെന്നറിയാതെ ജനിച്ച ചിലവന്മാര്‍ വീണ്ടും ഇറങ്ങിയിട്ടുണ്ട്..ഹഹ്ഹാ..”