സിംഗിന്റെ ശബ്ദം ഉയര്‍ന്നപ്പോള്‍, അലസമായി ഒന്ന് മൂളിയ ശേഷം അവള്‍ തന്റെ വിരിഞ്ഞ നിതംബങ്ങള്‍ തെന്നിച്ച് ഉള്ളിലേക്ക് പോയി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരു കറുത്ത കുര്‍ത്തയും അതെ നിറമുള്ള പൈജാമയും ധരിച്ച, മെല്ലിച്ച ശരീരമുള്ള ആ മനുഷ്യന്‍ പുറത്തേക്ക് വന്നു.
“ദ്വിവേദി…” പൌലോസിന്റെ ചുണ്ടുകള്‍ മന്ത്രിച്ചു.
അയാളുടെ മുഖത്തെ ദൃഡമായ മാംസപേശികളും, ആരെയും കൂസാത്ത തെരുതെരെ മിന്നുന്ന കണ്ണുകളിലും പൌലോസ് നോക്കി. പുറത്ത് നില്‍ക്കുന്ന ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ ദ്വിവേദി ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.
“സിംഗ് സാറോ? രാത്രി എന്തിനാണ് സാറേ ആ പാവം പെണ്ണിനെ പേടിപ്പിച്ചത്?”
അയാള്‍ സിംഗിന്റെ മുന്‍പിലെത്തിയിട്ട് ചോദിച്ചു. പിന്നില്‍, വാതില്‍ക്കല്‍ സ്ത്രീസൌന്ദര്യത്തിന്റെ പ്രതീകമായ പ്രിയങ്ക ചുണ്ടിലൊരു ചിരിയുമായി നില്‍ക്കുന്നത് സിംഗ് കണ്ടു.
“നീ എന്റെ കൂടെ സ്റ്റേഷന്‍ വരെ വരണം” സിംഗ് അവന്റെ കണ്ണില്‍ നോക്കി പറഞ്ഞു.
“എന്തിന്?”
“അത് ചെന്നിട്ട് പറയാം..കമോണ്‍”
“സാറ് തമാശക്കാരന്‍ ആണ്. ഞാന്‍ എന്റെ പെണ്ണിന്റെ കൂടെ അല്‍പസമയം ചിലവഴിക്കാന്‍ എത്തിയതാണ്..അവള്‍ ആ ദാവണിയുടെ മേല്‍ഭാഗം ഊരാന്‍ തുടങ്ങിയ സമയത്താണ് നിങ്ങള്‍ ബെല്ലടിച്ചത്..സാരമില്ല… പോലീസല്ലെ. ഞാന്‍ ക്ഷമിക്കുന്നു.. സാറ് പൊക്കോ..ഉം…വേഗം..”
പതിഞ്ഞ സ്വരത്തില്‍, എന്നാല്‍ ശക്തമായ ഭീഷണി കലര്‍ത്തി ദ്വിവേദി അത് പറഞ്ഞപ്പോള്‍ സിംഗ് പതറി. അവന്‍ യുദ്ധത്തിനു തയാറാണ് എന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. മല്‍പ്പിടുത്തം നടത്തി അവനെ ജയിക്കുക അസാധ്യം!
“ദ്വിവേദി..നീ വന്നെ പറ്റൂ..”
വീടിനുള്ളിലേക്ക് പോകാന്‍ തിരിഞ്ഞ ദ്വിവേദിയോട് സിംഗ് പതറാതെ ആജ്ഞാപിച്ചു. ദ്വിവേദി മെല്ലെ അയാള്‍ക്ക് നേരെ തിരിഞ്ഞു.
“പത്തു സെക്കന്റ്…അതിനകം നീയും ഇവന്മാരും ഈ കോമ്പൌണ്ട് വിട്ടോണം…”
അയാള്‍ കടുവയെപ്പോലെ മുരണ്ടു. പ്രിയങ്കയുടെ ചുണ്ടിലെ പരിഹാസച്ചിരി പൌലോസ് കണ്ടു. അവള്‍ തന്റെ സ്തനങ്ങള്‍ തള്ളി, കതകില്‍ ചാരി ആടിയാടി നിന്നു രസിക്കുകയാണ്.
പെട്ടെന്ന് സിംഗിന്റെ കൈയില്‍ റിവോള്‍വര്‍ പ്രത്യക്ഷപ്പെട്ടു.
“നീ വരും”
അയാള്‍ മുരണ്ടു. പോലീസുകാര്‍ ജാഗ്രതയോടെ അവരെ വളഞ്ഞു. ദ്വിവേദിയുടെ ചുണ്ടുകളില്‍ ഒരു ചിരി വിരിയുന്നത് പൌലോസ് കണ്ടു. തുടര്‍ന്ന് എന്താണ് സംഭവിച്ചത് എന്ന് പൌലോസിനു മനസിലായില്ല.