“പൌലോസ് സര്‍..ആ കാണുന്ന വീടാണ്..പുറത്ത് കിടക്കുന്ന വണ്ടി ദ്വിവേദിയുടേതാണ്” സിംഗ് അല്‍പം മുന്‍പില്‍ ഇടതു വശത്തായി കാണപ്പെട്ട വലിയ വീട് ചൂണ്ടി പറഞ്ഞു.
“വണ്ടി അങ്ങോട്ട് വിട്..എന്തിനാണ് ഇവിടെ നിര്‍ത്തിയത്” പൌലോസ് ചോദിച്ചു.
“വണ്ടി ഇവിടെ ഇട്ടിട്ട് രഹസ്യമായി വീട് വളയാം എന്ന് കരുതിയാണ്..അത് വേണ്ടേ?” സിംഗ് ചോദിച്ചു.
“ഓകെ..അങ്ങനെയാകാം..”
“സാറ് വീടിന്റെ പിന്നില്‍ നില്‍ക്കുക. ഞങ്ങള്‍ മുന്‍പിലെത്തി അവനെ വിളിക്കാം..അവന്‍ പിന്നിലൂടെ പോകുന്ന ടൈപ് അല്ല..എന്നാലും ഒരു മുന്‍കരുതല്‍..” സിംഗ് വിശദീകരിച്ചു. പൌലോസ് അത് തലയാട്ടി സമ്മതിച്ചു.
വണ്ടിയില്‍ നിന്നും അവര്‍ ഏഴുപേരും ഇറങ്ങി ഇരുളിന്റെ മറ പറ്റി പ്രിയങ്കയുടെ വീട്ടിലേക്ക് ചെന്നു. അവര്‍ കോമ്പൌണ്ടില്‍ കയറിയപ്പോള്‍ത്തന്നെ വിവരം അറിയിച്ച അവളുടെ ഭര്‍ത്താവ് അവരെ കണ്ടുകഴിഞ്ഞിരുന്നു. അയാള്‍ വേഗം സിംഗിന്റെ അടുത്തെത്തി.
“അവന്‍ അകത്തുണ്ട് സര്‍….പിന്നിലെ വാതില്‍ ഞാന്‍ പുറത്ത് നിന്നും പൂട്ടിയിട്ടുണ്ട്..സാറവനെ വിളിച്ചോ..ഞാനാണ് പറഞ്ഞതെന്ന് പറയല്ലേ..” അയാള്‍ കൈകള്‍ കൂപ്പി.
“താന്‍ പേടിക്കാതെ..ഇന്നോടെ അവന്റെ കളി തീരും” സിംഗ് അത്ര ആത്മവിശ്വാസം ഇല്ലാതെയാണ് അത് പറഞ്ഞത്.
“സാറ് മാറി നിന്നോ..ഞങ്ങളെ അവനറിയാം..പരിചയമില്ലാത്ത സാറിനെ ഒപ്പം കണ്ടാല്‍ അവന്‍ സംശയിക്കാന്‍ ഇടയുണ്ട്..ഞാനവനെ മയത്തില്‍ പറഞ്ഞ് കൂടെ കൊണ്ടുപോകാന്‍ പറ്റുമോ എന്ന് ആദ്യമൊന്നു നോക്കാം. ഒതുക്കത്തില്‍ സ്റ്റേഷനില്‍ കിട്ടിയാല്‍ അവനെ പൂട്ടാന്‍ പറ്റിയേക്കും…”
സിംഗ് പറഞ്ഞു. പൌലോസ് തലയട്ടിയ ശേഷം അല്‍പ്പം മാറി ആര്‍ക്കും കാണാന്‍ പറ്റാത്ത ഒരിടത്ത് നിലയുറപ്പിച്ചു. താഴെ, സോക്സില്‍ തിരുകിയിരുന്ന സര്‍വീസ് റിവോള്‍വര്‍ തല്‍സ്ഥാനത്ത് തന്നെയുണ്ട് എന്നയാള്‍ ഒരിക്കല്‍ക്കൂടി ഉറപ്പ് വരുത്തി.
പ്രിയങ്കയുടെ ഭര്‍ത്താവ് വേഗം അവിടെ നിന്നും ഇരുട്ടിലേക്ക് മാറി. സിങ്ങും ഒപ്പമുള്ള പോലീസുകാരും വീടിന്റെ മുന്‍വാതില്‍ക്കല്‍ എത്തി പ്രത്യേക അകലം വിട്ടു നിലയുറപ്പിച്ചു. സിംഗ് എല്ലാവരെയും ഇരുട്ടില്‍ നില്‍ക്കുന്ന പൌലൊസിനെയും നോക്കി വലതു തള്ളവിരല്‍ ഉയര്‍ത്തി കാണിച്ച ശേഷം ബെല്ലിന്റെ സ്വിച്ചില്‍ വിരലമര്‍ത്തി. ഉള്ളില്‍ സംഗീതാത്മകമായ ബെല്ലിന്റെ മുഴക്കം അവര്‍ വെളിയില്‍ നിന്നു കേട്ടു. ശക്തമായി മിടിക്കുന്ന ഹൃദയവും മനസുമായി സിങ്ങും ഒപ്പമുള്ളവരും പ്രതികരണത്തിനായി കാത്തു. അല്‍പ്പം കഴിഞ്ഞപ്പോള്‍ കതകിനു സമീപത്തേക്ക് എത്തുന്ന പാദപതനശബ്ദം അവരുടെ കാതുകളിലെത്തി. സിംഗ് ജാഗരൂകനായി മറ്റുള്ളവരെ ഒരിക്കല്‍ക്കൂടി നോക്കി. മെല്ലെ കതക് തുറക്കപ്പെട്ടു.