മൃഗം 32 [Master]

Posted by

ശക്തമായി മിടിക്കുന്ന ഹൃദയത്തോടെ വെളിയില്‍ വന്ന പുന്നൂസ്, തീരെ പതിയ പാദപതന ശബ്ദങ്ങളും, ഒന്നിലേറെപ്പേരുടെ ശ്വാസോച്ഛ്വാസത്തിന്റെ പതിഞ്ഞ ശബ്ദവും കേട്ടു ഞെട്ടലോടെ ഒരു കര്‍ട്ടന്റെ ഉള്ളിലേക്ക് കയറി. നിഴലുകള്‍ പോലെ മൂന്ന് രൂപങ്ങള്‍ പിന്‍വാതിലിന്റെ ഭാഗത്ത് നിന്നും ഉള്ളിലേക്ക് വരുന്നത് കണ്ട അയാളുടെ ദേഹം ആ തണുത്ത രാത്രിയിലും വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു. ഉള്ളില്‍ കയറിയ ഡെവിള്‍സ് പ്രധാന ഹാളില്‍ എത്തി നിന്നു ചുറ്റും നോക്കി. അരണ്ടവെളിച്ചത്തില്‍ പുന്നൂസ് അവരെ സ്പഷ്ടമായി കണ്ടു. അയാളുടെ ദേഹം അനിയന്ത്രിതമായി വിറയ്ക്കുകയായിരുന്നു.
“എല്ലാ മുറികളും പരിശോധിക്കണം..നീ അങ്ങോട്ട്‌ പോ..നീ ആ മുറിയില്‍ നോക്ക്..ഇതിന്റെ ഉള്ളില്‍ ഞാന്‍ നോക്കാം”
സ്റ്റാന്‍ലി പതിഞ്ഞ സ്വരത്തില്‍ അര്‍ജ്ജുനും മാലിക്കിനും നിര്‍ദ്ദേശങ്ങള്‍ നല്‍കി.
“ഡെവിള്‍സ്…..”
പുന്നൂസിന്റെ അന്തരംഗം വിറയലോടെ മന്ത്രിച്ചു. അയാള്‍ തൊട്ടു മുന്‍പില്‍ നിന്നിരുന്ന കൊടിയ ആപത്തിനെ എന്ത് ചെയ്യണം എന്നറിയാതെ അന്ധാളിച്ച് നോക്കിനിന്നു. താന്‍ ഇവിടെയുണ്ട് എന്നറിഞ്ഞാല്‍ അടുത്ത നിമിഷം അവന്മാര്‍ തന്നെ കൊല്ലാന്‍ പോലും മടിക്കില്ല എന്നയാള്‍ക്ക് അറിയാമായിരുന്നു. ഭയം കാരണം പുന്നൂസിന്റെ മനസ്സില്‍ യാതൊരു മാര്‍ഗ്ഗവും തെളിഞ്ഞില്ല.
അപ്പോഴേക്കും അവര്‍ മൂവരും മൂന്ന് മുറികളില്‍ കയറിക്കഴിഞ്ഞിരുന്നു. പുന്നൂസ് രണ്ടും കല്‍പ്പിച്ച് വേഗം ഡോണയുടെ മുറിയിലേക്ക് ചെന്നു. അവളുടെ മുറിയില്‍ കയറിയത് മാലിക്ക് ആയിരുന്നു. അവന്റെ പിന്നാലെ തന്നെ അയാളും ഉള്ളില്‍ കയറി. ഉള്ളിലെത്തിയ മാലിക്ക് ടോര്‍ച്ച് പ്രകാശിപ്പിച്ച് കട്ടിലില്‍ കിടന്നുറങ്ങുന്ന ഡോണയുടെ മുഖത്തേക്ക് നോക്കി. പുന്നൂസിന് അവന്റെ മുഖം കാണാന്‍ സാധിച്ചില്ല. പുന്നൂസ് ഉള്ളില്‍ കയറിയ വിവരം മാലിക്ക് അറിഞ്ഞുമില്ല. അടുത്ത നിമിഷം മാലിക്ക് തന്റെ വലതുകൈയില്‍ പിടിച്ചിരുന്ന സ്പോഞ്ച് പോലെയുള്ള ഒരു വസ്തു അവളുടെ മുഖത്ത് അമര്‍ത്തി. തൊട്ടടുത്ത നിമിഷം തന്നെ പുന്നൂസ് അവന്റെ നേരെ ചാടി വീണുകഴിഞ്ഞിരുന്നു.
“ഹേയ്..”
മാലിക്ക് അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ പകച്ച് താഴേക്ക് വീണുപോയി. പുന്നൂസ് അവന്റെ ദേഹത്തേക്ക് ചാടിക്കയറി ഇരുന്ന് അവനെ ഇടിക്കാന്‍ തുടങ്ങി. പക്ഷെ വേഗം തന്നെ സമനില വീണ്ടെടുത്ത മാലിക്ക് അയാളെ കുടഞ്ഞെറിഞ്ഞു. മാലിക്കിന്റെ ശബ്ദം കേട്ട് സ്റ്റാന്‍ലിയും അര്‍ജ്ജുനും അവിടേക്ക് പാഞ്ഞെത്തി. മുറിയിലെ ലൈറ്റ് ഓണായി. മാലിക്കിന്റെ കൈപ്പിടിയില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന പുന്നൂസിനെയും ബോധമില്ലാതെ കട്ടിലില്‍ കിടക്കുന്ന ഡോണയെയും അവര്‍ കണ്ടു.
“ഇവന്‍ ഉണര്‍ന്നിരിക്കുകയായിരുന്നു…” മാലിക്ക് പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു.
“അവളെ നീ ബോധം കെടുത്തിയില്ലേ?” അര്‍ജ്ജുന്‍ ചോദിച്ചു.
“ഉവ്വ്”
“ഇവന്റെ ഭാര്യ എവിടെ..”

Leave a Reply

Your email address will not be published. Required fields are marked *