“ഡോണ്ട് മൂവ്” ആ രൂപം മുരണ്ടു.
നിമിഷനേരം കൊണ്ട് മാലിക്കിന്റെ ടോര്‍ച്ച് പ്രകാശിച്ചു. ഇരുട്ടില്‍ നിന്നിരുന്ന അക്ബറിന്റെ മുഖം തൊട്ടുമുന്‍പില്‍ സ്റ്റാന്‍ലി കണ്ടു. അടുത്ത നിമിഷം തന്നെ അവന്റെ കൈ അക്ബറിന്റെ കഴുത്തില്‍ ശക്തമായി പതിഞ്ഞു. ചെറിയ ഒരു ഞരക്കത്തോടെ അക്ബര്‍ നിലത്തേക്ക് വെട്ടിയിട്ട വാഴ പോലെ കുഴഞ്ഞു വീണു.
“ഇവന്റെ പണി തീര്‍ക്കണോ?”
അക്ബറിനെ കാലുകൊണ്ട് തട്ടി നീക്കിയിട്ടുകൊണ്ട് സ്റ്റാന്‍ലി മറ്റു രണ്ടുപേരോടുമായി ചോദിച്ചു.
“വേണ്ട..അവന്റെ ബോധം പോയില്ലേ..വായില്‍ തുണി തിരുകി ഇവിടെങ്ങാനും കെട്ടിയിടാം..സമയമില്ല കളയാന്‍” അര്‍ജ്ജുനാണ് അത് പറഞ്ഞത്.
മാലിക്ക് വേഗം തന്നെ പോക്കറ്റില്‍ നിന്നും ഒരു ചരട് എടുത്ത് അക്ബറിന്റെ കൈകളും കാലുകളും കൂട്ടിക്കെട്ടി. പിന്നെ അവന്റെ വായ തുറന്ന് അണ്ണാക്കില്‍ തുണി തിരുകിയ ശേഷം അവനെ ഒരു തൂണില്‍ കെട്ടിയിട്ടു.
“കമോണ്‍..ക്യുക്ക്” സ്റ്റാന്‍ലി മുന്‍പോട്ടു നടന്നുകൊണ്ട് പറഞ്ഞു.
വീടിന്റെ പിന്നിലെത്തിയ സ്റ്റാന്‍ലി ഗേറ്റിന്റെ പൂട്ട് തുറക്കാന്‍ എടുത്ത അതെ ആയുധം എടുത്ത് പിന്‍വാതില്‍ സ്കാന്‍ ചെയ്തു. പിന്നെ ഏതാണ്ട് രണ്ടുമിനിറ്റ് സമയം കൊണ്ട് അവന്‍ അതിന്റെ ലോക്ക് ഉള്ളില്‍ നിന്നും യാതൊരു വിധ ശബ്ദവും ഉണ്ടാക്കാതെ തുറന്നു.
“കമോണ്‍..” അവന്‍ പതിഞ്ഞ ശബ്ദത്തില്‍ മന്ത്രിച്ചു. ഉള്ളില്‍ കയറിയ ഡെവിള്‍സ് പിന്നിലെ കതക് ഉള്ളില്‍ നിന്നും പൂട്ടി. ദൂരെ എവിടെയോ ഒരു നായ ദയനീയമായി ഓലിയിടുന്ന ശബ്ദം അന്തരീക്ഷത്തില്‍ പ്രതിധ്വനിച്ചു.
ഡോണ നല്ല ഉറക്കത്തിലേക്ക് വഴുതി വീണു കഴിഞ്ഞിരുന്നു. ഉറങ്ങാന്‍ കിടന്നാല്‍ അവള്‍ വേഗത്തില്‍ ഉറങ്ങും. പിന്നെ എഴുന്നേല്‍ക്കുക രാവിലെ അഞ്ചുമണിക്ക് മാത്രമാണ്.
പക്ഷെ പുന്നൂസ്, ഡെവിള്‍സ് ഉള്ളില്‍ കയറിയ നിമിഷം തന്നെ വിവരം അറിഞ്ഞു കഴിഞ്ഞിരുന്നു. മുന്‍വാതിലും പിന്‍വാതിലും രാത്രി ആര് തുറന്നാലും അയാളുടെ മുറിയില്‍ ചെറിയ ഒരു അലാറം അടിക്കുന്ന സംവിധാനം കുറെ നാളുകളായി ചെയ്ത് വച്ചിട്ടുണ്ടായിരുന്നു. പുന്നൂസിന്റെ കട്ടിലിന്റെ തലയുടെ ഭാഗത്താണ് അലാറം ഘടിപ്പിച്ചിരുന്നത്. ചെറിയ ശബ്ദം പുറപ്പെടുവിക്കുന്ന അതിന്റെ വിറയല്‍ അറിഞ്ഞ അതെ നിമിഷം തന്നെ പുന്നൂസ് ചാടി എഴുന്നേറ്റു. ലൈറ്റ് ഓണാക്കാന്‍ അയാള്‍ ആദ്യം കൈ നീട്ടി എങ്കിലും വേഗം തന്നെ അത് വേണ്ട എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഇരുട്ടിലൂടെ, ഭാര്യയെപ്പോലും അറിയിക്കാതെ മുറിയുടെ പുറത്തേക്ക് ഇറങ്ങി. റിവോള്‍വര്‍ ഡോണയുടെ കൈവശം ആയിരുന്നത് കൊണ്ട് അയാള്‍ വെറും കൈയോടെ ആണ് പുറത്തിറങ്ങിയത്.