രശ്മിയുടെ മരണം ഒരു ആത്മഹത്യയാണെന്ന് അടിവരയിടുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് ആയിരുന്നു അത് മൃതദേഹത്തിന് വയറ്റിൽ കണ്ടെത്തിയ വെള്ളം സൂചിപ്പിക്കുന്നത് വെള്ളത്തിൽ വീണ ശേഷം ആയിരിക്കാം മരണം സംഭവിച്ചത് എന്നാണ്. ഒരുപക്ഷേ രക്ഷപ്പെടാൻ വേണ്ടി ആയിരിക്കാം വെള്ളത്തിലേക്ക് ചാടിയത് എന്നവൻ ഊഹിച്ചു.
അത് മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ അരുൺ കൂടുതൽ സംശയത്തിലേക്ക് നീങ്ങുകയാണ് ചെയ്തത്. രശ്മി ആത്മഹത്യ ചെയ്തതാണെങ്കിൽ എന്തിന് വീട്ടിൽ നിന്നിറങ്ങി പത്തുദിവസം കാത്തിരുന്നു. എന്തിന് തീ കൊളുത്തിയ ശേഷം വെള്ളത്തിൽ ചാടി. അതിനൊന്നും ഉത്തരം കിട്ടാതെ അവന്റെ മനസ്സ് ഉഴറാൻ തുടങ്ങി.
അരുൺ പോസ്റ്റ്മോർട്ടം റിപ്പോർട്ട് മേശയിലേക്ക് വയ്ക്കാനായി വലിപ്പ് തുറന്നപ്പോഴാണ് രാവിലെ കിട്ടിയ കടലാസ് വീണ്ടും അവരുടെ ശ്രദ്ധയിൽപെട്ടത്. അവൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് മേശയിലേക്ക് വെച്ച് ആ കടലാസ് വീണ്ടും പുറത്തേക്കെടുത്തു.
അവന്റെ മിഴികൾ ആ വരികൾക്കിടയിലൂടെ വീണ്ടും വീണ്ടും അരിച്ചിറങ്ങി. അത് വായിച്ച് കഴിഞ്ഞപ്പോഴാണ് അതിനെക്കുറിച്ച് ജോയ് ചേട്ടനോട് ചോദിച്ചില്ലല്ലോ എന്ന് അരുണിന് ഓർമ്മവന്നത്. അവൻ ജോയി ചേട്ടനെ കാണാൻ ഉള്ള തീരുമാനത്തോടെ കസേരയിൽ നിന്ന് എഴുന്നേറ്റു.
അരുൺ ഓഫീസിലെ വാതിൽ അടച്ച ശേഷം വേഗം തന്നെ സ്റ്റെപ്പുകൾ ഇറങ്ങി ജോയി ചേട്ടന്റെറൂമിന്റെ വാതിലിൽ തട്ടി വിളിച്ചു. “ജോയിച്ചേട്ടാ ഒന്ന് വാതിൽ തുറക്കൂ.”
“ഇപ്പോൾ തുറക്കാം മോനേ ഉറക്കച്ചടവോടെയുള്ള ജോയിച്ചേട്ടന്റെ ശബ്ദം അവനെ തേടിയെത്തി.
അരുൺ അക്ഷമനായി പുറത്ത് ജോയിച്ചേട്ടനെ കാത്തിരിക്കാൻ തുടങ്ങി. അൽപ സമയം കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് ജോയിച്ചേട്ടൻ പുറത്തേക്കിറങ്ങി വന്നു. ഒരു ലുങ്കിയും പഴയ ഷർട്ടുമായിരുന്നു അയാളുടെ വേഷം. “എന്താ സാറെ വിളിച്ചത്.” അയാൾ ഉറക്കച്ചടവോടെ ചോദിച്ചു.
“ജോയിച്ചേട്ടാ ഇന്നലെയോ മിനിഞ്ഞാന്നോ എന്റെ ഓഫീസിലേക്ക് ആരെങ്കിലും വന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നോ ഒരു പക്ഷേ അത് രാത്രി ആവാം അല്ലെങ്കിൽ പകലുമാവാം.” അരുൺ നേരെ വിഷയത്തിലേക്ക് കടന്നു. ഉറക്കച്ചടവിൽ അയാളെ കൂടുതൽ ബുദ്ധിമുട്ടിക്കണ്ട എന്ന തീരുമാനം കൊണ്ടായിരുന്നു അത്.
“ഉവ്വ് കുഞ്ഞേ. ഒരാൾ വന്നിരുന്നു. അയാൾ നിങ്ങളുടെ ഓഫീസിൽ വന്നതിനുശേഷം എന്റെ അടുത്തു വന്നിരുന്നു. നിങ്ങളുടെ ഓഫീസ് തുറക്കാത്തത് എന്തുകൊണ്ടാണ് എന്നന്വേഷിക്കാൻ ആണ് അയാൾ എന്റെ അടുത്ത് വന്നത്. ഞാൻ അയാൾക്ക് അറിയില്ലെന്നും മറുപടി നൽകി.”
“ജോയി ചേട്ടാ.. അങ്ങനെയല്ല. സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും എന്റെ ഓഫീസിന്റെ പരിസരത്തെ കണ്ടിരുന്നോ.?”
“അങ്ങനെ ചോദിച്ചാൽ പറയാൻ അല്പം ബുദ്ധിമുട്ടുണ്ട്. എല്ലാ ദിവസങ്ങളിലും രാത്രിയിൽ കുറെ ആളുകൾ വരാറുണ്ടായിരുന്നു. അവരോട് കാര്യങ്ങൾ ഒന്നും തിരക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല. എല്ലാവരും ഒരുമാതിരി ക്രിമിനൽ ആണെന്നു തോന്നുന്നവരായിരുന്നു.”