ഡിറ്റക്ടീവ് അരുൺ 7 [Yaser]

Posted by

“അച്ഛാ ഞാൻ പറഞ്ഞത് അല്പം കൂടി പോയോ എന്നൊരു സംശയം. അയാൾ വല്ലാതെ സങ്കടപ്പെട്ട് ആണ് ഇറങ്ങിപ്പോയത് എന്നൊരു തോന്നൽ.” അരുൺ പോയതിനു ശേഷമാണ് ചന്ദ്രിക ശേഖരനോട് പറഞ്ഞത്.

“നീ പറഞ്ഞത് അല്പം കടുത്തുപോയി എന്ന തോന്നൽ എനിക്കും ഇല്ലാതില്ല. പക്ഷേ അവനിൽ എനിക്കൊരു താല്പര്യം തോന്നിയിട്ടുണ്ട്. ഞാൻ അവളെ കുറിച്ചൊന്നും അന്വേഷിക്കട്ടെ. നീ കാണുന്ന കാഴ്ച ആയിരിക്കില്ല എനിക്ക് അവനിൽ കാണാൻ കഴിയുക.”

“അച്ഛാ വേണ്ടാട്ടോ. എനിക്ക് കുറെ കാലം കൂടി അച്ഛന്റെ മോളായി ഇവിടെ ജയിച്ചതിനു ശേഷം മതി കല്യാണം. അതുകൊണ്ട് അച്ഛൻ തിരക്കിട്ട ഒരു തീരുമാനം എടുക്കരുത്. ഞാൻ ഏതായാലും മുകളിലേക്ക് പോകട്ടെ. വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം പൂർത്തിയാക്കാനുണ്ട്.” ശേഖര നോട് അങ്ങനെ പറഞ്ഞശേഷം ചന്ദ്രിക തന്റെ മുറിയിലേക്ക് നടന്നു. അവൾ കയറി പോകുന്നത് നോക്കി ശേഖരൻ നിന്നു.

അരുൺ വളരെ നിരാശയോടെ ആയിരുന്നു വണ്ടിയോടിച്ചത്. ചന്ദ്രികയുടെ അച്ഛന്റെ പെരുമാറ്റം അവൻ പ്രതീക്ഷിച്ചത് പോലെ തന്നെയായിരുന്നു. എന്നാൽ ചന്ദ്രികയുടെ പെരുമാറ്റമായിരുന്നു അവന്റെ ചിന്തകളെ തകിടം മറിച്ചത്. അവൾ തന്നെ വല്ലാതെ നാണം കെടുത്തി എന്ന് അവനു തോന്നി. അവന്റെ മിഴികൾ തുളുമ്പിയില്ലെങ്കിലും നിറഞ്ഞു തന്നെ നിന്നു.

അവൻ നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു. കുറേസമയം കടൽക്കരയിൽ തനിച്ചിരിക്കാൻ ആണ് അവനു തോന്നിയത്. സങ്കടങ്ങൾ തുടച്ചുമാറ്റാൻ കടലിന് ഒരു പ്രത്യേക കഴിവുണ്ടെന്ന് അവനു തോന്നി.

ഉച്ചസമയം ആയിരുന്നതിനാൽ ബീച്ചിൽ ആളുകൾ കുറവായിരുന്നു. അവൻ ഒരു കാറ്റാടി മരത്തിൻ ചുവട്ടിൽ സ്ഥാപിച്ചിരുന്ന സിമന്റ് ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു. ആർത്തിരമ്പുന്ന കടൽ പോലെ തന്റെ മനസ്സും ആർത്തിരമ്പുന്നത് അവൻ തിരിച്ചറിഞ്ഞു.

കുറെ സമയം തനിച്ചിരുന്നപ്പോൾ ചന്ദ്രികയെ കുറിച്ചുള്ള ചിന്ത രശ്മി യിലേക്ക് വഴിമാറി. അപ്പോഴാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ അസിസ്റ്റന്റ് കാണണമല്ലോ എന്ന് അവന് ഓർമ്മവന്നത്. അവൻ വേഗം എഴുന്നേറ്റു ബൈക്കിനു അടുത്തേക്ക് നടന്നു. എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിൽ എത്തണമല്ലോ എന്ന ചിന്തയായിരുന്നു അപ്പോൾ അവനെ ഭരിച്ചത്.

അരമണിക്കൂർ കൊണ്ട് അരുൺ മെഡിക്കൽ കോളേജിൽ എത്തി. താൻ മുമ്പ് പറഞ്ഞ ഏൽപ്പിച്ചിരുന്നു അസിസ്റ്റന്റ് പോസ്റ്റ്മോർട്ടം ഡോക്ടറുടെ കയ്യിൽനിന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ഒരു കോപ്പി അവൻ കൈക്കലാക്കി. അതുമായി അവൻ മടങ്ങിയത് ഓഫീസിലേക്ക് ആയിരുന്നു.

തന്റെ ചെയറിൽ ഇരുന്നു അതിനു ശേഷം മാത്രമാണ് അരുൺ കവർ തുറന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട് എടുത്തു വായിക്കാൻ തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *