“എന്താ അച്ഛാ.” ചന്ദ്രിക വാതിൽ തുറന്നു കൊണ്ട് ശേഖരൻ ആയി ചോദിച്ചു.
“അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല മോളെ. നിനക്ക് കല്യാണം ആലോചിച്ചു കൊണ്ട് ഒരാൾ വന്നിട്ടുണ്ട്. അതിനായി വിളിച്ചതാണ്.”
“ഞാൻ അച്ഛനോട് പറഞ്ഞതല്ലേ എനിക്കിപ്പോൾ ഒന്നും കല്യാണം വേണ്ടാന്ന്. എന്റെ പഠനം ഒക്കെ കഴിയട്ടെ. അതുകഴിഞ്ഞ് ഒരു ജോലി കടി കിട്ടിയിട്ടും മതി എന്റെ കല്യാണം എന്നാണ് എന്റെ ആഗ്രഹം.”
“ഇത് ഞങ്ങൾ ആയി ആലോചിച്ച് ഉണ്ടാക്കിയ കല്യാണം ഒന്നും അല്ല മോളെ. നിന്റെ ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ട് വിവാഹ ആലോചനയുമായി വന്നതാണ്. അരുൺ എന്നോ മറ്റോ ആണ് പേര് പറഞ്ഞത്.”
“ഓ… എന്റെ ദൈവമേ.. ആ കാലമാടൻ ഇവിടേം വന്നോ. എന്താണ് ദൈവമേ.. എല്ലാ മരണങ്ങളും കൂടി എന്റെ നെഞ്ചത്തോട്ട് ആണല്ലോ കെട്ടി എടുക്കുന്നത്.” അവൾ നെഞ്ചിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.
” എന്നാൽ ഞാൻ അയാളെ പറഞ്ഞു വിട്ടേക്കാം മോളെ. നീ നിന്റെ ജോലി തുടർന്നോളൂ.” ശേഖരൻ സ്റ്റെയർകേസിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു.
“ഇല്ല അച്ഛാ. ഞാനും വരുന്നുണ്ട് താഴേക്ക്. എനിക്ക് അയാളോട് രണ്ട് വർത്തമാനം പറയാനുണ്ട്.” ചന്ദ്രിക ശേഖരനെ അനുഗമിച്ചു കൊണ്ട് പറഞ്ഞു.
ശേഖരനും ചന്ദ്രികയും സിറ്റൗട്ടിലേക്ക് ചെല്ലുമ്പോൾ അരുൺ ചായ കുടിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു. ശാരദയായിരുന്നു അവന് ചായ കൊണ്ടുപോയി കൊടുത്തത്.
” എന്ത് കാണാനാണോ തന്നെ ഇപ്പോൾ ഇങ്ങോട്ട് കെട്ടി എടുത്തത്.” ചോദ്യം സിറ്റൗട്ടിലേക്ക് എത്തിയ ചന്ദ്രികയുടെ വകയായിരുന്നു. അരിശത്തോടെ ആയിരുന്നു അവളുടെ ചോദ്യം.
അരുൺ ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി. ചന്ദ്രികയെ കണ്ടപ്പോൾ അവന്റെ മുഖം വിടർന്നു. “തന്നെ കാണാൻ ആയിട്ട് തന്നെയാ ഇങ്ങോട്ട് വന്നത്.” അവൻ പുഞ്ചിരിയോടെ മറുപടി നൽകി.
“എടോ തനിക്ക് നാണം ആകുന്നില്ലേ.? ഫോട്ടോ കണ്ടു ഇഷ്ടപ്പെട്ടു, ശബ്ദം കേട്ട് ഇഷ്ടപ്പെട്ടു എന്നൊക്കെ പറഞ്ഞു പിന്നാലെ നടക്കാൻ. എന്നിട്ട് നേരെ വന്നിരിക്കുന്നു പെണ്ണ് ആലോചിക്കാൻ. തന്റെ മനസ്സിൽ തോന്നിയ ഇഷ്ടം എന്റെ മനസ്സിൽ ഉണ്ടോ എന്നുപോലും ആലോചിക്കാതെ. ഛെ..” പുച്ഛത്തോടെ യും അവജ്ഞയോടെയുമായിരുന്നു ചന്ദ്രികയുടെ മറുപടി.
“ഞാൻ വന്നത് തെറ്റാണെങ്കിൽ ക്ഷമിക്കണം. വളഞ്ഞ വഴികൾ ഒന്നും വലിയ പരിചയമില്ല. എനിക്ക് പകരം പറഞ്ഞയക്കാൻ അച്ഛനും അമ്മയും എനിക്കില്ല. താൻ ഇത്രയൊക്കെ പറഞ്ഞിട്ടും ഒരു ഉളുപ്പുമില്ലാതെ ഇവിടെ ഇങ്ങനെ നിൽക്കാൻ എന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ല. ഞാൻ ഇറങ്ങുകയാണ്.” അരുൺ കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
അരുൺ പതിയെ സ്റ്റെപ്പുകൾ ഇറങ്ങി തിരിഞ്ഞുനോക്കാതെ തന്റെ ബൈക്കിനടുത്തെത്തി. അവന്റെ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു. അവൻ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു ബൈക്ക് മുന്നോട്ടെടുത്തു. ഗേറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങിയ ബൈക്ക് റോഡിലെ തിരക്കിൽ ലയിച്ചുചേർന്നു.