“ഓ… രശ്മിയെ കുറിച്ച് അറിയാൻ ചന്ദ്രികയോട് തിരക്കാൻ വന്നതായിരിക്കും അല്ലേ.” അരുൺ പരിചയപ്പെടുത്തിയതിൽ നിന്ന് അരുണിന്റ ലക്ഷ്യം അതാവുമെന്ന് ഊഹിച്ചു കൊണ്ട് ആശ്വാസത്തോടെ ശേഖരൻ അരുണിനോട് ചോദിച്ചു.
“അല്ല അങ്കിളേ, രശ്മിയുടെ കേസന്വേഷണത്തിന്റെ ഇടയിലാണ് അങ്കിളിന്റെ മകൾ ചന്ദ്രികയുടെ ഫോട്ടോ ഞാൻ കണ്ടത്. അപ്പോൾ മുതൽ എനിക്ക് അങ്കിളിന്റെ മോളെ കെട്ടിയാൽ കൊള്ളാം എന്നൊരു തോന്നൽ. അതിന്റെ അടിസ്ഥാനത്തിൽ ഒരു കല്യാണ ആലോചനയുമായാണ് ഞാനത്തിയത്.” ചെറിയൊരു ഭയത്തോടെയാണ് അരുണത് പറഞ്ഞ് അവസാനിപ്പിച്ചത്.
“അതിന് എന്റെ മകളിത് വരെ കല്യാണത്തിന് സമ്മതിച്ചിട്ടില്ല. അത് കൊണ്ട് തന്നെ എന്റെ മകളുടെ വിവാഹം ഞങ്ങളിപ്പോൾ നോക്കുന്നുമില്ല.” അൽപം ഗൗരവത്തിൽ തന്നെയായിരുന്നു ശേഖരന്റെ മറുപടി.
“സോറി അങ്കിൾ ആരും പറഞ്ഞിട്ടല്ല ഞാൻ വന്നത്. സ്വന്തം ഇഷ്ടപ്രകാരം വന്നതാണ്. അവളുടെ ഫോട്ടോ കണ്ടപ്പോൾ മുതൽ അവളെന്റേേേതാവണമെന്ന ഒരാഗ്രഹം. അതാണ് ഇന്നെന്നെ ഇവിടെ എത്തിച്ചത്. ചന്ദ്രികക്ക് പോലും ഞാനിവിടെ വരുമെന്ന കാര്യം അറിവുണ്ടാവില്ല.” അരുൺ താൻ വരാനുള്ള സാഹചര്യം ശേഖരനോട് വിശദീകരിച്ചു.
“തൽക്കാലം മോൻ ചെല്ല്. ഞാനിപ്പോ എന്റെ മോൾക്ക് കല്യാണം ഒന്നും നോക്കുന്നില്ല. നോക്കുമ്പോൾ അറിയിക്കാം.” പുച്ഛത്തോടെ ആയിരുന്നു ശേഖരന്റെ മറുപടി.
“പ്രണയിച്ചു നടക്കാനും വലിയ ആഗ്രഹമില്ല അങ്കിളേ. അതുകൊണ്ടാണ് ഞാൻ നേരിട്ട് വന്നത്. അങ്കിളിന് താൽപര്യമില്ലെങ്കിൽ ഈ ആലോചനയുമായി മുന്നോട്ടു പോകാൻ എനിക്ക് താൽപര്യം ഇല്ല. സമയവുമില്ല.” അരുൺ പോകാൻ എഴുന്നേറ്റു കൊണ്ട് പറഞ്ഞു. അവൻ സ്റ്റെപ്പിനു നേർക്ക് നടന്നു. അവന്റെ മനസ്സിനെ നിരാശ വല്ലാതെ കാർന്നു തിന്നുന്നുണ്ടായിരുന്നു.
“എടോ പോകാൻ വരട്ടെ. താൻ എന്തായാലും ഇവിടെ വരെ വന്നതല്ലേ. ഞാൻ മോളോട് ഒന്ന് സംസാരിച്ചിട്ട് വരാം.” വീണ്ടുവിചാരം ഉണ്ടായതുപോലെ ശേഖരൻ അരുണിനോട് പറഞ്ഞു.
അരുൺ ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് വീണ്ടും സിറ്റൗട്ടിലെ സ്റ്റെപ്പുകൾ കയറി. ശേഖരൻ അകത്തേക്ക് കയറുന്നത് നോക്കിക്കൊണ്ട് അരുൺ കസേരയിലേക്ക് ഇരുന്നു.
ശേഖരൻ സിറ്റൗട്ടിൽ നിന്നും തിരിഞ്ഞ് അകത്തേക്ക് കയറിപ്പോയി. സ്റ്റെപ്പുകൾ കയറി അയാൾ എത്തിയത് ചന്ദ്രികയുടെ മുറിക്കു മുന്നിൽ ആയിരുന്നു. ആ വാതിൽ അപ്പോഴും അടഞ്ഞു കിടക്കുകയായിരുന്നു. അയാൾ മൃദുവായി വാതിലിൽ മുട്ടി വിളിച്ചു. “മോളെ… തത്തേ.. വാതിൽ തുറക്ക്.”
ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകം വായിച്ചു കൊണ്ട് കിടക്കുകയായിരുന്ന ചന്ദ്രിക അച്ഛന്റെ വിളികേട്ട് പുസ്തകം ഡിപ്പോയിലേക്ക് വെച്ചു. കണ്ണട ഊരി കണ്ണടയുടെ കവറിലേക്ക് വെച്ചശേഷം മുടി വാരി ചുറ്റി കൊണ്ട് അവൾ വാതിലിനടുത്തേക്ക് നടന്നു.