ഡിറ്റക്ടീവ് അരുൺ 7 [Yaser]

Posted by

അരുൺ കണ്ണാടിയിൽ നോക്കി മുടി ഒന്ന് ചീകിയൊതുക്കി. ഷർട്ടിന്റെ കോളറും ഷർട്ടിന്റെ കയ്യും മടക്കി വെച്ചത് ശരിയാണെന്ന് ഒരിക്കൽകൂടി നോക്കി ഉറപ്പു വരുത്തി. ബൈക്കിന്റെ താക്കോലും കൂളിംഗ് ഗ്ലാസും മേശയിൽ നിന്ന് എടുക്കാൻ അവൻ മറന്നില്ല.

അരുൺ ബൈക്ക് കയറി സ്റ്റാർട്ട് ചെയ്തു. ഹെൽമെറ്റ് വെച്ചാൽ മുടി ചീകിയൊതുക്കിയതിന്റെ ഭംഗി നഷ്ടപ്പെടുമോ എന്ന് കരുതി അവൻ മനപ്പൂർവ്വം ഹെൽമെറ്റ് ഉപേക്ഷിച്ചു. (ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ നിർബന്ധമായും ഹെൽമെറ്റ് ധരിക്കുക)

ചന്ദ്രികയുടെ വീട്ടിലേക്കുള്ള വഴി കൃത്യമായി അറിയാത്തതിനാൽ വഴിയിലുള്ള ആളുകളോട് ചോദിച്ചറിഞ്ഞ് അരുൺ ചന്ദ്രികയുടെ വീട്ടിലെത്തി. ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറിയപ്പോഴേ കണ്ടു, സിറ്റൗട്ടിൽ ഇരുന്ന് പത്രവായനയിൽ മുഴുകിയിരിക്കുന്ന ചന്ദ്രികയുടെ അച്ഛൻ ശേഖരനെ.

അരുൺ ബൈക്ക് നിർത്തിയ ശബ്ദം കേട്ട് ശേഖരൻ വായിച്ചു കൊണ്ടിരുന്ന പത്രത്തിൽ നിന്നും മുഖമുയർത്തി. അയാൾക്ക് അരുണിനെ മനസ്സിലായില്ല. അയാൾ വീണ്ടും വീണ്ടും അവനെ തന്നെ നോക്കി.

അരുൺ ബൈക്ക് സ്റ്റാൻഡിൽ വച്ച് അതിൽ നിന്ന് ഇറങ്ങി. ആ നിമിഷം അവന് ചെറിയൊരു ഭയം തോന്നി. പക്ഷേ ഇത് തന്റെ ആവശ്യമാണെന്ന ചിന്ത അവന്റെ മനസ്സിൽ എത്തിയതോടെ ആ ഭയം അവനെ വിട്ടകന്നു. അവന്റെ ചുവടുകൾ യാന്ത്രികമായി സിറ്റൗട്ടിന്റെ സ്റ്റപ്പുകളെ സമീപിച്ചു.

“നിങ്ങളാരാ, എവിടുന്നാ, എനിക്ക് നിങ്ങളെ മനസ്സിലായില്ല കേട്ടോ, അതുകൊണ്ടാ.” ക്ഷമാപണത്തോടെ ഒപ്പമുള്ള ശേഖരൻ ചോദ്യശരങ്ങൾ അരുണിനു നേർക്ക് മുഴങ്ങി.

“അതൊക്കെ പറയാം അങ്കിളേ.. ഞാൻ അകത്തേക്ക് കയറിക്കോട്ടെ.” അരുൺ ചെരിപ്പുകൾ അഴിച്ചു വെച്ച ശേഷം ചെറു പുഞ്ചിരിയോടെ ചോദിച്ചു. തന്റെ തന്റെ ഹൃദയമിടിപ്പിന്റെ താളം വർദ്ധിച്ചത് അരുണിന് തന്നെ മനസ്സിലാക്കുന്നുണ്ടായിരുന്നു.

“ഓ… അതിനെന്താ മോനെ. കയറി ഇരിക്ക്. അയാൾ വിടർന്ന ചിരിയോടെ അരുണിനെ സിറ്റൗട്ടിലേക്ക് ക്ഷണിച്ചു. “ശാരദേ രണ്ട് ഗ്ലാസ് ചായ എടുക്ക്.” അയാൾ അകത്തേക്ക് നോക്കി ഭാര്യയോടായി വിളിച്ചു പറഞ്ഞു.

അരുൺ സിറ്റൗട്ടിലേക്ക് കയറി അവിടെയുണ്ടായിരുന്ന കസേരകളിലൊന്നിൽ ഇരുന്നു. അവൻ ശേഖരത്തിലെ മുഖത്തേക്ക് നോക്കിയപ്പോൾ അയാൾ തന്നെത്തന്നെ നോക്കി നിൽക്കുന്നതാണ് അവൻ കണ്ടത്. താനാരാണെന്ന് അറിയാനുള്ള ആകാംക്ഷ അവൻ അയാളുടെ മുഖത്തു നിന്നും വായിച്ചെടുത്തു.

“അങ്കിൾ എന്റെ പേര് അരുൺ. ഞാൻ ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്. കാണാതായ രശ്മി ചന്ദ്രന്റെ തിരോധാനം അന്വേഷിക്കുന്നത് ഞാനാണ്.” അരുൺ തന്നെ ശേഖരണം മനസ്സിലാക്കാൻ വേണ്ടി രശ്മിയുടെ തിരോധാന കേസ് കൂടി എടുത്തു പറഞ്ഞ് പരിചയപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *