……………….
“ഇല്ല അവിടെയും ആളുകൾ നിൽക്കുന്നുണ്ട്.”
……………….
“ശരി ഫോൺ ചെയ്യുന്നത് കേട്ടാൽ അപ്പോൾ തന്നെ പണി കൊടുത്തോളാം.”
………………
“ഇല്ല അവനുമായി സന്ധിക്കാനുള്ള സമയം കിട്ടിയിട്ടില്ല.”
അത്രയും കേട്ടപ്പോഴേക്കും നന്ദൻ മേനോന് ഭയം കൂടി. അയാൾ പിൻവത്ത് പോയി നോക്കി. അവിടെ ഒരു നിമിഷം ശ്വാസമടക്കി നിന്നപ്പോൾ പുറത്ത് നിന്ന് ശ്വസിക്കുന്ന ശബ്ദം അവൻ കേട്ടു. പുറത്തും ആളുണ്ടെന്ന് അയാൾക്ക് മനസ്സിലായി.
അയാൾ വേഗം മൊബൈലെടുത്ത് അരുണിന്റെ നമ്പറിലേക്ക് ഒരു മെസേജ് ടൈപ്പ് ചെയ്തു. I have enemies around me. If anything happens to me, Find out my voice recorder and laptop അയാളത് അയച്ച ശേഷം പെട്ടന്ന് തന്നെ അത് ഡിലീറ്റ് ചെയ്തു.
നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ആരോ വാതിലിൽ പതിയെ മുട്ടുന്നത് നന്ദൻ കേട്ടു. ഭയത്തോടെയാണെങ്കിലും അയാൾ ചെന്ന് വാതിൽ തുറന്നു. ആയുധങ്ങൾ ഏന്തിയ ഇരുപതോളം യുവാക്കളുടെ സംഘമാണ് പുറത്ത് നിൽക്കുന്നതെന്ന് അയാൾ കണ്ടു. അവരുടെ നേതാവ് രാകേഷ് തന്നെയായിരുന്നു.
അവർ തന്നെ ആക്രമിക്കാൻ തുനിയാത്തത് കണ്ട് നന്ദൻ മേനോന് ചെറിയ ധൈര്യമൊക്കെ തോന്നി. അയാൾ തിരിഞ്ഞ് അകത്തേക്ക് കടന്നു. പുറകേ ആ സംഘവും.
“എന്നെ മനസ്സിലായിക്കാണുമല്ലോ അല്ലേ.?” അകത്തേക്ക് കയറിയ രാകേഷിന്റേതായിരുന്നു ആ ചോദ്യം.
“രാകേഷ്.” നന്ദൻ മേനോൻ പതിയെ പറഞ്ഞു.
“അപ്പോൾ ചേട്ടന് എന്റെ പേരൊക്കെ അറിയാം അല്ലേ. അപ്പോൾ ഞങ്ങളെന്തിനാ വന്നതെന്ന് അറിയുമോ.?”
“വ്യക്തമായി അറിയില്ല. എന്നെ കൊല്ലാനാണെന്ന് തോന്നുന്നു.”നന്ദൻ മേനോൻ തല താഴ്തിക്കൊണ്ട് മറുപടി പറഞ്ഞു.
“അത് ശരി കൊച്ച് കള്ളൻ എല്ലാം അറിഞ്ഞിട്ടാണല്ലേ ഇങ്ങനെ ഇരിക്കുന്നത്. ഒരു പേനയും പേപ്പറും എടുത്ത് ഐശ്യര്യമായി ഒരു ആത്മഹത്യാ കുറിപ്പ് എഴുതിക്കോളൂ.”
നന്ദൻ നിസ്സഹായതയോടെ അവരെ ഓരോരുത്തരെയും മാറി മാറി നോക്കി. അകത്തേക്ക് കയറിയവർ അതിനോടകം നന്ദന് ചുറ്റും ഒരു വലയം തീർത്തിരുന്നു. കൂട്ടത്തിലൊരാൾ പേനയും പേപ്പറും മേശപ്പുറത്ത് വെച്ചു.