“ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു.” രാകേഷ് കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് ഭഗീരഥനോട് പറഞ്ഞു.
“അങ്ങനെ പെട്ടെന്ന് വരാൻ പറ്റിയില്ല ചില പ്രത്യേക കാരണങ്ങളാൽ കുറച്ചു വൈകി.” കുറുകിയ സ്വരത്തോടെ ഭഗീരഥൻ മറുപടി നൽകി.
സപ്ലയർ വരുന്നുണ്ട്. ഒന്ന് മുരടനക്കി കൊണ്ട് പതിഞ്ഞസ്വരത്തിൽ രാകേഷ് പറഞ്ഞു. തങ്ങളുടെ അടുത്തേക്ക് നടന്നടുക്കുന്ന നന്ദൻ മേനോനെ നോക്കിയാണ് അയാൾ അത് പറഞ്ഞത്. അതോടെ ഇരുവരും നിശബ്ദരായി.
“എന്താണ് സർ വേണ്ടത്.” നന്ദൻ മേനോൻ വിനയാന്വിതനായി ചോദിച്ചു.
“രണ്ട് ചിക്കൻ ബർഗർ രണ്ട് ഫലൂദയും.” ഭഗീരഥൻ കുറച്ചൊന്ന് ആലോചിച്ചശേഷം മറുപടി നൽകി. അപ്പോഴാണ് രാകേഷ് സപ്ലയറുടെ മുഖത്തേക്ക് നോക്കിയത്. അവന് ആ മുഖം നല്ല പരിചയം തോന്നി. ഓർഡർ എടുത്തശേഷം നന്ദൻ മേനോൻ അവർക്കരികിൽ നിന്നും മടങ്ങി. സപ്ലൈ അൽപമകലെ എത്തിയതിനുശേഷമാണ് രാകേഷ് പിന്നെ സംസാരിച്ചത്.
“ഇപ്പോൾ വന്ന ആളെ കണ്ടിട്ട് എനിക്ക് നല്ല പരിചയം തോന്നുന്നു. ഭഗീരഥേട്ടന് അങ്ങനെ തോന്നിയോ.?”
“ഇല്ല. മറ്റു ചില പ്രധാന കാര്യങ്ങൾ നിങ്ങളെ അറിയിക്കാനാണ് ഞാനിപ്പോൾ വന്നത്. ഇന്നേക്ക് അഞ്ചാം നാൾ, അതായത് പന്ത്രണ്ടാം തീയതി ഭായി കൊച്ചിയിൽ വരുന്നുണ്ട്. അന്നത്തേക്ക് അവളെ ഒന്ന് ഒരുക്കി നിർത്തിയേക്ക്. ഭായിക്ക് ഒരു പൂതി തോന്നിയതുകൊണ്ടാണ് അവൾ ഇന്നും ജീവിച്ചിരിക്കുന്നത് അല്ലെങ്കിൽ എന്നേ അവളെ കയറ്റി വിട്ടേനെ.”
“അതിനെന്താ അവളെ വേണമെങ്കിൽ ഇന്ന് തന്നെ എത്തിയതേയുള്ളൂ. അതിന് വലിയ ബുദ്ധിമുട്ടൊന്നുമില്ല.”
“ഈ പോലീസിന്റേയും അന്വേഷണത്തിന്റേയും കണ്ണുവെട്ടിച്ച് ഈ നഗരത്തിൽ തന്നെ എങ്ങനെ നിങ്ങൾക്ക് അവളെ ഒളിപ്പിച്ചുവയ്ക്കാൻ കഴിയുന്നു എന്നോർത്ത് എനിക്ക് അത്ഭുതം തോന്നുന്നു. വലിയ റിസ്ക് ആണ് നിങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.”
“അറിയാം ഭഗീരഥേട്ടാ. പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് പണത്തിന് അത്യാവശ്യമുണ്ട്. നിങ്ങൾ എത്രയും പെട്ടെന്ന് ഭായിയുമായുള്ള മീറ്റിംഗ് അറേഞ്ച് ചെയ്യൂ. കൂടുതൽ കാര്യങ്ങൾ നമുക്ക് അവിടെ വച്ച് ഡിസ്കസ് ചെയ്യാം.”
“പന്ത്രണ്ടാം തീയതി ഭായി വരുന്നുണ്ട്. എല്ലാ ചോദ്യങ്ങൾക്കും നമുക്ക് അന്ന് തന്നെ ഉത്തരം കാണാം.” എന്തോ ആലോചിച്ച് ഉറപ്പിച്ച പോലെ ഭഗീരഥൻ പറഞ്ഞു.
“ഉം… നമ്മുടെ സപ്ലയർ വരുന്നുണ്ട്. ” നന്ദൻ മേനോൻ ഒരു ട്രേയിൽ അവർ ആവശ്യപ്പെട്ട വിഭവങ്ങളുമായി അവിടേക്ക് വരുന്നത് കണ്ട രാകേഷ് ഭഗീരഥനോടായി പറഞ്ഞു.