“അവന്‍ എന്റെ സുഹൃത്താണ്”
“നിങ്ങള്‍ എന്തിനാണ് കബീറിനെ തടയാന്‍ അവനെ എയര്‍പോര്‍ട്ട് റോഡിലേക്ക് അയച്ചത്?”
“കബീറിനെ ഒരു കേസില്‍ ഞാന്‍ സംശയിക്കുന്നുണ്ട്..അവന്‍ നാടുവിട്ടാല്‍ പിന്നെ കിട്ടാന്‍ പ്രയാസം ആയതിനാല്‍ എടുത്ത ഒരു മുന്‍കരുതല്‍ മാത്രമായിരുന്നു അത്..”
“ഏതു കേസില്‍?”
“സര്‍..പോലീസ് അന്വേഷിച്ച് കോടതി വിധി കല്‍പ്പിച്ച ഒരു കേസാണ്..മുംതാസിന്റെ ആത്മഹത്യ. അവളെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് ആത്മഹത്യയിലേക്ക് തള്ളിവിട്ട ക്രിമിനലുകളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ അണ്‍ ഒഫീഷ്യലായി ഞാന്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് അന്ന് കബീറിനെ തടഞ്ഞത്” പൌലോസ് പറഞ്ഞു.
ചാണ്ടിയുടെ ചുണ്ടുകളില്‍ വികൃതമായ ഒരു ചിരി വിടര്‍ന്നു.
“പൌലോസിനു എന്ന് മുതലാണ് പോലീസിലും കോടതിയിലും ഒക്കെ വിശ്വാസം ഇല്ലാതായത്” അയാള്‍ പരിഹാസരൂപേണ ചോദിച്ചു.
“എനിക്ക് വിശ്വാസമില്ല എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ?”
“എങ്കില്‍പ്പിന്നെ തീര്‍പ്പായ ഒരു കേസ് വീണ്ടും അന്വേഷിക്കേണ്ട കാര്യം? എനിക്ക് മുന്‍പിരുന്ന കമ്മീഷണര്‍ നിങ്ങളോട് അത് ആവശ്യപ്പെട്ടിരുന്നോ?”
“ഇല്ല..ഇതെന്റെ വ്യക്തിപരമായ തീരുമാനം ആണ്”
“നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്യാനല്ല സര്‍ക്കാര്‍ ഈ വേഷവും നല്‍കി മാസാമാസം ശമ്പളം തരുന്നത്. ഇഷ്ടം പോലെ കേസുകള്‍ വേറെ ഉള്ളപ്പോള്‍ കോടതി വിധി കല്‍പ്പിച്ച ഒരു കേസിന് പിന്നാലെ ഔദ്യോഗിക സ്ഥാനം ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം തന്നത്?”
“സര്‍..നീതിയും ന്യായവും നടപ്പിലാക്കാന്‍ ആണ് സര്‍ക്കാര്‍ പോലീസ്, കോടതി തുടങ്ങിയ സംവിധാനങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് എന്റെ അറിവ്. അവിടെ തെറ്റുകള്‍ ഒരിക്കലും പറ്റില്ല എന്നൊന്നും ആരും കരുതുന്നില്ല. തെറ്റ് പറ്റിയാല്‍ അത് തിരുത്തുന്നതല്ലേ അതിന്റെ ശരി?”
“എടൊ പൌലോസേ..തന്നെ ഞാന്‍ നിയമം പഠിപ്പിക്കണോ? കോടതി വിധി പുറപ്പെടുവിച്ച് കുറ്റവാളി ശിക്ഷിക്കപ്പെട്ട ഒരു കേസ്, യാതൊരു കാരണവുമില്ലാതെ കുറെ കഥകള്‍ മെനഞ്ഞ് വളച്ചൊടിക്കാന്‍ ഔദ്യോഗികസ്ഥാനം ദുരുപയോഗം ചെയ്തതിന് തനിക്കൊരു സസ്പെന്‍ഷന്‍ കിട്ടിയാല്‍ എങ്ങനെയിരിക്കും? നോക്ക്..ഇവിടുത്തെ പുതിയ കമ്മീഷണര്‍ ഞാനാണ്..മുന്‍പിരുന്ന ആളിനെ കണ്ടതുപോലെ എന്നെ കണ്ടാല്‍, തലയില്‍ തൊപ്പി കാണില്ല..