പൌലോസ് പറഞ്ഞു നിര്‍ത്തിയതും ഡോണ ചാടി എഴുന്നേറ്റ് അയാളുടെ കഴുത്തിലേക്ക് വീണ് തെരുതെരെ അയാളെ ചുംബിച്ചതും ഒരുമിച്ചായിരുന്നു. അവള്‍ സ്വയം മറന്നുപോയി പൌലോസിന്റെ വാക്കുകള്‍ കേട്ടപ്പോള്‍. ഇന്ദുവിന്റെ കണ്ണുകള്‍ നിറഞ്ഞു എന്നതാണ് സത്യം. അവള്‍ ആദരവും അത്ഭുതവും കലര്‍ന്ന കണ്ണുകളോടെ പൌലോസിനെ നോക്കിയിരുന്നുപോയി. വാസു സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയ അവസ്ഥയില്‍ ആയിരുന്നു.
“ഏയ് ഡോണ..നിനക്കെന്താ വട്ടായോ..” പൌലോസ് അവളെ പിടിച്ചുമാറ്റിയിട്ട് ചോദിച്ചു. ഡോണ നാണത്തോടെ ഇന്ദുവിനെ നോക്കിയ ശേഷം കസേരയില്‍ തിരികെ ഇരുന്നു.
“അയാം സോറി..കേട്ടപ്പോള്‍ എനിക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല..സോറി ഇന്ദു..” അവള്‍ നാണത്തോടെ പറഞ്ഞു.
“നിന്റെ ബോയ് ഫ്രണ്ട് അല്ലായിരുന്നു എങ്കില്‍ ഞാനും പൌലോസിനൊരു ഉമ്മ കൊടുത്തേനെ..റിയലി പൌലോസ്..യു ഹാവ് ഡണ്‍ സംതിംഗ് റിയലി അമേസിംഗ്..നിങ്ങളെ അഭിനന്ദിക്കാന്‍ എന്റെ പക്കല്‍ വാക്കുകള്‍ ഇല്ല…” ഇന്ദു ഉത്സാഹത്തോടെ പറഞ്ഞു.
“ഇച്ചായാ ഇത്ര ശക്തമായ തെളിവ് കൈയില്‍ ഉള്ളപ്പോള്‍, എന്തുകൊണ്ട് അത് വച്ച് ഡെവിള്‍സിനെ കുടുക്കിക്കൂടാ…?” ഡോണ ചോദിച്ചു.
“ഡെവിള്‍സ് മാത്രമല്ല, അവര്‍ക്ക് ഒത്താശ ചെയ്യുന്ന കമ്മീഷണറും ബാക്കി എല്ലാവനും വിവരമറിയണം. അവര്‍ക്ക് കളിക്കാന്‍ നമ്മള്‍ സമയം കൊടുക്കുന്നു..കളിക്കട്ടെ..എന്നിട്ട് എങ്ങോട്ട് പോകും എന്ന് നമുക്ക് നോക്കാം. എന്റെ പക്കലുള്ള തെളിവ്, നീ നിന്റെ ചാനലിലൂടെ ആയിരിക്കും ലോകത്തെ അറിയിക്കുക..കബീറിന്റെ മരണം ഡെവിള്‍സ് ആസൂത്രിതമായി നടത്തിയ കൊലയാണ് എന്ന് നമ്മള്‍ തെളിയിക്കും..മുംതാസിനു നീതി ലഭിക്കാന്‍ പോകുന്നത് കബീറിലൂടെത്തന്നെ ആയിരിക്കും..അതൊരു പക്ഷെ കാലം കാത്ത് വച്ച സമ്മാനം ആകാം..”
“ഹോ എന്റെ ദൈവമേ എനിക്ക് വയ്യ..ത്രില്ലടിച്ചു ഞാന്‍ ചാകും. എന്റെ ഇച്ചായോ ഇച്ചായന്‍ ഒരു പ്രസ്ഥാനം തന്നെ..സത്യം..കള്ളന്‍ ഞങ്ങളോടൊന്നും പറയാതെ പലതും ചെയ്യുന്നുണ്ടായിരുന്നു അല്ലെ..എന്റെ ദ്വിവേദി..നീ കുടുങ്ങിയല്ലോടാ..” ഡോണ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്.
“അതെ ഡോണ..ഇനി ദ്വിവേദി എന്ന കൊലപാതകിക്ക് എതിരെ തെളിവില്ല എന്ന് ഒരു പോലീസും പറയില്ല..അയാള്‍ക്കെതിരെ കേരളാ പോലീസിലെ ഏറ്റവും സമര്‍ത്ഥനായ സബ് ഇന്‍സ്പെക്ടര്‍ ശക്തമായ തെളിവ് സമ്പാദിച്ചിരിക്കുന്നു.. വാസു..ഇനി നിനക്ക് ഭയക്കാന്‍ ഒന്നുമില്ല..ധൈര്യമായി നീ പൊക്കോ…നിന്നെ അവര്‍ പിടികൂടിയാല്‍ കുടുങ്ങാന്‍ പോകുന്നത് അവര്‍ തന്നെ ആയിരിക്കും…” ഇന്ദു വര്‍ദ്ധിച്ച ഉത്സാഹത്തോടെ പറഞ്ഞു.