മഞ്ജു അപ്പോൾ രണ്ടു കയ്യും മാറിൽ കെട്ടി ക്‌ളാസ്സിനു നടുക്ക് നില്പുണ്ട് . കുറച്ചു പേര് അപ്പോഴേക്കും ക്‌ളാസ്സിനു വെളിയിലേക്കു ഇറങ്ങിയിരുന്നു. ഇന്റർവെൽ സമയം ആയതുകൊണ്ട്.
മഞ്ജു കൈകെട്ടി എന്നെ നോക്കുന്നുണ്ട് .ആ മുഖത്ത് ഗൗരവമോ ദേഷ്യമോ എന്താണെന്നു എനിക്ക് പിടികിട്ടുന്നില്ല.
ഞാൻ പെട്ടെന്ന് നോട്ടമവരുടെ മുഖത്ത് നിന്നും മാറ്റി, പതിയെ എഴുനേറ്റു മുന്നിലേക്ക് നടന്നു. മുഖം താഴ്ത്തികൊണ്ട് മഞ്ജു നിൽക്കുന്നതിനടുത്തുകൂടെ പുലർത്തേക്കിറങ്ങി. ഞാൻ നടന്നു നീങ്ങുന്നത് അവർ ശ്രദ്ധിക്കുന്നുണ്ട്. ഞാൻ പുറത്തിറങ്ങിയ ശേഷമാണ് മഞ്ജു അവിടെ നിന്നും അനങ്ങുന്നത്.
“ഹോ..രക്ഷപെട്ടു “
ഞാൻ മനസിൽ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി.
ഇന്റർവെൽ കഴിഞ്ഞു തിരികെ വരുമ്പോഴും വരാന്തയിൽ വെച്ചു , സ്റ്റാഫ് റൂമിനരികെ വെച്ചു മഞ്ജുവിനെ കണ്ടുമുട്ടിയെങ്കിലും ഞാൻ അവരെ ശ്രദ്ധിക്കാതെ ഒപ്പമുള്ളവനോട് ഗൗരവപ്പെട്ട ലോക കാര്യങ്ങൾ ചർച്ച ചെയ്യുന്ന പോലെ അഭിനയിച്ചു നടന്നു നീങ്ങി.
മഞ്ജു എന്നെ ദേഷ്യത്തോടെ നോക്കുന്നത് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ കാണുന്നുണ്ട്. ഞാൻ പെട്ടെന്ന് മുഖം വെട്ടിച്ചു കടന്നു കളഞ്ഞു .
ആ ദിവസം ഞാൻ മാക്സിമം അവരെ അവോയ്ഡ് ചെയ്തു . പറഞ്ഞ വാക്ക് പാലിക്കാനും നമുക്കറിയാം ! പക്ഷെ മഞ്ജു അത് തമാശക്ക് എന്നെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞതാണെന്ന് പിന്നെയാണ് ഞാൻ മനസിലാക്കിയത് . പക്ഷെ എന്റെ ആ പെരുമാറ്റം അവരെ അന്ന് കൂടുതൽ ദേഷ്യം പിടിപ്പിച്ചു . ഉച്ചക്കും ഞാൻ മൈൻഡ് ചെയ്യാതെ പോയപ്പോൾ ഇടുപ്പിനു കയ്യും കുത്തിയുള്ള ആ നിൽപ് കണ്ടു ഞാൻ പതിയെ ചിരിച്ചു .
കോളേജ് വിട്ടതും അന്ന് നേരത്തെ ഇറങ്ങി. ഇനി മഞ്ജു എങ്ങാനും വഴിയില് കണ്ടാൽ ലിഫ്റ്റ് തരാൻ വേണ്ടി നിർത്തും. അപ്പോൾ പിന്നെ കേറാതിരിക്കാൻ പറ്റത്തില്ല . അതുകൊണ്ട് ഞാൻ വേഗം ഇറങ്ങി , പിന്നാലെ ശ്യാമും ! ഞങ്ങൾ നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു . അവിടെ ഉള്ള കൂൾ ബാറിൽ ചെന്നിരുന്നു ഓരോ കാര്യങ്ങൾ സംസാരിച്ചിരിക്കവേ കഴിക്കാനുള്ള ഫ്രഷ് ലൈമും പപ്സും എത്തി.