മൃഗം 29 [Master]

Posted by

“വാസൂ..നീ ഇവിടെ നില്‍ക്ക്..ഞാന്‍ ഉള്ളിലേക്ക് പോയി വീട്ടുകാര്‍ ആരെയെങ്കിലും ഒന്ന് കണ്ടിട്ട് വരാം…”
അവള്‍ ബൈക്കില്‍ നിന്നും ഇറങ്ങിക്കൊണ്ട് പറഞ്ഞു. ചാനലില്‍ അവളെ കണ്ടു പരിചയമുള്ളതിനാല്‍ ആളുകള്‍ അവള്‍ക്ക് പോകാനുള്ള വഴി ഒരുക്കിക്കൊടുത്തു. ഡോണ ഉള്ളിലേക്ക് ചെന്നപ്പോള്‍ കബീറിന്റെ ഉമ്മയുടെ ചുറ്റും അടുത്ത ബന്ധുക്കളായ സ്ത്രീകള്‍ ഇരുന്നു വിലപിക്കുന്നത് കണ്ടു. അവര്‍ മോഹാലസ്യപ്പെട്ടു കിടക്കുകയായിരുന്നു. അല്പം അകലെ മകള്‍ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് കുറെ ബന്ധുക്കളായ യുവതികളുടെ നടുവില്‍ കിടപ്പുണ്ടായിരുന്നു. രണ്ടുപേരും ഡോണ അവള്‍ ചുറ്റും നോക്കിയപ്പോള്‍ സുഹൈലും അംജദും ഫൈസലും നില്‍ക്കുന്നത് കണ്ട് അവിടേക്ക് ചെന്നു.
“നിങ്ങള്‍ കബീറിന്റെ ബന്ധുക്കള്‍ ആണോ..” അവള്‍ ചോദിച്ചു.
“അതെ”
“ഞാന്‍ ഡോണ..എവര്‍ഗ്രീന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ആണ്..ഇപ്പോള്‍ സംസാരിക്കാന്‍ പറ്റുമോ? ചില വിവരങ്ങള്‍ അറിയാനാണ്”
അവള്‍ അവരെ നോക്കി ചോദിച്ചു. മൂവരും മുഖാമുഖം നോക്കി. പിന്നെ ഫൈസല്‍ തലയാട്ടി.
“കബീറിനെ എനിക്ക് വ്യക്തിപരമായി അറിയാം..അതുകൊണ്ടാണ് ഈ വിവരം അറിഞ്ഞപ്പോള്‍ ഞാനിങ്ങോട്ട്‌ നേരില്‍ എത്തിയത്. ഇത് ഒരു ആത്മഹത്യയാണ്‌ എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?” ഡോണ വോയിസ് റിക്കോഡര്‍ ഓണ്‍ ചെയ്ത് കൊണ്ട് ചോദിച്ചു.
“അങ്ങനെയാണ് പോലീസ് പറഞ്ഞതും ഞങ്ങള്‍ക്ക് തോന്നുന്നതും. ഇക്ക തൂങ്ങി മരിക്കുകയായിരുന്നു..” ഫൈസല്‍ പറഞ്ഞു.
“മരിക്കാന്‍ തക്ക എന്തെങ്കിലും കാരണം കബീറിന് ഉള്ളതായി നിങ്ങള്‍ക്ക് അറിവുണ്ടോ..ഐ മീന്‍ ആത്മഹത്യ ചെയ്യാന്‍ തക്ക കടുത്ത മാനസികാഘാതാമോ അങ്ങനെ വല്ലതും..?”
“ഞങ്ങളുടെ അറിവില്‍ അങ്ങനെ എന്തെങ്കിലും ഉള്ളതായി ഇല്ല..ഇന്നലെ രാത്രിയിലും ഞങ്ങള്‍ ചിരിച്ചു കളിച്ചു സംസാരിച്ചതാണ്..നായ ചത്ത സമയത്തും ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു..അപ്പോഴൊന്നും ഇക്കയ്ക്ക് എന്തെങ്കിലും വിഷമം ഉള്ളതായി തോന്നിയിട്ടില്ല..പിന്നെ പെട്ടെന്നിങ്ങനെ ചെയ്യാന്‍ എന്താണ് കാരണം എന്നൊരു പിടിയുമില്ല..” സുഹൈല്‍ ആണ് അത് പറഞ്ഞത്.
“നായ ചത്തെന്നോ? എങ്ങനെ?”
“അറിയില്ല മാഡം..ഏതാണ്ട് പതിനൊന്നു മണി കഴിഞ്ഞ സമയത്ത് ഞങ്ങളെല്ലാം ഉറങ്ങാന്‍ കിടന്നപ്പോള്‍ ആണ് അവന്‍ എന്തോ കണ്ടു കുരച്ചുകൊണ്ട് ഓടുന്ന ശബ്ദം കേട്ടത്..സാധാരണ മനുഷ്യര്‍ കോമ്പൌണ്ടില്‍ കയറിയാല്‍ മാത്രം ഉണ്ടാകുന്ന തരം കുര ആയതിനാല്‍ മാമനും ഞങ്ങളും വേഗം തന്നെ പുറത്തിറങ്ങി. പക്ഷെ ആദ്യം കേട്ട കുരയ്ക്ക് ശേഷം അവന്റെ ശബ്ദം കേള്‍ക്കാതെ വന്നതോടെ ഞങ്ങള്‍ അവനെ വിളിച്ചുനോക്കി..എങ്ങും അവനെ കണ്ടില്ല..അങ്ങനെ തിരക്കി ചെന്നപ്പോഴാണ് മതിലിന്റെ അരികില്‍ അവന്‍ ചത്തുകിടക്കുന്നത് കണ്ടത്…”
ഡോണയുടെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി. അവളുടെ നെറ്റിയില്‍ ചുളിവുകള്‍ വീഴുന്നത് അവര്‍ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *