മൃഗം 29 [Master]

Posted by

“ഇച്ചായാ..എങ്ങനെയും ഈ കേസ് തെളിയണം. ദ്വിവേദി ആണ് ഇതിന്റെ പിന്നിലെന്ന് തെളിയിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍, അവനെ ഇവിടേക്ക് കൊണ്ടുവന്ന ഡെവിള്‍സിന്റെ ഉദ്ദേശവും നമുക്ക് തെളിയിക്കാന്‍ പറ്റും. കബീര്‍ വധക്കേസിന്റെ വിചാരണയില്‍ തന്നെ മുംതാസ് കേസും നമുക്ക് കൂട്ടിച്ചേര്‍ക്കാന്‍ പറ്റും..പക്ഷെ ഇക്കാര്യം പുതിയ കമ്മീഷണറെ ബോധ്യപ്പെടുത്തണം..അയാളാണല്ലോ ഇനി ഈ കേസ് ആരന്വേഷിക്കും എന്ന് തീരുമാനിക്കുക” ഡോണ ഉദ്വേഗത്തോടെ പൌലോസിനെ നോക്കി.
“ഡോണ..എഡിസണ്‍ ചാണ്ടി ഡെവിള്‍സിന്റെ ആളാണ്. അവരാണ് അയാളെ ഇങ്ങോട്ടേക്ക് വരുത്തിയതിന്റെ പിന്നില്‍ എന്ന് മിക്കവര്‍ക്കും അറിയാം. അലി സാര്‍ അവന്മാര്‍ക്ക് എതിരായിരുന്നതിനാലാണ് നമുക്ക് ഇത്ര ഫ്രീയായി പലതും ചെയ്യാന്‍ കഴിഞ്ഞിരുന്നത്. പക്ഷെ ഇനി സീന്‍ മൊത്തം മാറും. അയാള്‍ക്ക് വ്യക്തമായിത്തന്നെ അറിയാമായിരിക്കും ഈ കൊല ഡെവിള്‍സ് നടത്തിയതാണെന്ന്..എന്നാല്‍ അയാള്‍ അവര്‍ക്ക് ദോഷം വരുന്ന യാതൊന്നും ചെയ്യുമെന്ന് നീ കരുതണ്ട..ദ്വിവേദി നേരിട്ട് ഹാജരായാല്‍ പോലും അയാള്‍ അറസ്റ്റ് ചെയ്യുകയുമില്ല..അതുകൊണ്ട് ഇതൊരു ആത്മഹത്യയായി എഴുതി തള്ളാന്‍ മാത്രമേ അയാള്‍ ശ്രമിക്കൂ..ദ്വിവേദി കൊച്ചിയിലുണ്ട് എന്നല്ലാതെ അയാളാണ് ഇത് ചെയ്തത് എന്ന് തെളിയിക്കാന്‍ നമുക്ക് മാര്‍ഗ്ഗം ഒന്നുമില്ലല്ലോ” പൌലോസ് നിസ്സഹായനായി അവളെ നോക്കി.
“ഇത് വളരെ വലിയ ഒരു തിരിച്ചടി ആയിപ്പോയല്ലോ ഇച്ചായാ..കബീര്‍ മരിച്ചതോടെ എന്റെ ഇത്രയും നാളത്തെ അധ്വാനം ഫലം കാണുമോ എന്ന് ഞാനിപ്പോള്‍ സംശയിക്കുകയാണ്. പുതിയ കമ്മീഷണര്‍ അവരുടെ ആളായത് കൊണ്ട് നമ്മുടെ രഹസ്യ അന്വേഷണം വെളിച്ചം കാണാനും സാധ്യത കുറവാണ്. എല്ലാം അതിന്റെ പര്യവസാനത്തിലെക്ക് ഭംഗിയായി എത്തി എന്ന് കരുതിയ സമയത്താണ് സകലവും തകിടം മറിച്ചുകൊണ്ട് ഇത് സംഭവിച്ചിരിക്കുന്നത്..” ഡോണ നിരാശയോടെ പറഞ്ഞു.
“അതെ ഡോണ..നമ്മള്‍ ക്ലൈമാക്സിലേക്ക് എത്തി എന്ന് സന്തോഷിച്ച സമയത്താണ് ഡെവിള്‍സ് ശക്തമായ പ്രഹരം നമുക്ക് നല്‍കിയിരിക്കുന്നത്. കബീറിന്റെ മരണത്തോടെ മുംതാസ് കേസിലെ ഒന്നാം പ്രതി ആണ് ഇല്ലാതായിരിക്കുന്നത്. ഡെവിള്‍സിന് കൊട്ടേഷന്‍ നല്‍കിയത് അവനാണ് എന്ന് ഡിക്രൂസ് മൊഴി നല്‍കിയതോടെ വളരെ പെര്‍ഫെക്റ്റ് ആയ ഒരു അന്വേഷണ റിപ്പോര്‍ട്ടാണ് നമ്മള്‍ തയാറാക്കിയത്. ഇനി ഇതൊരു ചര്‍ച്ചാ വിഷയം ആക്കി കോടതിയെക്കൊണ്ട് വീണ്ടും ഈ കേസ് റീ ഓപ്പണ്‍ ചെയ്യിക്കാനുള്ള വഴിയിലേക്ക് നമ്മള്‍ എത്തിയപ്പോള്‍ എല്ലാം കൈവിട്ടു പോയതുപോലെ ആയിരിക്കുന്നു..കബീറിനെ വധിച്ചതാണ് എന്നും അതിന്റെ പിന്നില്‍ ഡെവിള്‍സ് ആണ് എന്നും തെളിയിക്കാന്‍ സാധിച്ചാല്‍ മാത്രമേ നമുക്കിനി ഈ കേസില്‍ അവരെ കുടുക്കാന്‍ സാധിക്കൂ..പക്ഷെ പുതിയ കമ്മീഷണര്‍ ഒരിക്കലും ഡെവിള്‍സിനെതിരെ ചെറുവിരല്‍ പോലും അനക്കില്ല എന്ന് മാത്രമല്ല, അവര്‍ക്കെതിരെ നില്‍ക്കുന്ന സകലരെയും അയാള്‍ ഒതുക്കുകയും ചെയ്യും. നമ്മള്‍ ഈ കാര്യത്തെക്കുറിച്ച് ഗഹനമായി ചിന്തിക്കേണ്ടിയിരിക്കുന്നു” പൌലോസ് അസ്വസ്ഥതയോടെ ഇരുവരെയും നോക്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *