ഡോണ മുഖം ഉയര്‍ത്താതെ അതേപടി ഇരിക്കുകയായിരുന്നു. രംഗം പോലീസ് സ്റ്റേഷനില്‍ പൌലോസിന്റെ മുറിക്കുള്ളില്‍ ആണ്. ഒപ്പം പൌലോസ്, വാസു, അക്ബര്‍ എന്നിവരും ഉണ്ട്. ഇടയ്ക്കിടെ അവളുടെ ഏങ്ങലടിയുടെ ശബ്ദം അവര്‍ മൂവരും കേട്ടു. വാസു അവളോട് നടന്നതൊന്നും പറഞ്ഞിരുന്നില്ല. കബീറിന്റെ കാര്യം സംസാരിക്കാന്‍ വേണ്ടി വാസുവിനെയും കൂട്ടി അവള്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൌലോസ് ആണ് തലേ രാത്രി നടന്ന വാസുവിനെതിരെ ഉള്ള വധശ്രമം അവളെ അറിയിച്ചത്. അത് കേട്ടു ഞെട്ടിത്തരിച്ചുപോയ ഡോണ ശിലപോലെ ഇരുന്നുപോയി. അവള്‍ ഒരക്ഷരം മറുപടി നല്‍കാതെ കുമ്പിട്ട് മേശയില്‍ തലയും താഴ്ത്തി അങ്ങനെ കിടക്കുകയായിരുന്നു.
“ഡോണ..കമോണ്‍..അവനൊന്നും പറ്റിയില്ലല്ലോ..നീ വിഷമിക്കാന്‍ മാത്രം ഒന്നും സംഭവിച്ചിട്ടില്ല..” പൌലോസ് അവളെ സാവകാശം വിളിച്ചു.
ഡോണ മുഖമുയര്‍ത്തി അയാളെ നോക്കി. അവളുടെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു. കോപത്തോടെ അവള്‍ ഭിത്തിയില്‍ ചാരി നിന്നിരുന്ന വാസുവിനെ നോക്കി. പിന്നെ അവന്റെ അടുക്കലേക്ക് ചെന്ന് അവന്റെ ഉടുപ്പില്‍ പിടിച്ചു വലിച്ചു.
“ദുഷ്ടാ..ഇത്രയും വലിയ പ്രശ്നം നടന്നിട്ട് നീ അതെപ്പറ്റി ഒരക്ഷരം എന്നോട് പറഞ്ഞോ..ഞാന്‍ ആരാടാ നിന്റെ? നിനക്കെന്തെങ്കിലും സംഭവിച്ചാല്‍ എനിക്കൊരു ചുക്കുമില്ല എന്നാണോ നീ കരുതിയത്..വേണ്ട..ഇനി നിന്റെ യാതൊരു സംരക്ഷണവും കമ്പനിയും എനിക്ക് വേണ്ട…ഇച്ചായാ..ഇവനെ എനിക്കിനി കാണണ്ട..ഞാന്‍ ഇവന്റെ ആരുമല്ല..ആരും..”
ഡോണ പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്ത് കുന്തിച്ചിരുന്നു. അക്ബര്‍ വല്ലായ്മയോടെ പൌലോസിനെ നോക്കി. അയാളുടെ കണ്ണിലും നനവ് പടര്‍ന്നിരുന്നു. പൌലോസ് എഴുന്നേറ്റ് ചെന്ന് അവളെ പിടിച്ച് എഴുന്നേല്‍പ്പിച്ച് കസേരയില്‍ ഇരുത്തി. എന്നിട്ട് അവളുടെ സമീപം മേശപ്പുറത്ത് ഇരുന്നു.
“എടാ വാസൂ..നീ പോക്രിത്തരമല്ലേ കാണിച്ചത്? എന്തുകൊണ്ട് നീ ഇത് ഇവളോട് പറഞ്ഞില്ല?” പൌലോസ് കണ്ണടച്ച് കാണിച്ചിട്ട് വാസുവിനോട് ചോദിച്ചു.
“പറഞ്ഞാല്‍ ഇവളുടെ പ്രതികരണം എന്താകും എന്ന പേടി കൊണ്ടാ സാറേ പറയാഞ്ഞത്..ഇവള്‍ക്ക് ആ വാര്‍ത്ത താങ്ങാന്‍ പറ്റുമോ എന്ന് ഞാന്‍ പേടിച്ചു” വാസു പറഞ്ഞു.
“മിണ്ടരുത് നീ..മിണ്ടരുത്..എനിക്ക് നിന്റെ ശബ്ദം കേള്‍ക്കണ്ട” ഡോണ ചീറി. പൌലോസ് അവള്‍ കാണാതെ വാസുവിനെ നോക്കി ചിരിച്ചു. വാസു തിരിച്ചു ചിരിച്ചില്ല. ചിരിച്ചാല്‍ അവള്‍ക്ക് കൂടുതല്‍ കോപമാകും എന്നവനറിയാമായിരുന്നു.
“ഡോണ..സീ..അവന്‍ പറഞ്ഞതില്‍ കാര്യമില്ലേ? നീ അവനെ എന്തുമാത്രം സ്നേഹിക്കുന്നു എന്ന് എനിക്കറിയാം. ആ നിലയ്ക്ക് ഇതുപോലെ ഒന്ന് നിന്നോട് എങ്ങനെ പറയും. ഇപ്പോള്‍ത്തന്നെ നിന്റെ പ്രതികരണം നീ തന്നെ ഒന്ന് ശ്രദ്ധിച്ചു നോക്ക്..” പൌലോസ് പറഞ്ഞു.