എൻഡ്‌ലെസ്സ് ലവ് പ്ലേ ചെയ്തു. മെല്ലെ അതിൽ ലയിച്ചവൻ അവരുടെ പ്രവർത്തികൾ വീക്ഷിച്ചു.ആ ഫാമിലി അല്പം അസ്വസ്ഥമായി കാണപ്പെട്ടു. ഭർത്താവ് ഇരു വശങ്ങളിലേക്കും നോക്കുന്നുണ്ട്.ഇതൊന്നും കണ്ടില്ല എന്നു നടിച്ചുകൊണ്ടവർ അവരിൽ ഒതുങ്ങി യാത്ര തുടരുന്നു.ആരെയോ പ്രതീക്ഷിച്ചെന്നപോലെ അവരുടെ അടുത്തേക്ക് ടി ടി ആർ വന്നെത്തി.
ഭർത്താവെന്ന് പറയുന്ന മനുഷ്യൻ അദ്ദേഹത്തോട് സംസാരിക്കുന്നു. സീറ്റ് മാറ്റികൊടുക്കുക അതാണ് ആവശ്യം.പക്ഷെ സീറ്റ് ഒഴിവില്ല എന്ന കാരണത്താൽ അത് നിരാകരിച്ച ടി ടി ടിക്കറ്റ് പരിശോധനക്കു ശേഷം തന്റെ ജോലി തുടർന്ന് മുന്നോട്ട് പോയി ആ മനുഷ്യൻ പിന്നാലെയും.അവനവരെ ഒന്ന് നോക്കി,ഒന്ന് ചിരിച്ചു,അവർ തിരിച്ചും.സ്ത്രീജനങ്ങൾ രണ്ടാളും ഒരു പകപ്പോടെ അവിടെയിരിക്കുന്നു.
ആ കമ്പാർട്ട്മെന്റിലെ സൈഡ് സീറ്റിൽ രണ്ടുപേർ ഇരിക്കുന്നുണ്ട്.ഒറ്റ
നോട്ടത്തിൽ തന്നെയറിയാം പൂജാരി ആണ്.അവർ തൊട്ടടുത്തു നടക്കുന്ന
കാര്യങ്ങൾ പോലും ശ്രദ്ധിക്കാതെ അവരുടെ സംസാരത്തിൽ മുഴുകുന്നു
അവൻ നോക്കുമ്പോൾ ഭർത്താവ് നിരാശയോടെ മടങ്ങിവരുന്നുണ്ട്.ഒരു അഭ്യർത്ഥനപോലെ പൂജാരിയോട് അയാൾ സംസാരിച്ചു.പൂജാരിയത് പുച്ഛിച്ചു തള്ളി.”എടൊ ഒരുവിധത്തില് ഇരിക്കുന്നു എന്നേയുള്ളു.നികൃഷ്ട ജന്മങ്ങളുടെ കൂടെയാവും യാത്ര,ഒട്ടും കരുതിയതല്ല.താൻ തന്റെ പാട് നോക്കി പോവുക.”ദൈവത്തിന്റെ വക്താക്കൾ,ആ ശക്തിയെ പൂജിച്ചു ജീവിതം മുന്നോട്ട് നയിക്കുന്നവർ, അതെ ശക്തിയുടെതന്നെ സൃഷ്ട്ടിയെ
പച്ചക്ക് അധിക്ഷെപിക്കുന്നത് കേട്ട് അവന് പുച്ഛം തോന്നി,പരമപുച്ഛം.
നാടുനീളെ പീഡനക്കേസിലും പെട്ട് ദൈവത്തിന്റെ പേരിൽ കച്ചവടം നടത്തി തിന്നുകൊഴുക്കുന്ന സമസ്ത പുരോഹിത വർഗത്തോടുമുള്ള എതിർപ്പ് അവന്റെ മുഖഭാവത്തിൽ തെളിഞ്ഞുനിന്നു.അവൻ തന്റെ എതിർഭാഗത്തിരുന്ന രണ്ടുപേരെയും നോക്കി കണ്ണ് ചിമ്മി.പതിയെ ഹെഡ് ഫോൺ അഴിച്ചു ബാഗിലേക്ക് വച്ചു.