“ഉണ്ട്”
“ആരാണ് ലൈസന്‍സ് ഹോള്‍ഡര്‍?”
“എന്റെ വാപ്പ ആണ് സര്‍”
“ഈ തോക്ക് കൈവശം വയ്ക്കാനും ഉപയോഗിക്കാനും ലൈസന്‍സ് ഹോള്‍ഡര്‍ക്ക് മാത്രമേ അവകാശം ഉള്ളു എന്ന് നിനക്ക് അറിയാമോ?”
കബീര്‍ ഉത്തരം മുട്ടി അയാളെ നോക്കി.
“ഉം..കേറ് വണ്ടിയില്‍” അയാള്‍ അവനോട് ആജ്ഞാപിച്ചു.
“അയ്യോ സാറെ..എന്റെ ഫ്ലൈറ്റ് മിസ്സ് ആകും. ഞാന്‍ എയര്‍പോര്‍ട്ടിലേക്ക് ആണ്..” കബീര്‍ ഞെട്ടലോടെ പറഞ്ഞു.
“എയര്‍പോര്‍ട്ടിലേക്ക് പോയ നീ എന്തിനാടാ ഇവനെ കത്തികൊണ്ട് കുത്തിയത്? ഒപ്പം അവനെ ഓടിച്ചിട്ട് കൊല്ലാനും ശ്രമിച്ചു. വണ്ടിയില്‍ മറ്റൊരു വണ്ടി മുട്ടിയാല്‍ അതിനു നിയമപരമായ നടപടികള്‍ ഉണ്ട്. പോലീസിനെ വിവരം അറിയിക്കുന്നതിനു പകരം നീ നിയമം കൈയിലെടുത്തു. അതാണ് നിന്റെ പേരിലുള്ള ഒന്നാമത്തെ ചാര്‍ജ്ജ്. രണ്ട് സ്വന്തമായി ലൈസന്‍സ് ഇല്ലാത്ത തോക്ക് വച്ചു എന്നതാണ്. നീ ഇതുമായി എയര്‍പോര്‍ട്ടിലേക്ക് പോയതിന്റെ പിന്നില്‍ എന്തോ ലക്ഷ്യമുണ്ട് എന്ന് ഞാന്‍ സംശയിക്കുന്നു. മൂന്നാമത്തേത് വധശ്രമം ആണ്…നിന്നെ വിശദമായി ചോദ്യം ചെയ്യാനുണ്ട്..ഉം കേറ്..”
“അതെന്ത് പരിപാടിയാ സാറേ..ഇപ്പോള്‍ വാദി പ്രതിയായോ…വേണേല്‍ ഞങ്ങളെ കൊണ്ടുപൊക്കോ..ഇക്കയെ വിട്”
സുഹൈല്‍ മുന്‍പോട്ടു നീങ്ങി നിന്നുകൊണ്ട് പറഞ്ഞു. അവന്‍ പറഞ്ഞു തീര്‍ന്നത് മാത്രമേ മറ്റുള്ളവര്‍ക്ക് ഓര്‍മ്മ ഉണ്ടായുള്ളൂ. പൌലോസിന്റെ വലതുകൈ അവന്റെ കരണത്ത് പടക്കം പോലെ പതിഞ്ഞു കഴിഞ്ഞിരുന്നു. സുഹൈല്‍ തലകറങ്ങി നിലത്ത് വീഴുന്നത് കബീറും മറ്റുള്ളവരും ഞെട്ടലോടെ നോക്കി.
“എടൊ..ഇവനെ എടുത്ത് വണ്ടിയിലിട്..പോലീസുകാരനെ പണി പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നു..ഉം കേറടാ…”
പൌലോസ് കബീറിനോട് ആജ്ഞാപിച്ചു. പെട്ടെന്ന് വണ്ടിയുടെ അടുത്തേക്ക് കബീര്‍ ഓടി. പൌലോസ് വാസുവിനെ നോക്കി. അവന്‍ കബീറിന്റെ പിന്നാലെ കുതിച്ചു. വണ്ടിയിലേക്ക് കയറാന്‍ ശ്രമിച്ച അവനെ വാസു പിടിച്ച് മുഖമടച്ച് ഒരെണ്ണം കൊടുത്തു.