വാസു ബൈക്ക് സ്റ്റാന്റില്‍ വച്ചിട്ട് ഇറങ്ങി. ഫൈസല്‍ വേഗം തിരിഞ്ഞോടി കബീറിന്റെ മുന്‍പിലെത്തി. അന്നത്തെ രാത്രിയിലെ സംഭവം ഓര്‍മ്മയില്‍ വന്ന സുഹൈലും അംജദും നിസ്സഹായരായി പരസ്പരം നോക്കി. മുട്ടിയാല്‍ നാട്ടുകാരുടെ മുന്‍പില്‍ വച്ച് അവന്‍ എടുത്തിട്ടു പെരുമാറും എന്നവര്‍ക്ക് നന്നായി അറിയാമായിരുന്നു.
“ഇക്ക..ഇക്കാ ഇവനാണ് അവന്‍..അന്ന് വീട്ടില്‍ വന്നു പ്രശ്നം ഉണ്ടാക്കിയ വാസു…” ഫൈസല്‍ കിതച്ചുകൊണ്ട് കബീറിനോട് പറഞ്ഞു.
കബീറിന്റെ മുഖത്തേക്ക് കോപം ഇരച്ചുകയറി. തന്റെ വീട്ടില്‍ അതിക്രമിച്ചു കയറി തന്റെ വാപ്പയെ അടിച്ചിട്ട് പോയ പന്നി ആണ് ആ നില്‍ക്കുന്നത് എന്നോര്‍ത്തപ്പോള്‍ ഒരു നിമിഷത്തേക്ക് അവന്‍ തന്റെ യാത്രപോലും മറന്നു. താല്‍ക്കാലിക സുരക്ഷയ്ക്ക് എയര്‍പോര്‍ട്ട് വരെ അവന്‍ കൊണ്ടുവന്നിരുന്ന റിവോള്‍വര്‍ നിമിഷനേരം കൊണ്ട് അവന്‍ ബാഗില്‍ നിന്നും എടുത്തു.
“ഇക്ക..എന്ത് ചെയ്യാന്‍ പോവാ..അവനെ കൊന്നാല്‍ ഇക്ക ജയിലിലാകും..തോക്ക് മാറ്റി വയ്ക്ക്” ഫൈസല്‍ അവന്റെ കൈയില്‍ കയറി പിടിച്ചു.
“മാറി നില്‍ക്കടാ..പോകുന്നതിനു മുന്‍പ് ഈ നായിന്റെ മോനെ ഒന്ന് കാണണം എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു..ഇന്നോടെ ഇവന്റെ സുഖക്കേട് ഞാന്‍ തീര്‍ക്കും”
കബീര്‍ തോക്കുമായി പുറത്തേക്ക് കുതിച്ചു. വാസുവിനെ കണ്ടു വിരണ്ടു നിന്നിരുന്ന സുഹൈലും അംജദും കബീര്‍ തോക്കുമായി വരുന്നത് കണ്ടു വേഗം മാറി. വാസു കബീറിന്റെ വരവ് കണ്ടു. അവന്റെ കൈയിലെ റിവോള്‍വറും കണ്ടു. തൊട്ടടുത്ത നിമിഷം അവന്റെ കൈയില്‍ ഇരുന്ന കത്തി ഒരു മൂളലോടെ മുന്‍പോട്ടു കുതിച്ചു. അതിനറെ പിടി കബീറിന്റെ കാലിന്റെ മുട്ട് ചിരട്ടയില്‍ ചെന്നടിച്ചു. കബീറില്‍ നിന്നും ഒരു നിലവിളി ഉയര്‍ന്നു. എന്താണ് സംഭവിച്ചത് എന്ന് അവന്‍ താഴേക്ക് നോക്കിയ ഒരു സെക്കന്റ് കൊണ്ട് വാസു അവന്റെ അരികിലെത്തിക്കഴിഞ്ഞിരുന്നു. ഒരു തട്ടിന് അവന്റെ തോക്ക് തെറിപ്പിച്ച് കത്തിയും കൈക്കലാക്കിയ വാസു താഴേക്ക് വീണ തോക്ക് പിടിച്ച് കബീറിനെ നോക്കി. പിന്നെ അതിലെ തിരകള്‍ ഊരിയെടുത്ത് എറിഞ്ഞ ശേഷം തോക്ക് അവനു നല്‍കി.
“വച്ചോ..പക്ഷെ തോക്കുപയോഗിക്കാനുള്ള പ്രായം നിനക്ക് ആയിട്ടില്ല. ഇന്നാ, തല്ക്കാലം ഈ കത്തി പിടി…എന്നിട്ട് ഒരു തന്തയ്ക്ക് പിറന്നവന്‍ ആണെങ്കില്‍ കുത്ത്..”
അവന്‍ കത്തി അവന്റെ കൈയില്‍ കൊടുത്തുകൊണ്ട് പറഞ്ഞു. കോപം കൊണ്ട് വിറച്ച കബീര്‍ കത്തി വാങ്ങി അവന്റെ നേരെ ആഞ്ഞു കുത്തി. തെന്നിമാറിയ വാസു തന്റെ തോള്‍ കത്തിയില്‍ മുട്ടത്തക്ക വിധം ഒന്ന് കറങ്ങി. അവന്റെ വലതു തോളിന്റെ താഴെ കൈ മുറിഞ്ഞു ചോര കിനിഞ്ഞു.