“മാമാ..ഞങ്ങള് വീണപ്പം ഒരു പോലീസ് മാമനാ ഞങ്ങളെ രക്ഷിച്ചത്..ആ മാമനാ വാപ്പച്ചിയെ കൊണ്ടുപോയത്..”
“അറിയാം മോളെ..മോള് വിഷമിക്കണ്ട. മാമന്‍ മോള്‍ടെ വാപ്പച്ചിയെ ഇവിടെ എത്തിക്കും..കേട്ടോ”
അവള്‍ തലയാട്ടി.
“മോനെ..ജ്ജ് ബാ കേറി ഇരിക്ക്..ഞമ്മളോട് അനക്ക് ഇഷ്ടക്കേട് ആണെന്നറിയാം..ഞമ്മക്ക് അത്രക്ക് വിവരമേ ഉള്ളു..ജ്ജ് അത് കാര്യാക്കണ്ട..ബാ കേറി ഇരിക്കിന്‍..”
പഴയ വൈരമൊക്കെ മറന്ന് സക്കീര്‍ പറഞ്ഞു. സഫിയ എന്ന കൊച്ചു മാലാഖയിലൂടെ അവരുടെ ഇടയിലെ ശത്രുത മഞ്ഞുരുകുന്നത് പോലെ ഇല്ലാതാകുകയായിരുന്നു.
“കണ്ടോ..അവനാണ് വാസു..ഇനി വാ..അവന്റെ വീട് കാണിക്കാം” അല്‍പ്പം അകലെ മാറി പാര്‍ക്ക് ചെയ്തിരുന്ന പജേറോയില്‍ ഇരുന്നുകൊണ്ട് മാലിക്ക് മാഞ്ചിയത്തോട് പറഞ്ഞു. മാഞ്ചിയം വാസുവിനെ നോക്കിക്കൊണ്ട് തലയാട്ടി. പജേറോ ഒരു മുരളലോടെ മുന്‍പോട്ടു കുതിച്ചു.
“ഇന്നാ മോനെ ചായ” ഷാജിയുടെ ഉമ്മ അവന് ചായ നല്‍കിക്കൊണ്ട് പറഞ്ഞു. വാസു വരാന്തയില്‍ സഫിയയെ അടുത്തിരുത്തി ചായ കുടിച്ചു.
“ഓ..മാമന്‍ ഒരു കാര്യം മറന്നു..” അവന്‍ ചായ അവിടെ വച്ച ശേഷം ചെന്ന് ബൈക്കിന്റെ ബാഗില്‍ നിന്നും ഒരു ക്യാരി ബാഗ് എടുത്ത് കൊണ്ടുവന്ന് സഫിയയ്ക്ക് നല്‍കി.
“ഇന്നാ..ഇത് ഉമ്മയ്ക്കും ഉമ്മൂമ്മയ്ക്കും ഉപ്പൂപ്പയ്ക്കും എല്ലാം കൊടുക്കണം കേട്ടോ” അവന്‍ പറഞ്ഞു. സഫിയ സന്തോഷത്തോടെ അത് വാങ്ങി തലയാട്ടിക്കൊണ്ട് ഉള്ളിലേക്ക് ഓടി.
“മോനെ ജ്ജ് ഷാജിയെ കണ്ടോ” സക്കീര്‍ ചോദിച്ചു.
“കണ്ടു..അവന്‍ സുഖമായി ഇരിപ്പുണ്ട്. നിങ്ങള്‍ വിഷമിക്കണ്ട. പക്ഷെ തല്‍ക്കാലം അവനെവിടെയുണ്ട് എന്ന് ആരും അറിയണ്ട എന്നാണ് പൌലോസ് സാറ് പറഞ്ഞത്..”
“അത് മതി മോനെ..എന്റെ മോന്‍ സുഖമായി ഇരിപ്പുണ്ട് എന്നറിഞ്ഞാ മാത്രം മതി ഞമ്മക്ക്” സക്കീര്‍ കണ്ണുകള്‍ തുടച്ചു.