“മോറോവര്‍ ഇപ്പോള്‍ കബീറും പോകാനാകാതെ കുടുങ്ങിക്കഴിഞ്ഞു..” മാലിക്ക് പറഞ്ഞു. വക്കീല്‍ ആലോചിക്കുന്നത് നോക്കിക്കൊണ്ട് മൂവരും മദ്യം നുണഞ്ഞു.
“ഈ പറഞ്ഞ മൊഴികളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഉണ്ടാകാന്‍ ചാന്‍സില്ല. അഥവാ ഉണ്ടായാലും നിങ്ങളുടെ ഒരു രോമത്തെ പോലും അവര്‍ക്ക് തൊടാനും പറ്റില്ല. അതെനിക്ക് വിട്ടേക്കുക. പക്ഷെ ഇതെല്ലാം വലിയ പ്രശ്നമായി മാറാവുന്ന മറ്റൊന്നുണ്ട്..അതാണ് നമ്മള്‍ ചിന്തിക്കേണ്ടത്” അവസാനം ഭദ്രന്‍ പറഞ്ഞു.
ഡെവിള്‍സ് ചോദ്യഭാവത്തില്‍ അയാളെ നോക്കി.
“എങ്ങനെയാണ്, അല്ലെങ്കില്‍ എന്താണ് അവരുടെ മുന്‍പോട്ടുള്ള പ്ലാന്‍ എന്ന് നമുക്കൊരു ഊഹവുമില്ല. ഏതെങ്കിലും ക്രിമിനലുകള്‍ നിങ്ങളുടെ പേര് പറഞ്ഞു എന്ന് കരുതി അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് അവര്‍ക്ക് തന്നെ അറിയാം. അതുകൊണ്ട് ഈ മൊഴികളുടെ പേരില്‍ നിങ്ങള്‍ക്കെതിരെ നിയമനടപടി ഉണ്ടാകില്ല എന്നുതന്നെയാണ് എന്‍റെ ഉറച്ച വിശ്വാസം. പക്ഷെ ഇത് മുംതാസ് കേസുമായി കൂട്ടിയിണക്കിയാല്‍, കളി മാറും. അതാണ് എന്നെ ആശങ്കപ്പെടുത്തുന്നതും. എങ്കിലും കേസ് റീ ഓപ്പണ്‍ ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ ഇതിലെ പ്രതികള്‍ എന്ന് കരുതപ്പെടുന്നവരെ അറസ്റ്റ് ചെയ്യാനും നിയമപരമായി ചോദ്യം ചെയ്യാനും കസ്റ്റഡിയില്‍ വയ്ക്കാനും അവര്‍ക്ക് സാധിക്കൂ. കേസ് റീ ഓപ്പണിംഗ് അത് അത്ര നിസ്സാരമായി സാധിക്കാവുന്ന ഒന്നല്ല. കാരണം ഈ കേസ് കോടതി രണ്ടാമതും പരിഗണിക്കാന്‍ വേണ്ട സാഹചര്യം ഇപ്പോള്‍ നിലവിലില്ല. അതുകൊണ്ട് എന്റെ ഊഹം ശരിയാണ് എങ്കില്‍ അവര്‍ക്ക് ഒട്ടുമിക്ക തെളിവുകളും ലഭിച്ച സ്ഥിതിക്ക് ഇനി ഇതിന്റെ സ്ക്രിപ്റ്റ് എഴുതി സാക്ഷി മൊഴികളും തെളിവുകളും അതില്‍ കൂട്ടിയിണക്കുക എന്നതായിരിക്കും അടുത്ത പടി. പിന്നെ ഈ കേസ് കോടതി പരിഗണിക്കത്തക്ക ഒരു സാഹചര്യം സൃഷ്ടിക്കാന്‍ അവര്‍ ശ്രമിക്കും. കേസിലെ ഒന്നാംപ്രതി ആയ കബീറിനെ അവര്‍ മിക്കവാറും കുടുക്കാന്‍ പോകുന്നതും ആ സമയത്തായിരിക്കും. അവനും മുംതാസും തമ്മിലുള്ള ബന്ധം അറിയാവുന്ന പലരെയും അവര്‍ക്ക് കിട്ടും. പൌലോസിനെപ്പോലെ ഒരു ഉദ്യോഗസ്ഥന്റെ മുന്‍പില്‍ അവന് പിടിച്ചു നില്ക്കാന്‍ പറ്റില്ല. കൂടാതെ നിങ്ങളുടെ പല വിവരങ്ങളും അറിയാവുന്ന അസീസ് അവര്‍ക്കൊപ്പം ഉണ്ട്. ഷാജിയെപ്പറ്റി യാതൊരു വിവരവും കിട്ടിയിട്ടുമില്ല. അവന്‍ മരിച്ചോ അതോ ജീവനോടെ ഉണ്ടോ എന്ന് നമുക്ക് അറിയില്ല. അവന്‍ ജീവനോടെ ഉണ്ടെങ്കില്‍, ഭേരുവിന്റെ മൊഴി പൌലോസ് അവനെ അറിയിക്കും. അവന്‍ കൂടി നിങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍…” വക്കീല്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി മൂവരെയും നോക്കി.