മൃഗം 27
Mrigam Part 27 Crime Thriller Novel | Author : Master
Previous Parts
മകളെ തന്റെ കൈകളില്‍ ശക്തമായി പിടിച്ചിരുന്ന ഷാജി ഉയര്‍ന്നു റോഡിന്റെ വശത്തുള്ള പറമ്പിലേക്ക് തെറിച്ചു വീണതും ഭേരുവിന്റെ ട്രക്ക് അവന്റെ ബൈക്കിന്റെ മുകളിലൂടെ, അതിനെ ഞെരിച്ചുടച്ച് കയറിയിറങ്ങിയതും ഒരുമിച്ചായിരുന്നു.
ബൈക്ക് തകര്‍ത്ത് കൊണ്ട് മുന്‍പോട്ടു നീങ്ങിയ ലോറിയെ ശരവേഗത്തില്‍, മിന്നുന്ന പ്രകാശരശ്മികള്‍ പ്രസരിപ്പിച്ച് കുതിച്ചെത്തിയ പോലീസ് വാഹനം മറികടന്ന് തടഞ്ഞു റോഡിനു കുറുകെ ശക്തമായ കുലുക്കത്തോടെ നിന്നു. അതിന്റെ ടയറുകള്‍ ഉരയുന്ന ശബ്ദം കേട്ടു റോഡ് യാത്രികര്‍ ഞെട്ടലോടെ അങ്ങോട്ട് നോക്കി. ജീപ്പില്‍ നിന്നും പൌലോസ് മിന്നായം പോലെ പുറത്തേക്ക് ചാടി. ലോറിയില്‍ നിന്നും ചാടിയിറങ്ങി ഓടാന്‍ ശ്രമിച്ച ഭേരുവിന്റെ പിന്നാലെ ഒരു പുലിയെപ്പോലെ കുതിച്ചു ചെന്ന പൌലോസ് അവനെ ഒറ്റ ചവിട്ടിനു വീഴ്ത്തി തൂക്കിയെടുത്ത് പോലീസുകാര്‍ക്ക് എറിഞ്ഞുകൊടുത്തു. പോലീസുകാര്‍ അവനെ വളഞ്ഞു പിടിച്ച് വണ്ടിയിലേക്ക് കയറ്റുമ്പോള്‍ സഫിയയുടെ നിലവിളി പൌലോസിന്റെ കാതിലെത്തി. അയാള്‍ ശബ്ദം കേട്ട ഭാഗത്തേക്ക് കുതിച്ചു. തൊട്ടടുത്ത പറമ്പിലെ പൂഴിമണ്ണില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഷാജിയെയും അവന്റെ കൈയില്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ കിടന്നു കരയുന്ന സഫിയയെയും കണ്ടപ്പോള്‍ പൌലോസ് ഞെട്ടി.
“കോള്‍ ദ ആംബുലന്‍സ്..” പിന്നിലേക്ക് നോക്കി അയാള്‍ അലറി.
—————-
“ഭേരു…പട്ടിക്കഴുവേറി മോനെ…നീ അന്നത്തെപ്പോലെ ഇന്നും വന്ന് ഉണ്ടാക്കിയിട്ട് അങ്ങ് പോകാമെന്ന് കരുതി അല്ലേടാ” ഭിത്തിയോട് ചാരി നിര്‍ത്തിയിരുന്ന ഭേരുവിന്റെ നെഞ്ചില്‍ കാലുയര്‍ത്തി ചവിട്ടിക്കൊണ്ട് പൌലോസ് അലറി. അയാളുടെ മുഖം കോപം കൊണ്ട് ജ്വലിക്കുന്നുണ്ടായിരുന്നു. കരുത്തനായ ഭേരു മുറിയുടെ ഒരു പഴന്തുണി പോലെ നിലത്തേക്കൂര്‍ന്നു.
“സര്‍..ഫോണ്‍” ഒരു പോലീസുകാരന്‍ ഉള്ളിലെത്തി പറഞ്ഞു.
പൌലോസ് ക്യാബിനിലേക്ക് ചെന്ന് ഫോണെടുത്തു.
“പൌലോസ്…ങേ..എവിടെ? അതെയോ? ശരി..വരാം..”
പൌലോസ് വേഗം തൊപ്പി എടുത്ത് ധരിച്ചു. എന്നിട്ട് ബെല്ലില്‍ വിരലമര്‍ത്തി. ഒരു പോലീസുകാരന്‍ ഉള്ളിലേക്ക് എത്തി സല്യൂട്ട് നല്‍കി.
“അക്ബറിനെ വിളിക്ക്”
“സര്‍”