അവൻ അവിടെനിന്നും യാദോരു കുഴപ്പവും ഇല്ലാതെ വീട്ടിലേക്ക് പോയി എന്ന് അറിയാമായിരുന്നിട്ടും ആ സമയത്ത് അത് അവളോട് പറയാൻ ശിവൻ ശ്രമിച്ചില്ല… ഒരുപക്ഷേ അത് അറിഞ്ഞാൽ അവൾ വീണ്ടും തങ്ങളുടെ വരുതിയിൽ നിന്ന് അകന്നു പോകുമോ എന്ന ഭയം അയാളെ അലട്ടിയിരുന്നു…
“ഭാസ്കരേട്ടാ ഇവളെ പിടിച്ചോണ്ട് പോയേ… ” ശിവൻ തന്റെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു…
ജീവിതത്തിൽ ഒരിക്കലും തന്റെ രേഷ്മയെ വിഷമിപ്പിക്കരുത് എന്ന് ആഗ്രഹിച്ചിരുന്ന ശിവന് അവളുടെ ആ വാക്കുകൾ താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു…. എങ്കിലും തന്റെ വിഷമമൊന്നും ഒരു തരിപോലും പുറത്ത് കാട്ടാതിരിക്കാൻ ശിവൻ കിണഞ്ഞു ശ്രമിച്ചു….
ഭാസ്കരൻ അവളെ എഴുന്നേൽപ്പിച്ചു അവളുടെ മുറിയിലേക്ക് കൊണ്ടുപോയി …
” അച്ഛാ… എന്നോട് ഒന്ന് മിണ്ട് അച്ഛാ…
എന്നെ അത്രക്ക് വേണ്ടാതായോ നിങ്ങൾക്ക് ???.”
ഭാസ്കരൻ തന്റെ മകളെ തളർന്ന മട്ടിൽ നോക്കി… അയാളുടെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണീർ പുറത്തേക്ക് വീണു… പക്ഷെ അവളോട് ഒരു വാക്ക് പോലും മിണ്ടാൻ അയാൾ ശ്രമിച്ചില്ല… രേഷ്മ തന്റെ അച്ഛന്റെ കയ്യിൽ പിടിച്ചു…
” അച്ഛാ… ” എന്നോട് ക്ഷമിക്ക്… ഇപ്പൊ എന്റെ ഈ ഒരു ആവശ്യം നിങ്ങൾ സാധിച്ചു തന്നാ മതി… ” രേഷ്മയുടെ കൈ തട്ടിയകറ്റി ഭാസ്കരൻ നടന്നകന്നു… താൻ പറയുന്ന ഒന്നിനും ഇനി ഈ വീട്ടിൽ ഒരു വിലയും ഉണ്ടാകില്ല എന്ന് അവൾക്ക് തോന്നി…
ആരോട് പറഞ്ഞാലും എതിർപ്പ് മാത്രമാണ് ഫലം… പക്ഷെ അവൾക്ക് വീണ്ടും വീണ്ടും അവൻ എന്തോ അപകടത്തിലാണ് എന്ന തോന്നൽ ഉള്ളിൽ ഉടലെടുത്തുകൊണ്ടിരുന്നു… ഇനിയും ഇത് പറഞ്ഞാൽ അവർ തന്നെ ഒട്ടും പരിഗണിക്കില്ല എന്ന് തോന്നിയപ്പോൾ അവൾ ആ ശ്രമം ഉപേക്ഷിച്ചു…
അവൾ അവിടെ നിന്നും പിന്നീട് എഴുന്നേറ്റില്ല… ഒരേ കിടപ്പ് തന്നെയായിരുന്നു… ഉടുത്തിരുന്ന സാരി മാറിയിടാനോ , ഭക്ഷണം കഴിക്കാനോ അവൾ എഴുന്നേറ്റില്ല…
അവൾക്ക് വേണ്ട ഭക്ഷണം അവളുടെ മുറിയിൽ എത്തിച്ചു കൊടുത്തത് പൂർവ്വസ്ഥിതിയിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു… നേരം ഇരുട്ടാൻ തുടങ്ങി…
സമയം തൃസന്ധ്യ കഴിഞ്ഞിരുന്നു… അസ്തമയ സൂര്യന്റെ അവസാന കിരണങ്ങൾ മാത്രം ഭൂമിയിൽ അവശേഷിച്ചു…
“ഇന്നിനി നീ വീട്ടിലേക്ക് പോവണ്ട ശിവാ…” ഭാസ്കരൻ പറഞ്ഞു…
ഹമ്മം.. ഞാനും അത് ആലോചിച്ചു… പോയാലും എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല… മനസ്സ് മുഴുവൻ ഇവിടായിരിക്കും… ” ശിവൻ ഉമ്മറത്തെ പടിയിൽ ഇരുന്നുകൊണ്ട് നിലത്തേക്ക് ചാഞ്ഞു കിടന്നു…
പെട്ടന്ന് മൊബൈൽ റിങ് ചെയ്ത ശബ്ദം കേട്ട് ശിവൻ എഴുന്നേറ്റു… കൊണ്സ്ട്രബിൾ രാമൻ ആണ്…
” ഹാലോ… എന്താ രാമേട്ടാ…”
” ശിവാ ആ ചെക്കൻ ആത്മഹത്യ ചെയ്തു… “