ശിവൻ എന്തെങ്കിലും തിരിച്ചു പറഞ്ഞിരുന്നെങ്കിൽ ഇതിലും മോശമായി അവൾ സംസാരിക്കുമായിരുന്നു എന്ന് അവളുടെ മുഖം വ്യക്തമാക്കി…
ശിവൻ തണുത്തു മരവിച്ച പോലെ നിന്നു… അയാളെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് അവൾ നടക്കാൻ ഒരുങ്ങി…
പക്ഷെ പെട്ടന്ന് തന്നെ എന്തോ ഓർമ വന്ന മട്ടിൽ അവൾ നിന്നു…
” ഇനി ഈ സാധനം എനിക്ക് എന്തിനാ… ”
അവൾ ആ കപ്പലണ്ടി മിട്ടായിയുടെ പൊതി വലിച്ചെറിഞ്ഞു…. ശിവൻ മുഖമുയർത്തി അവളെ നോക്കി…
അയാളുടെ കണ്ണീരിൽ കുതിർന്ന മുഖം ഒരു നിമിഷം നോക്കിനിന്നു…
അത് നോക്കി നിൽക്കാൻ ആവാത്തതുകൊണ്ടാവണം രേഷ്മ വേഗം നടന്നു നീങ്ങി…
ശിവൻ തിരിഞ്ഞു നിന്നു…
കവലയിൽ ആ സമയത്ത് ഉണ്ടായിരുന്നവർ മുഴുവൻ അയാളെ തന്നെ നോക്കി നിൽക്കുകയാണ്… ഫിലിപ്പോസിന്റെ മുഖത്ത് ഒരു കള്ളച്ചിരി കളിയാടുന്നുണ്ട്… പക്ഷെ അതൊന്നും അയാളെ വിഷമിപ്പിച്ചില്ല…
ആ സമയത്തും അയാൾ അവൾ വലിച്ചെറിഞ്ഞ ആ പൊതിയിൽ നോക്കി നിൽക്കുകയായിരുന്നു… പുറത്തേക്ക് തെറിച്ചു പോയ കപ്പലണ്ടി മിട്ടായിയിലൂടെ ഉറുമ്പ് അരിക്കുന്നുണ്ടായിരുന്നു…
അത് തന്റെ ഹൃദയമായിരുന്നു എന്ന് ഉറുമ്പിന് അറിയില്ലല്ലോ…
( തുടരും )