അവളെ സംരക്ഷിക്കാൻ പറ്റാറ്റാത്തത്തിലുള്ള വിഷമം ആണോ അതോ അപമാനിക്കപ്പെട്ടു എന്ന ഉൾമനസ്സിലെ തോന്നാലാണോ..???
എന്തുതന്നെ ആയാലും ഓരോ വ്യക്തിയുടെയും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ താൻ വിചാരിക്കുന്നത് പോലെ തന്നെ ആകണം എന്ന വാശി ശിവൻ ഉപേക്ഷിച്ചു….
കളങ്കമറ്റ ആണ്കുട്ടികളും ഈ ലോകത്ത് ഉണ്ട്…
ശിവൻ ഒരു നെടുവീർപ്പിട്ടു…
സാധാരണ വിശ്രമിക്കാൻ കിടക്കുന്ന അതേ മട്ടിൽ ചവിട്ടുപടിയിൽ ഇരുന്ന് പുറകിലേക്ക് ചാഞ്ഞു…
വെളിച്ചം പതിയെ ഭൂമിയോട് വിട പറഞ്ഞു….
അപ്പോഴും അയാളുടെ ഇടത് കണ്ണിലൂടെ കണ്ണീർ പുറത്തേക്ക് വരുന്നുണ്ടായിരുന്നു…
ദിവസങ്ങൾ കടന്നു പോയി… രേഷ്മയെ പോയി കാണാനോ അവളെ അഭിമുഖീകരിക്കാനോ ഉള്ള ശക്തി ഇല്ലാതെ ശിവൻ വീർപ്പുമുട്ടി… കവലയിലേക്ക് ഇറങ്ങാൻ കഴിയുന്നില്ല… ആളുകൾ പലതും പറയുന്നുണ്ട്… ആർക്കും വ്യക്തമായി ഒന്നും അറിയില്ല എങ്കിലും തന്റെ മകൾക്ക് ഒരു പയ്യാനുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന് നാട്ടിലെ പുൽകോടിക്ക് പോലും അറിയാം… ചിലർ അവൾ ആ പയ്യനെ ഉപേക്ഷിച്ചു പോയിക്കാണും എന്ന രീതിയിൽ ന്യായികരിച്ചപ്പോൾ ചിലർ ആ പയ്യന് മടുത്തപ്പോ ഇട്ടിട്ട് പോയതാവും എന്ന രീതിയിലും പറഞ്ഞു പരത്താൻ തുടങ്ങി…
കവലയിലെ കമന്റടികൾ എല്ലാം വള്ളിപുള്ളി തെറ്റാതെ ശിവൻ അറിയുന്നുണ്ടായിരുന്നു… പക്ഷെ അവരോട് എതിർക്കാനോ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കാനോ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല ശിവൻ… അയാൾ വല്ലാതെ മാറാൻ തുടങ്ങിയിരുന്നു…
ശരിക്കും ഉറങ്ങാൻ പറ്റാത്തതിന്റെ ക്ഷീണം ആ കണ്ണുകളിൽ കാണാം… തടിയുള്ള ശരീരത്തിന് കാര്യമായ മാറ്റം ഒന്നും ഇല്ലെങ്കിലും പഴയ ഒരു ഓജസ്സ് ഇല്ലാത്ത ശിവൻ ആയിരുന്നു ഇപ്പോൾ അയാൾ…
ഭാസ്കരൻ പലപ്പോഴായി വിളിക്കുന്നുണ്ട്…
” മോള് ഒന്നും മിണ്ടുന്നില്ലടാ ശിവാ…
ഞാനും രേണുവും അവളോട് പറയാവുന്നതൊക്കെ പറഞ്ഞു…
ഒരു ജീവനില്ലാത്ത ശരീരം പോലെ ആയി എന്റെ മോള്…. ”
” നിനക്ക് ഒന്ന് വന്ന് സംസാരിച്ചൂടെ… ” നീയും അവളെ മോളെ എന്നല്ലേ വിളിക്കുന്നെ… ???”
” ആർക്കോ വേണ്ടി ജീവിക്കുന്ന പോലെ ഒക്കെ ഇപ്പൊ തോന്നിപ്പോവുന്നു ശിവാ… ഞങ്ങൾ ഇവിടെ ആരോടും ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ പോലും പറ്റാതെ വീർപ്പുമുറ്റുകയാടാ… ഒന്നിവിടെ വരെ വാ… ”
ഓരോ തവണ ഭാസ്ക്കരൻ വിളിക്കുമ്പോഴും പല പല കാര്യം പറഞ്ഞ് ശിവനെ വീട്ടിലേക്ക് ക്ഷണിച്ചു… രേഷ്മയെ ഒന്ന് കാണാൻ പറഞ്ഞുനോക്കി… പക്ഷെ ശിവൻ ഒരു മറുപടി പോലും പറയാൻ നിൽക്കാറില്ല…
എന്ത് പറയണം എന്ന് അയാൾക്ക് അറിയുകയും ഇല്ലായിരുന്നു…
ഒരു കൂട് ബീടിയും അല്പം ഭക്ഷണവും മാത്രം മതിയായിരുന്നു ശിവന് ജീവിക്കാൻ…