ആ മനസ്സ് ആകെ വ്യാകുലമായിരുന്നു….
ഒരു വാക്ക് പോലും മിണ്ടാതെ അവൾ മുറിക്കകത്തേക്ക് കടന്നു…
തൻറെ മകളുടെ കാലൊച്ച കേട്ടപ്പോൾ രേണുക ഓടിവന്നു…
കെട്ടു പൊട്ടിയ പട്ടം പോലെ അവളുടെ ഹൃദയം പാറി നടക്കുകയാണെന്ന് അവർക്ക് മനസ്സിലായിരുന്നു…
ഒരു പക്ഷെ മറ്റൊരു കടുംകൈക്ക് തന്റെ മകൾ മുതിരുമോ എന്ന ഒരു ഭയവും രേണുകയിൽ ഉണ്ടായിരുന്നു… രേഷ്മ അകത്ത് കയറി കതകടക്കാൻ തുടങ്ങുന്നു എന്ന് കണ്ടപ്പോൾ അവരുടെ ആദി കൂടി… രേണുക ഓടിയടുത്തു…
വാതിൽ വല്ലാത്ത ശക്തിയോടെ അമർത്തിത്തുറന്നു… അമ്മയുടെ വ്യാകുലമായ ഭാവങ്ങൾ മുഖത്ത് മിന്നിമറയുന്നത് കണ്ടപ്പോൾ രേഷ്മയുടെ മുഖത്ത് ഒരു പുച്ഛം തെളിഞ്ഞു വന്നു…
” അമ്മ പേടിക്കണ്ട… ഞാൻ ചാവാനൊന്നും പോണില്ല… ”
ഇതിനൊക്കെ നിങ്ങൾ എല്ലാവരും അനുഭവിക്കണം… അത് എന്റെ ഒരു വാശി ആണ്… ”
അവളുടെ കണ്ണുകളിൽ തിളക്കുന്ന തീ അതു ഊട്ടിയുറപ്പിക്കുന്നുണ്ടായിരുന്നു..
” ഞങ്ങൾ എന്ത് ചെയ്തിട്ടാ മോളെ… ”
രേണുക കരഞ്ഞുകൊണ്ട് ചോദിച്ചു…
” നിന്റെ നല്ലതിന് വേണ്ടിയിട്ടല്ലേ ഞങ്ങൾ എല്ലാം ചെയ്യുന്നത്…. ”
രേഷ്മയുടെ മുഖം കലുഷിതമായി…
” ഹമ്മം… നല്ലത്…
എന്റെ ജീവൻ കളഞ്ഞിട്ട് നല്ലതിന് വേണ്ടി ആണെന്ന് പറയരുത് അമ്മേ… ”
” നിങ്ങൾ ആരെങ്കിലും അവനെ ഒന്ന് പോയി കണ്ട് സമാധാനിപ്പിച്ചിരുന്നെങ്കിൽ….
ഒരു കോൾ എങ്കിലും വിളിച്ചിരുന്നെങ്കിൽ അവൻ ഈ ഭൂമിയിൽ ഇപ്പോഴും ഉണ്ടായിരുന്നേനെ… ” രേഷ്മ വാ വിട്ടു കരഞ്ഞു… ഭാസ്കരൻ മുറിയുടെ വാതുക്കൽ എല്ലാം കേട്ട് നിന്നു…
അവളോട് എതിർത്ത് എന്തെങ്കിലും പറയാനോ, ഒന്ന് സമാധാനിക്കടി മോളെ എന്ന് പറയാനോ അയാൾക്ക് കഴിഞ്ഞില്ല… അവളുടെ മുഴുവൻ ശാപവാക്കുകളും ഏറ്റുവാങ്ങാൻ അയാൾ മനസ്സുകൊണ്ട് ഒരുങ്ങുകയായിരുന്നു… ഒരു പക്ഷെ അത് തൻറെ മകളുടെ മനസ്സിന്റെ സമനില തെറ്റാതിരിക്കാൻ ഉപകാരപ്പെടും …
” ചാവില്ല ഞാൻ അമ്മേ… ”
രേഷ്മ കണ്ണീർ തുടച്ച് ഘോരഭാവത്തിൽ പറഞ്ഞു…
ചാവില്ല… ചാവില്ല….
രേഷ്മ തന്റെ കട്ടിലിൽ കയറി കിടന്നു…
തന്റെ കണ്മുന്നിൽ നിന്ന് ഭൂമിയെ ചവിട്ടി മേദിച്ച് ഇറങ്ങിപ്പോയ രേഷ്മയെ ഓർത്ത് ശിവൻ തന്റെ വീടിന്റെ ഉമ്മറത്തെ ചവിട്ടുപടിയിൽ
ഇരുന്നു….
” ഇല്ല… അവൾ തിരിച്ചുവരും… ഞാൻ വിളിച്ചാൽ വരാതിരിക്കാൻ അവൾക്ക് പറ്റുമോ… ”
ശിവൻ വൃഥാ ചിന്തിച്ചു…
അയാളുടെ മനസ്സിലേക്ക് അവളുടെ കളങ്ങിമറിഞ്ഞ കണ്ണുകൾ തെളിഞ്ഞു വന്നു…
എന്നും നിഷ്കളങ്കമായി മാത്രം കണ്ടിരുന്ന ആ മുഖം ക്രോധരൂപം പൂണ്ട രംഗം അയാളുടെ മനസ്സിനെ വീണ്ടും വീണ്ടും വേട്ടയാടി…
പക്ഷെ അപ്പോഴും അയാളുടെ മനസ്സിൽ അവൾ ആ പഴയ കുട്ടിക്കളികൾ നിറഞ്ഞ രേഷ്മയായി തിരിച്ചുവരും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു…
എന്നാലും എന്തിനായിരിക്കും അവൻ ഇതുപോലെ ഒരു തീരുമാനം എടുത്തത്…? ശിവൻ ചിന്തയിലാണ്ടു…