കുറ്റബോധം 11 [Ajeesh]

Posted by

” മോള് ഇത് വച്ചോ … ”
ഒടിഞ്ഞു പോയ ഒരു പുല്ലാങ്കുഴൽ നീട്ടിക്കൊണ്ട് അവർ പറഞ്ഞു…
രേഷ്മ അതിലേക്ക് ആദരവോടെ നോക്കി…
അതിനറ്റത്ത് അപ്പോഴും ആ ചുവന്ന ചരട് ഉണ്ടായിരുന്നു…
അവൾ ഇറങ്ങി നടന്നു…
പുറത്തേക്ക് കടന്നപ്പോൾ അവളുടെ കണ്ണിൽ അടങ്ങാത്ത കോപം മാത്രമായിരുന്നു…
ഇനി ഈ ലോകത്തിലെ സകല ശക്തികളും ഒന്നിച്ചു ശ്രമിച്ചാലും അവളെ കീഴ്പ്പെടുത്താൻ കഴിഞ്ഞേക്കില്ല…. പുറത്തിറങ്ങിയതും ശിവൻ അവളുടെ അടുത്തേക്ക് വന്നു…
” വാ മോളെ പോവാം… ”
രേഷ്മ തന്റെ ഘോര രൗദ്ര ഭാവത്തോടെ ശിവനെ നോക്കി…
അവളുടെ നോട്ടത്തിലുള്ള ആജ്ഞ വ്യക്തമായി ശിവന് മനസ്സിലായി…
അയാൾ നിശ്ചലനായി നിന്നു…
രേഷ്മ പുറത്തേക്ക് നടന്നു…
ആരെയും അവൾ ശ്രദ്ധിച്ചില്ല. വല്ലാത്ത ഒരു വേഗത അവളുടെ നടത്തത്തിന് ഉണ്ടായിരുന്നു…
വീടിന്റെ പുറത്ത് എത്തിയതും ശിവൻ രേഷ്മയുടെ പുറകെ ഓടിയെത്തി…
“ഇവിടെ നിന്നാൽ ബസ് കിട്ടില്ല മോളെ… നമുക്ക് അങ്ങോട്ട് മാറി നിൽക്കാം”
ശിവൻ രേഷ്മയുടെ കൈ പിടിച്ചു തിരിഞ്ഞു നടന്നു…
” മാറാടോ… ” രേഷ്മ കുതറിമാറി…
ശിവൻ ഭയപ്പാടോടെ അവളെ നോക്കി…
ശിവട്ടാ എന്ന് മാത്രമേ ആ നാവിൽ നിന്ന് ഇതുവരെ അയാൾ കെട്ടിരുന്നുള്ളൂ…
ശിവന്റെ ആപാദചൂഡം തളർന്നു പോയിരുന്നു… അയാൾ വിറങ്ങലിച്ചു നിന്നു… അകലെ നിന്നും ഒരു ബസ്സ് വരുന്നുണ്ടായിരുന്നു.. രേഷ്മ റോഡിന്റെ നടുക്കിലേക്ക് അത്യാവശ്യം കയറി നിന്ന് കൈ കാണിച്ചു…
ബസ്സ് നിർത്തി… അവൾ അതിൽ കയറി ഇരുന്നു…
ശിവന് അപ്പോഴും പ്രതികരണ ശേഷി തിരിച്ചു കിട്ടിയിരുന്നില്ല… ബസ്സ് പതിയെ നീങ്ങി… അവർ ഇരുവരുടെയും ഇടയിൽ ഒരു തിരശീല വീണു കഴിഞ്ഞിരുന്നു… ഒരു പക്ഷെ ഇനി ഒരിക്കലും ഉയർത്താൻ സാധിക്കാത്ത അത്രയും ഭാരമുള്ള തിരശ്ശീല…
രേഷ്മ വീട്ടിൽ കയറിച്ചെന്നു…
ഭാസ്‌കരൻ വീടിന്റെ ഉമ്മറത്ത് തന്നെ മകളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു… കൂടെ ശിവനെ കാണാതായപ്പോൾ അയാളുടെ ഉള്ളിൽ ഒരു പരിഭ്രാന്തി പടർന്നു…
അവളോടെ എന്ത് പറഞ്ഞ് അടുക്കണം എന്ന് അയാൾക്കും അറിയില്ലായിരുന്നു…
നടന്ന് ഉമ്മറപ്പടിയുടെ അടുത്ത് അവൾ എത്തിയപ്പോൾ അയാൾ പറഞ്ഞു
” പോട്ടെ മോളെ… ജീവിതം അങ്ങനെയൊക്കെ ആണ്… ”
ഭാസ്‌കരൻ മകളുടെ നെഞ്ചോട് ചേർത്ത് പിടിച്ച് വിതുമ്പി…
അവൾ പ്രതികരിച്ചില്ല… അച്ഛനോട് എങ്ങനെ പ്രതികരിക്കണമെന്നും അവൾക്ക് അറിയില്ലായിരുന്നു ….

Leave a Reply

Your email address will not be published. Required fields are marked *