തന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് രേഷ്മ അറിഞ്ഞു… കണ്ണുകളിൽ നിന്നും കണ്ണീർ നിർത്താതെ വരുന്നുണ്ട്… എങ്കിലും അവൾ ഒരു രീതിയിലും ശബ്ദമുണ്ടാക്കിയില്ല…
മൂകയായി ആ അകത്തളത്തിൽ ഇരുന്നു… അവനെത്തന്നെ നോക്കിയിരുന്നു… കണ്ണുകളെടുക്കാതെ… ചുറ്റും കൂടി നിന്നിരുന്ന സ്ത്രീകൾ പലരും അവളെക്കണ്ട് പലതും പറയാൻ തുടങ്ങി..
” ഏതാ ഈ കുട്ടി… ? ”
” ഞാൻ ആദ്യമായിട്ട് കാണുവാ..”
” കൂടെ പഠിച്ചവർ ആരെങ്കിലും ആയിരിക്കും ”
” അങ്ങാനാണെങ്കിൽ വേറെയും കുട്ടികളെ കാണണ്ടെടി ”
അവർ അങ്ങനെ പലതും ചെറിയതും വലിയതും ആയ ശബ്ദത്തിൽ പിറുപിറുത്തുകൊണ്ടിരുന്നു…
രേഷ്മ അതൊന്നും ചെവിക്കൊണ്ടില്ല…
അവൾക്ക് തന്റെ ജീവൻ നഷ്ട്ടപ്പെട്ട പ്രതീതി ആയിരുന്നു… ഏറെ നേരം അവൾ രാഹുലിനെ നോക്കി ഇരുന്നു… ആ ഇരുപ്പിൽ എന്തോ അസൗകര്യം തോന്നിയ പോലെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവനെ മുറുകെ കെട്ടിപ്പിടിച്ചു കിടന്നു…
” എന്താ കുട്ടി ഈ കാണിക്കണേ…
ബോഡിയിൽ അങ്ങനെ തൊടാൻ പാടില്ല… ” ഹാളിൽ കൂടി നിന്ന ഒരു സ്ത്രീ അല്പം ഉറക്കെ പറഞ്ഞു… പക്ഷെ രേഷ്മക്ക് അത് കാര്യമാക്കിയില്ല…
അവൾ നിലത്തിരുന്ന് അവന്റെ നെഞ്ചിൽ തല ചായ്ച്ചു കൊണ്ട് കണ്ണടച്ച് കിടന്നു…
കൂടി നിന്നവർ പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്ന ശബ്ദം ഹാളിൽ മുഴങ്ങി നിന്നു…
അൽപ നേരം കഴിഞ്ഞപ്പോൾ ഒരു സ്ത്രീ വന്ന് അവളെ എഴുന്നേല്പിക്കാൻ ശ്രമിച്ചു…
” മോളേ ഇങ്ങനെ കിടക്കരുത്…” എണീക്ക്…
രേഷ്മ വലിയൊരു അലർച്ചയോടെ ശക്തിയായി കുതറിമാറി… ചുറ്റുമുള്ളവർ അവളെക്കണ്ട് ആകെ ഭയന്ന് പോയി…
പെട്ടെന്ന് രാഹുലിന്റെ അമ്മ അവരെ വിലക്കി…
രേഷ്മയെ പിടിച്ചു എഴുന്നേൽപ്പൊക്കാൻ ശ്രമിച്ച സ്ത്രീ രാഹുലിന്റെ അമ്മയോട് സ്വകാര്യമായി പറയുന്ന പോലെ അല്പം ഉച്ചത്തിൽ തന്നെ പറഞ്ഞു…
” ഏതാ ഈ കൊച്ച്…??? ചേച്ചി അതിനെ ഒന്ന് എണീപ്പിച്ചു വിട്ടെ… ”
രേഷ്മ കിടന്ന കിടപ്പിൽ തന്നെ രാഹുലിന്റെ അമ്മയെ നോക്കി…
കരഞ്ഞു തളർന്ന് അവശയായി ഇരിക്കുകയാണ് അവർ… തന്നെ ഇവിടെ നിന്നും പുറത്തേക്ക് ഇറക്കി വിടുമെന്ന് തോന്നിയതിനാൽ അവൾ രാഹുലിനെ കൂടുതൽ മുറുകെ ചേർത്തു പിടിച്ചു…
” ചേച്ചീ…” അവർ വീണ്ടും നിർബന്ധിക്കാൻ തുടങ്ങി…
” എന്റെ മോനോട് ആ കുട്ടിക്ക് അത്രക്കും സ്നേഹം ഉള്ളോണ്ടല്ലേ ബീനേ…..
ഇനി എന്റെ മോൻ തിരിച്ചു വരില്ലല്ലോ… ഒന്ന് ചേർത്ത് പിടിക്കാൻ പോലും പറ്റില്ലല്ലോ…
രാഹുലിന്റെ അമ്മ നെഞ്ചുതല്ലി കരഞ്ഞു…
ഇതികർത്തവ്യമൂഡയായ പോലെ ബീന പിൻവാങ്ങി…
പിന്നെ ആരും അവളെ എതിർത്തില്ല… അവർ തമ്മിലുള്ള അടുപ്പത്തിന്റെ ആഴം ഇനി ആർക്കും ബോധിപ്പിക്കേണ്ടതുമില്ല… രേഷ്മ വിതുമ്പിക്കൊണ്ട് കിടന്നു…
ഏകദേശം ഒരു 4 മണിക്കൂർ കഴിഞ്ഞപ്പോൾ അവൾ പതിയെ എഴുന്നേറ്റു…
നേരെ രാഹുലിന്റെ അമ്മയുടെ അടുത്തേക്ക് നടന്നു… അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു…