“ആതിരയ്ക്കും കുഞ്ഞിനും സുഖമാണോ ? .. എന്തേ അവരെക്കൂടി കൊണ്ടുവന്നില്ല ?”
അവർ ചോദിച്ചു.
“ഞാൻ ഓഫീസിൽ നിന്നും വരുന്ന വഴിയാണ് ആന്റി .. ഇതെന്റെ ഓഫീസിൽ പുതുതായി വന്ന പയ്യനാണ് , പേര് വിശാഖ് .. നായരാണ്. ഇതിനു മുമ്പ് എന്നെ വിളിച്ചപ്പോൾ ആന്റി പറഞ്ഞില്ലായിരുന്നോ പണ്ടത്തെപ്പോലെ പെയിങ് ഗസ്റ്റിന് മുകളിലത്തെ നില കൊടുക്കുവാൻ താൽപര്യമുണ്ടെന്ന്
… അത് കൊണ്ടാണ് ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നത് “
“ജിബീഷ് കൊണ്ട് വരുന്ന ആൾ അല്ലേ ,എനിക്ക് എതിർപ്പ് ഒന്നുമില്ല
തനിക്ക് ഇവിടെ താമസിക്കാം പക്ഷേ , മദ്യപാനം കൂട്ടുകാരുടെ സന്ദർശനം അതൊന്നും അനുവദിക്കില്ല .. പിന്നെ ആറായിരം രൂപ വാടക വേണം അതിൽ അഞ്ചു പൈസ കുറയുകയും ഇല്ല “
“എല്ലാം ഞങ്ങൾക്ക് സമ്മതമാണ് ആന്റി , നാളെ മുതൽ അപ്പോൾ താമസം തുടങ്ങാം ഇന്ന് ഒരു ദിവസം ഇദ്ദേഹം ഏതെങ്കിലും ലോഡ്ജിൽ താമസിക്കട്ടെ …”
മറുപടിയായി ചേട്ടൻ പറഞ്ഞു.
ആ സ്ത്രീയോട് ഞങൾ യാത്ര പറഞ്ഞ് ഇറങ്ങി.
“ഭായ് ഇതാണ് മാലതി ആന്റി , അവരുടെ മകളുടെ കുട്ടി ആണ് കൂടെ ഉണ്ടായിരുന്നത്.
ആ വീട് ആന്റിയുടെ മരിച്ചു പോയ ഭർത്താവിന്റെ ആദ്യ ഭാര്യയിലുള്ള മകനായ വിനായകന് വേണം എന്ന് പറഞ്ഞ് കേസ് കൊടുത്തിരിക്കുകയാണ് കള്ളും കഞ്ചാവും ആയിട്ട് നടക്കുന്ന അവനൊരു പുകഞ്ഞ കൊള്ളിയാണ് ”
കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ജിബീഷ് ചേട്ടൻ പറഞ്ഞു.
ചേട്ടൻ പറയുന്നത് നിശബ്ദനായി ഞാൻ കേട്ടിരുന്നു.
“ആ യാത്ര ആപ്പില് നോക്കി ഇന്നത്തെ ഒരു ദിവസത്തേക്കുള്ള ഹോട്ടൽ അക്കോമഡേഷൻ റെഡി ആക്കിക്കോ ഞാൻ അങ്ങോട്ട് ഡ്രോപ്പ് ചെയ്യാം , ആന്റിയുടെ വീടിന്റെ മുകളിലത്തെ നിലയിൽ നാളെ വൈകുന്നേരം മുതൽ താമസം തുടങ്ങാം “
“മാലതി ആന്റിയുടെ മകൾ എന്ത് ചെയ്യുന്നു ?”
ചേട്ടന് മറുപടി ആയി ഞാൻ ചോദിച്ചു.
“ആന്റിയുടെ മകളുടെ പേര് മീനാക്ഷി.
അതിന്റെ ജീവിതം മറ്റൊരു ട്രാജഡി ആണ് , വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ മീനാക്ഷിയുടെ ഭർത്താവ് മരിച്ചു പോയി. അവളെ ചിലപ്പോൾ ഭായി അറിയും , ന്യൂസ് ചാനലിൽ വാർത്ത വായിക്കുന്ന ആളാണ് ” !!
“ങ്ഹേ .. ന്യൂസ് റീഡർ മീനാക്ഷിയോ .. അറിയും .. അവരുടെ വീട്ടിൽ ആണോ നമ്മൾ പോയത് .. ശ്ശോ ഞാൻ അറിഞ്ഞില്ലല്ലോ ”
അല്പം നിരാശയോടെ ഞാൻ പറഞ്ഞു.