നീലത്താമര [ഉർവശി മനോജ്]

Posted by

“സാറ് .. പ്രൈവറ്റ് സ്യൂട്ടിൽ ഉണ്ടാകും “

അയാൾ മറുപടി പറഞ്ഞു.

പ്രൈവറ്റ് സ്യൂട്ട് ലക്ഷ്യമാക്കി നടക്കുമ്പോൾ റിസോർട്ടിന്റെ ഉടമസ്ഥൻ ആരാണെന്ന് അറിയുക എന്ന ലക്ഷ്യം മാത്രമായിരുന്നു എനിക്ക്.അടഞ്ഞു കിടന്ന പ്രൈവറ്റ് കോട്ടെയ്സിന്റെ മുൻപിൽ അല്പ നേരം ഞാൻ അയാളെ കാത്തു നിന്നു. ഒന്നുമറിയാത്ത ഭാവത്തിൽ മൊബൈൽ ഫോൺ എടുത്ത് ചെവിയിൽ വച്ചു കൊണ്ട് ആരെയോ കോൾ ചെയ്യുന്നതു പോലെ നടന്നു. കുറച്ചു സമയത്തിനു ശേഷം പ്രൈവറ്റ് സ്യൂട്ടിന്റെ ഡോർ തുറന്ന് പുറത്തേക്ക് വന്ന ആളെ കണ്ട് ഞാൻ ഞെട്ടി ,

‘ അനിരുദ്ധൻ ‘ .. മീനാക്ഷി ജോലി ചെയ്യുന്ന ചാനലിന്റെ ഉടമസ്ഥൻ. ചില അവാർഡ് ചടങ്ങുകളിൽ ടീവിയിൽ കണ്ടത് കൊണ്ട് ആ മുഖം എനിക്ക് അത്രമേൽ സുപരിചിതമായിരുന്നു. അനിരുദ്ധന് പിന്നിലായി പുറത്തേക്ക് വന്നത് കഴിഞ്ഞ ദിവസം ശ്മശാനത്തിൽ ഇരുളിന്റെ മറ പറ്റി ആ ഡെഡ് ബോഡി കത്തിക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന ആൾ ആയിരുന്നു .. ഒരു പക്ഷേ അനിരുദ്ധന് വേണ്ടിയായിരിക്കാം ഞങ്ങൾക്ക് അജ്ഞാതനായ ആ വ്യക്തി കൊലചെയ്യപ്പെട്ടത് , അതു കൊണ്ടു തന്നെ കഷ്ടപ്പെട്ട് ഞങ്ങൾ ചിത്രീകരിച്ച എക്സ്ക്ലൂസീവ് വിഷ്വൽസ് ഒരു കാരണവശാലും പുറം ലോകം കാണില്ല .. മാത്രവുമല്ല മീനാക്ഷിയുടെ ജീവനു പോലും അത് ഭീഷണി ആവുകയും ചെയ്യും.

തിരികെ പാർക്കിംഗ് ഏരിയയിലേക്ക് എത്തിയപ്പോൾ ബാഗുമായി മീനാക്ഷി ബൈക്കിനു സമീപം കാത്ത് നിൽക്കുകയായിരുന്നു.

“എവിടെ ആയിരുന്നു മാഷേ ഞാൻ എത്ര നേരമായി ഇവിടെ വെയിറ്റ് ചെയ്യുന്നു … എന്താണ് മുഖം വല്ലാതെ ഇരിക്കുന്നത് “

മീനാക്ഷി എന്നോടായി ചോദിച്ചു.

“ഹേയ് … ഒന്നുമില്ല നമുക്ക് എത്രയും വേഗം ഇവിടെ നിന്നും പോകാം “

തിടുക്കത്തിൽ മറുപടി നൽകി ഞാൻ ബൈക്ക് എടുത്തു.

എത്രയും വേഗത്തിൽ അവിടെ നിന്നും രക്ഷപ്പെടുക എന്ന ലക്ഷ്യം മാത്രമായിരുന്നു എനിക്ക് .. വളരെ വേഗത്തിൽ ബൈക്ക് പായിച്ചു. സുരക്ഷിതമായ ഒരു സ്ഥാനത്ത് ബൈക്ക് ഒതുക്കിയിട്ട് ഞാൻ മീനാക്ഷിയോട് പറഞ്ഞു ,

“ഇത്ര ദൂരം നമ്മൾ കഷ്ടപ്പെട്ട് വന്നിട്ട് ഒരു വിഷ്വൽസും നമ്മൾക്ക് ലഭിച്ചില്ല .. നമുക്ക് ദേവസ്യ എന്നയാൾ തന്ന ഇൻഫർമേഷൻ തെറ്റായിരുന്നു .. അങ്ങനെയൊരു ശ്മശാനം അവിടെയില്ല … അതു കൊണ്ട് ഒരു വിഷ്വൽസും നമുക്ക് എടുക്കാൻ സാധിച്ചതുമില്ല .. ഇതായിരിക്കണം നീ നാളെ നിന്റെ ചീഫ് എഡിറ്ററിന്റെ അടുത്ത് പറയേണ്ടത് “

“വിശാഖ് … എന്തൊക്കെയാണ് ഈ പറയുന്നത് … എനിക്ക് ഒന്നും മനസ്സിലാകുന്നില്ല … എല്ലാ വിഷ്വൽസും നമ്മൾ ഭദ്രമായി ഷൂട്ട് ചെയ്തത് അല്ലേ”

കാര്യം മനസ്സിലാകാതെ മീനാക്ഷി എന്നോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *