കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു ബൈക്കിലായി എത്തിയ രണ്ടു പേരും അവരോടൊപ്പം ചേർന്നിട്ട് വാനിന്റെ പിന്നിൽ നിന്നും ഒരു മധ്യവയസ്കന്റെ ഡെഡ് ബോഡി താങ്ങി എടുത്ത് അവിടുത്തെ കോൺക്രീറ്റ് സ്ലാബിന്റെ അരികിലായി കിടത്തി. ഈ ദൃശ്യങ്ങളെല്ലാം ഞാൻ കൃത്യമായി ക്യാമറയിൽ പകർത്തി കൊണ്ടിരുന്നു , ധൈര്യമെല്ലാം ചോർന്നു പോയ അവസ്ഥയിൽ എന്റെ തോളിൽ തല ചായ്ച്ച് തളർന്നിരുന്നു കൊണ്ട് മീനാക്ഷിയും ആ രംഗങ്ങൾ എല്ലാം കാണുന്നുണ്ടായിരുന്നു. കാശിന്റെ പേരിലുള്ള തർക്കം അവിടെ നടക്കുന്നതായി എനിക്ക് തോന്നി , അടക്കിപ്പിടിച്ച സംഭാഷണങ്ങൾ ഒന്നും വ്യക്തമാകുന്നില്ല. കാശ് അവർ കൈ മാറിയ ഉടൻ തന്നെ കോൺക്രീറ്റ് സ്ലാബ് മാറ്റി ആ മൃതദേഹം കുഴിയിലേക്ക് തള്ളി .. അൽപ സമയത്തിനുള്ളിൽ തന്നെ അവിടെ തീ നാളങ്ങൾ ഉയർന്നു. പിന്നെയും കുറച്ചു നേരം അവിടെ നിന്ന ശേഷമാണ് വന്നവർ എല്ലാം തിരിച്ചു പോയത്. എല്ലാവരും പോയി എന്ന് ഉറപ്പു വരുത്തിയ ശേഷം മീനാക്ഷിയെ സുരക്ഷിത സ്ഥാനത്ത് ഇരുത്തിയിട്ട് ശ്മശാനത്തിലെ മതിൽ ചാടിക്കടന്ന് കത്തുന്ന ചിതയുടെ അടുത്തേക്ക് ഞാൻ എത്തി … അവിടെയുള്ള ദൃശ്യങ്ങൾ എല്ലാം വിശദമായി പകർത്തി. തിരികെ വിജയ ശ്രീ ലാളിതനായി മീനാക്ഷിയുടെ അടുത്തേക്ക് എത്തുമ്പോൾ നാടിനെ ഞെട്ടിക്കുന്ന ഒരു എക്സ്ക്ലൂസീവ് വീഡിയോ വിഷ്വൽസ് കിട്ടിയതിൽ ഞാൻ അഭിമാനിച്ചു.
വാച്ചിലേക്ക് നോക്കിയപ്പോൾ സമയം വെളുപ്പിനെ നാലു മണി കഴിഞ്ഞിരിക്കുന്നു .. വന്ന ദൂരമത്രയും തിരികെ നടക്കണം എന്നോർത്തപ്പോൾ മനസ്സിന് ഒരു ഭയം. സമയം മുന്നോട്ടു പോകുന്തോറും വെളിച്ചം വീഴും എന്നത് മാത്രമാണ് ഒരു ആശ്വാസം … കയറിയതിനേക്കാൾ വളരെ വേഗത്തിൽ ഞങ്ങൾ കാടിറങ്ങി , ബൈക്ക് വെച്ച സ്ഥലത്തേക്ക് തിരികെയെത്തും വരെ മീനാക്ഷി എന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു .. പക്ഷേ പരസ്പരം ഒന്നും സംസാരിക്കുവാനുള്ള മാനസിക അവസ്ഥയിലായിരുന്നില്ല ഞങ്ങൾ. ആരായിരിക്കും ഞങ്ങളുടെ മുൻപിൽ എരിഞ്ഞടങ്ങിയ ആ മധ്യവയസ്കൻ, അങ്ങനെ എത്രയെത്ര പേർ ആരോരുമറിയാതെ അവിടെ കത്തി ചാമ്പലായിട്ടുണ്ടാകും .. മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ അവശേഷിച്ചിരുന്നു ഒപ്പം നാളെ ലോകം ഞെട്ടാൻ പോകുന്ന ദൃശ്യങ്ങളാണ് കയ്യിലുള്ളത് എന്നോർത്ത് അഭിമാനവും. ഇരുട്ടത്ത് ബൈക്ക് വെച്ച സ്ഥലങ്ങളിലെല്ലാം ഇപ്പോൾ നന്നായി വെളിച്ചം വന്നിരിക്കുന്നു , സീറ്റിന്റെ മേൽ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു തുള്ളികൾ തൂത്ത് കളഞ്ഞിട്ട് അവിടെ നിന്നും യാത്രയാകുമ്പോൾ ലക്ഷ്യം ഏതെങ്കിലും റിസോർട്ട് ആയിരുന്നു.
ഏകദേശം അരമണിക്കൂറോളം യാത്ര ചെയ്തിട്ട് ഒരു റിസോർട്ടിലേക്ക് ഞങ്ങളെത്തി … തലേ രാത്രിയിലെ ഉറക്ക ക്ഷീണവും ഒരു പകലിന്റെ യാത്രാ ക്ഷീണവും ഞങളിൽ കണ്ടിട്ട് ആണെന്ന് തോന്നുന്നു സെറ്റ് സാരി ഉടുത്ത് മുല്ലപ്പൂവും ചൂടി നിന്ന റിസപ്ഷനിസ്റ്റ് ചോദിച്ചു ,
“ഹണിമൂൺ കോട്ടേജ് അല്ലേ സാർ വേണ്ടത് …?”
ഞാനും മീനാക്ഷിയും ഒന്നു ഞെട്ടി പരസ്പരം മുഖത്തോട് മുഖം നോക്കി, യാത്രാ ക്ഷീണം ഒന്നു മാറ്റണമെന്നും മനസ്സൊന്ന് തണുപ്പിക്കണം എന്നും മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. പക്ഷേ ഈ റിസപ്ഷനിസ്റ്റ് മനസ്സിലേക്ക് തീ കോരി ഇട്ടിരിക്കുകയാണ്.
“ആയിക്കോട്ടെ ഹണിമൂൺ കോട്ടേജിൽ ഏറ്റവും നല്ലത് തന്നെ എടുത്തോളൂ ”
ഞാൻ പറഞ്ഞു.