കാട്ടു ചെടിയുടെ മറ പറ്റിയുള്ള ഇടുങ്ങിയ വഴി ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞു ,
“ശ്മശാനത്തിലേക്ക് ബോഡിയും കൊണ്ട് ആംബുലൻസ് വരുന്ന വഴി ഉണ്ട് , അതു വഴി പോയാൽ നിങ്ങൾ പിടിക്കപ്പെടും… അതുകൊണ്ട് ഈ ഇടവഴിയിലൂടെ പൊയ്ക്കോളൂ. ഏകദേശം 2 കിലോമീറ്റർ ചെന്ന് കഴിഞ്ഞാൽ ഒരു ചെറിയ വെള്ളച്ചാട്ടം ഉണ്ടാകും അതിനോട് ചേർന്നുള്ള മതിലു കെട്ടി തിരിച്ചിരിക്കുന്ന ആറേക്കർ വസ്തുവിലാണ് അനധികൃത ശ്മശാനം “
ദേവസ്യ ചേട്ടൻ പറഞ്ഞ വഴിയിലൂടെ ഞങ്ങൾ മുന്നോട്ട് നീങ്ങി .. മുൻപോട്ടു പോകും തോറും കാര്യങ്ങൾ കൂടുതൽ ദുഷ്കരമായി വന്നു കൊണ്ടിരുന്നു.
അമാവാസി നാൾ ആയതിനാൽ നിലാവും ഞങ്ങളെ കയ്യൊഴിഞ്ഞു.മൊബൈലിലെ ഫ്ലാഷ് ഓണാക്കി വഴിയിലെങ്ങും ഇഴജന്തുക്കൾ ഇല്ല എന്ന് ഉറപ്പു വരുത്തി കാട്ട് ചെടിയുടെ മറ പറ്റി ശബ്ദമുണ്ടാക്കാതെ പതുങ്ങിയാണ് ഞങ്ങളുടെ യാത്ര.
പെട്ടെന്നൊരു കരിമ്പൂച്ച കുറുകെ ചാടി, ഞങ്ങൾ ഒന്ന് പേടിച്ചു. അത് കുറച്ചകലെ മാറി നിന്ന് എന്നെ തന്നെ തുറിച്ചു നോക്കി നിന്നു .. മൊബൈൽ ഫ്ലാഷ് വെളിച്ചത്തിൽ അവന്റെ കണ്ണുകൾ തീക്കട്ട പോലെ തിളങ്ങി. ആരോ പറഞ്ഞു കേട്ടിട്ടുണ്ട് പ്രേതങ്ങളുടെ മറ്റൊരു രൂപമാണ് കരിമ്പൂച്ചകളെന്ന് … അന്ധ വിശ്വാസത്തിന് പിടി കൊടുക്കാതെ ഞാൻ പതിയെ മീനാക്ഷിയുടെ കയ്യിൽ മുറുകെ പിടിച്ചു മുന്നോട്ടു നടന്നു. പാല പൂത്ത മണം എങ്ങുമുണ്ട്, നടന്നു പോകുന്നതിനിടയിൽ ഒരു വശത്തായി ആരോ നിൽക്കുന്നതു പോലെ , അങ്ങോട്ട് നോക്കുവാൻ മനസ്സ് അനുവദിക്കുന്നില്ല. അല്പം പിറകിലായി ഞങ്ങളുടേത് അല്ലാത്ത കാലടികൾ കേൾക്കുന്നത് പോലെയും തോന്നുന്നു. കാട്ടിനുള്ളിൽ എവിടെ നിന്നോ അപ ശബ്ദങ്ങൾ കേട്ടു തുടങ്ങി.
ആനയുടെ ചിന്നം വിളിയും പേരറിയാത്ത ഏതൊക്കെയോ മൃഗങ്ങളുടെ അലർച്ചയും ഞങ്ങൾക്ക് വ്യക്തമായി കേൾക്കാമായിരുന്നു .. ചീവീടുകളുടെയും നരിച്ചീറുകലുടെയും ശബ്ദം ഇപ്പോൾ ചെവിക്ക് അസഹ്യത ഉണ്ടാക്കുന്ന വിധം കൂടിക്കൂടി വരുന്നു … എനിക്ക് പിന്നാലെ എന്നോട് ചേർന്ന് എന്റെ ഇടതു കൈയുടെ ഷോൾഡറിൽ കൈകൾ ഊന്നി വരുന്ന മീനാക്ഷിയുടെ ധൈര്യം ചോർന്നു പോകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ഓരോ കാട്ടു ജന്തുക്കളുടെ അലർച്ച കേൾക്കുമ്പോഴും അവൾ എന്റെ മേലുള്ള പിടുത്തം മുറുക്കി.
രണ്ടു കിലോമീറ്റർ ദൂരം നടന്നു എത്തുവാൻ ഏകദേശം രണ്ടു മണിക്കൂറോളം എടുത്തു ..
അങ്ങ് അകലെയായി വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ടു തുടങ്ങി , ശ്മശാനത്തിലേക്ക് അടുക്കുന്തോറും ഭയം സിരകളെ കീഴ്പ്പെടുത്തി കഴിഞ്ഞിരിക്കുന്നു.
വാച്ചിൽ നോക്കിയപ്പോൾ സമയം രാത്രി ഒരു മണിയോടടുക്കുന്നു. വെള്ളച്ചാട്ടത്തിന് അരികിൽ ആയുള്ള മതിലിന്റെ മറ പറ്റി ഞങ്ങളിരുന്നു. സംശയാസ്പദമായ ഒന്നും അവിടെ കാണുന്നില്ല , വന്നത് വെറുതെയായോ എന്ന് മനസ്സിൽ തോന്നിയ നിമിഷം അകലെ നിന്നും ഒരു വാഹനത്തിന്റെ ഇരമ്പൽ കേട്ടു. ഞാൻ വേഗം ക്യാമറയുടെ നൈറ്റ് മോഡ് ഓൺ ആക്കി കാത്തിരുന്നു … ഇരുട്ട് മൂടി കിടന്ന അവിടേക്ക് വെളിച്ചം വീശിക്കൊണ്ട് ആ വാഹനം ശ്മശാനത്തിന് ഒത്ത നടുക്കായി വന്ന് നിന്നു. ഒന്നു കൂടി സൂക്ഷ്മമായി നോക്കിയപ്പോൾ അതൊരു ഒരു ഒമിനി വാൻ ആണെന്ന് മനസ്സിലായി , അതിൽ നിന്നും ഇറങ്ങിയ രണ്ടു പേർ ആരെയോ കാത്തു നിൽക്കുന്നത് പോലെ തോന്നി.