“തുളു നാട്ടിലെ ഉത്തിമൂട് എന്ന സ്ഥലത്ത് അധികമാർക്കും അറിയാതെ രഹസ്യമായി പ്രവർത്തിക്കുന്ന ഒരു ശ്മശാനം ഉണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും അജ്ഞാത മൃതദേഹങ്ങൾ അവിടെ കൊണ്ടു വന്ന് ആരുമറിയാതെ ദഹിപ്പിക്കാറുണ്ട് .. ആരാണെന്നോ എങ്ങനെയാണ് മരിച്ചതെന്നോ അറിയാത്ത ഒരുപാടു പേർ അവിടെ എരിഞ്ഞടങ്ങുന്നുണ്ട് .. അതിനെപ്പറ്റി ഒരു എക്സ്ക്ലൂസീവ് റിപ്പോർട്ട് തയ്യാറാക്കാൻ സാധിച്ചാൽ നമുക്ക് അത് ഒരു ക്രെഡിറ്റ് ആയിരിക്കും “
മീനാക്ഷി പറഞ്ഞു നിർത്തി.
“മീനാക്ഷി … നീ അതിന് ഡെസ്കിൽ അല്ലേ , നിങ്ങളുടെ ആ പ്രദേശത്തെ റിപ്പോർട്ടർക്ക് വിവരം കൈമാറൂ .. എക്സ്ക്ലൂസീവ് ന്യൂസ് അയാൾ ചെയ്യട്ടെ ”
ഞാൻ പറഞ്ഞു.
“ഇത്രയ്ക്ക് ഹോട്ടായ ഒരു ന്യൂസ് ചെയ്യാൻ സാധിക്കുക എന്നത് ഏതൊരു ജേർണലിസ്റ്റിന്റെയും സ്വപ്നമാണ് .. എന്നെ മനസ്സിലാക്കിയ ഒരാൾ എന്ന നിലയിൽ ഈ ന്യൂസ് ചെയ്യാൻ എന്നെ അനുവദിക്കണം എന്നോടൊപ്പം നിൽക്കണം “
“മീനാക്ഷി …. ആവശ്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ നമുക്ക് ഇപ്പോൾ തന്നെയുണ്ട് , വെറുതെ വയ്യാവേലി പിടിച്ച് തലയിൽ വയ്ക്കേണ്ട കാര്യമുണ്ടോ ?”
“വിശാഖ് …. എന്നോടൊപ്പം വരാൻ സാധിക്കുമെങ്കിൽ വരൂ .. അല്ലെങ്കിൽ എന്നെ പോകാൻ മാത്രം അനുവദിച്ചാൽ മതി ഞാൻ പൊയ്ക്കോട്ടെ ആ സ്ഥലത്തേക്ക് “
സ്വന്തം ഭർത്താവിനോട് അനുവാദം ചോദിക്കുന്ന ഭാര്യയെ പോലെ അവൾ എന്നോട് അപേക്ഷിച്ചു.
“പോകണം എന്നാണ് നിന്റെ ആഗ്രഹമെങ്കിൽ പോകാം .. പക്ഷേ അത് നീ ഒറ്റയ്ക്ക് ആയിരിക്കില്ല ഞാനും ഉണ്ടാകും നിന്റെ കൂടെ “
മീനാക്ഷിയോട് ഞാൻ അത് പറഞ്ഞപ്പോൾ നിറഞ്ഞു തുടങ്ങിയ അവളുടെ കണ്ണുകളിൽ പ്രത്യാശയുടെ പൂത്തിരികൾ കത്തുന്നത് ഞാൻ കണ്ടു. അവളെ ഒന്ന് ചേർത്തു നിർത്താൻ ആ തുടുത്ത കവിളിൽ ഒരു ഉമ്മ നൽകാൻ മനസ്സ് ആഗ്രഹിച്ചു.
പെട്ടെന്ന് മീനാക്ഷി പറഞ്ഞു ,
“സമയം ഇപ്പോൾ രണ്ടു മണി കഴിഞ്ഞു വിശാഖ് കിടന്നോളൂ .. ഞാൻ നാളെ അതിരാവിലെ ചാനലിൽ പോയി ചീഫ് എഡിറ്ററിന്റെ അടുത്ത് കാര്യങ്ങൾ പറഞ്ഞ് ക്യാമറയും എടുത്തു കൊണ്ടു വരാം. നമുക്ക് ഇവിടെ നിന്നും ഒരു പത്തു മണിയാകുമ്പോൾ ഇറങ്ങിയെങ്കിലെ രാത്രിയിൽ അധികം ഇരുട്ടും മുൻപ് തുളുനാട്ടിൽ എത്തുകയുള്ളൂ “
“ഓകെ .. നമ്മൾ എങ്ങനെയാണ് പോകുന്നത് ചാനലിൽ നിന്നും കാർ ഉണ്ടാകുമോ ?”
ഞാൻ ചോദിച്ചു
“ഹേയ് .. ചാനലിലെ കാറിൽ പോയാൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും മാത്രമല്ല ചാനലിൽ ഉള്ള മറ്റ് ആൾക്കാരും കാര്യം അറിയുവാൻ വഴിയുണ്ട് . അതുകൊണ്ട് നമുക്ക്
ബൈക്കിൽ പോകാം “
“ഏത് ബൈക്കിൽ …..?”