നീലത്താമര [ഉർവശി മനോജ്]

Posted by

ഒരു സ്വർഗ്ഗം കയ്യടക്കിയ സന്തോഷമായിരുന്നു എനിക്ക് , അല്ലെങ്കിലും എല്ലാം തകർന്നു പോകുന്നു എന്ന് തോന്നുന്ന സ്ഥലത്തു നിന്നും ഉയർത്തെഴുന്നേൽക്കാൻ ആണല്ലോ എന്റെ വിധി.

ടീവി ഓൺ ആക്കി ന്യൂസ് ചാനൽ വെച്ചപ്പോൾ വാർത്ത വായിക്കുന്നത് മീനാക്ഷി ആയിരുന്നു. ഇന്ന് അവൾക്ക് പതിവിലും അധികം സൗന്ദര്യം തോന്നുന്നു.
ടിവി സ്ക്രീനിൽ അവളുടെ ചുണ്ടിനോട് ചേർത്ത് മുഖം വെച്ച് കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു ,

“നീ എന്‍റെയാണ് .. എന്റെ മാത്രമാണ് “!!

പെട്ടെന്ന് ഒരു പൊട്ടിച്ചിരി കേട്ടു തിരികെ നോക്കിയപ്പോൾ വാതിൽക്കൽ അജൂട്ടൻ.

“അമ്മുമ്മേ … വൈശാഖ് ചേട്ടൻ അമ്മയ്ക്ക് ടിവിയിൽ കൂടി ഉമ്മ കൊടുക്കുന്നേ “

വിളിച്ച് കൂവി കൊണ്ട് അവൻ താഴേക്ക് ഓടി. ഞാൻ ശരിക്കും ഒന്ന് ചമ്മി. സ്ക്രീനിൽ അപ്പോഴും മീനാക്ഷി ഒന്നുമറിയാതെ വാർത്ത വായിക്കുക ആയിരുന്നു.

വൈകുന്നേരം മീനാക്ഷി ചാനലിൽ നിന്നും വരുന്നതു വരെ കാത്തിരിക്കാൻ ഉള്ള ക്ഷമ എനിക്കില്ലായിരുന്നു. അവളുടെ ന്യൂസ് ടൈം കഴിയുന്ന സമയത്തിനായി ഞാൻ ചാനലിന് പുറത്ത് കാത്തു നിന്നു.

“എന്തെ .. ഇവിടെ നിൽക്കുന്നത് ?”

പുറത്തേക്ക് വന്നപ്പോൾ എന്നോടായി അവൾ ചോദിച്ചു.

“ഒന്നുമില്ല .. മാലതി ആന്റി എന്നോട് ഒരു കാര്യം പറഞ്ഞു അതിന്റെ മറുപടി നേരിട്ട് നൽകുവാൻ വന്നതാണ് “

അത് പറഞ്ഞപ്പോൾ ആ മുഖത്ത് ആദ്യമായി നാണം തെളിയുന്നത് ഞാൻ കണ്ടു , ഇത്ര നാളും കാണാതിരുന്ന നുണക്കുഴികൾ ആ കവിളുകളിൽ വിരിഞ്ഞു.

പതിയെ ആ കൈകൾ ഞാൻ ചേർത്തു പിടിച്ചപ്പോൾ പേടിയോടെ ചുറ്റിലും നോക്കി കണ്ണ് തുറിച്ച് എന്നെ നോക്കിക്കൊണ്ട് മീനാക്ഷി പറഞ്ഞു ,

“നടു റോഡാണ് മാഷേ .. കൈ വിട് “

ആ കൈകൾ സ്വതന്ത്രമാക്കി ഞാൻ ചോദിച്ചു ,

“തന്നെക്കാൾ രണ്ടുമൂന്നു വയസ്സിന് ഇളയതായ എന്നോട് ഇഷ്ടം തോന്നുവാൻ എന്താണ് കാരണം ? “

“എനിക്കറിയില്ല എപ്പോഴൊക്കെയോ എനിക്ക് ഇഷ്ടമായിരുന്നു ഇയാളെ .. ഇടിയും മിന്നലും ഉള്ള രാത്രികളിൽ എന്റെ കുഞ്ഞിനെയും ചേർത്തു പിടിച്ചു കൊണ്ട് ഞാൻ കിടക്കുമ്പോൾ മുകളിൽ ഒരു ആൺ തുണ ഉണ്ടല്ലോ എന്നത് എനിക്ക് ആശ്വാസം ആയിരുന്നു .. ഓർമ്മ വെച്ച നാൾ മുതൽ പിഴച്ചു പെറ്റ ഒരു അമ്മയുടെ മകൾ എന്ന കണ്ണിലാണ് എന്നെ എല്ലാവരും കണ്ടത് .. വെറുപ്പായിരുന്നു ആൺ വർഗ്ഗത്തോട് .. ഒടുവിൽ ആരുടെയൊക്കെയോ നിർബന്ധത്തിനു വഴങ്ങി വിവാഹം കഴിഞ്ഞു .. അജൂട്ടനെ എനിക്ക് തന്നിട്ട് അദ്ദേഹം പോയി .. ഒടുവിൽ വിനായകന്റെ മുന്നിൽ വീണു പോയെങ്കിലും എന്റെ കുഞ്ഞിനെ അയാളിൽ നിന്നും രക്ഷിക്കുവാൻ നിങ്ങള് കാണിച്ച ചങ്കൂറ്റം .. അത് മാത്രം പോരേ എന്നെപ്പോലെ ഒരു സ്ത്രീക്ക് തന്നെ ഇഷ്ടപ്പെടാൻ.. പിന്നെ രണ്ടു മൂന്നു വയസ്സിന് ഇളയതാണ് എന്ന കാര്യം .. അതിപ്പോ നമ്മുടെ സച്ചിനും അദ്ദേഹത്തിന്റെ ഭാര്യയെക്കാൾ ഇളയത് അല്ലേ “

Leave a Reply

Your email address will not be published. Required fields are marked *