“തെണ്ടി….അവനെന്നെ കെട്ടുമത്രേ..പോകുന്ന പോക്കില്‍ വല്ല വണ്ടിയുടെയും അടിയില്‍ കയറി അവന്‍ ചത്തുപോയെങ്കില്‍ എത്ര നന്നായേനെ….എന്നെ ഭാര്യ ആക്കാന്‍ നടക്കുന്ന ഊരും പേരും ഇല്ലാത്ത തെണ്ടി.. കണ്ട അവളുമാരുടെ കൂടെ അഴിഞ്ഞാടുന്ന ആഭാസന്‍..എന്നെ നീ കെട്ടും..നിനക്കതിനും മാത്രം കഴിവുണ്ടെങ്കില്‍ എനിക്കതൊന്നു കാണണം. ത്ഫൂ..”
ജനലിന്റെ അരികില്‍ രക്തം തിളച്ചു നിന്നിരുന്ന ദിവ്യ സ്വയം പറഞ്ഞുകൊണ്ട് പുറത്തേക്ക് കാറിത്തുപ്പി. അവളുടെ മനസ്സില്‍ വാസുവിനോടുള്ള പക ഉമിത്തീ പോലെ പുകഞ്ഞു പൊന്തുകയായിരുന്നു. അവളുടെ മുഖവും ശരീരവും വിയര്‍ത്ത് ഒഴുകി. ശക്തമായി മിടിക്കുന്ന മനസും ശരീരവുമായി അവള്‍ ഇരുട്ടിലേക്ക് പകയോടെ നോക്കി.
“പോലീസ് നിനച്ച് ഇറങ്ങിയാല്‍, ഏതു കൊടിയ വക്കീലും മുട്ടുകുത്തും എന്ന് സാറിനിപ്പോള്‍ മനസിലായി കാണുമല്ലോ?”
നാദിയയുടെ ജാമ്യാപേക്ഷ കോടതി തള്ളിയതിനു ശേഷം പുറത്തേക്ക് വന്ന എ എസ് പി ഇന്ദുലേഖ അഡ്വക്കേറ്റ് ഭദ്രനോട് ഒരു പുഞ്ചിരിയോടെ ചോദിച്ചു. തോല്‍വി നല്‍കിയ കടുത്ത മാനസിക പിരിമുറുക്കത്തിന്റെ നടുവിലും ഭദ്രന്‍ സമചിത്തത വിടാതെ അവളെ നോക്കി ചിരിച്ചു.
“മോള് മിടുക്കിയാണ്..പക്ഷെ ഒരു ജാമ്യാപേക്ഷ കോടതി തള്ളി എന്ന് കരുതി എന്റെ കക്ഷി ശിക്ഷ വാങ്ങും എന്ന് കരുതണ്ട. അടുത്ത ജാമ്യാപേക്ഷ കോടതി അനുവദിക്കുന്നത് മോള്‍ക്ക് നേരില്‍ കാണാം..” അയാള്‍ പറഞ്ഞു.
“ഈ മോളെ വിളി എന്റെ പ്രായക്കുറവ് മൂലമാണ് എങ്കില്‍ ഓക്കേ. അതല്ല ഞാന്‍ നിങ്ങള്‍ക്കൊരു ഇരയല്ല എന്നുള്ള ധാര്‍ഷ്ട്യം വച്ചാണെങ്കില്‍ വക്കീലെ നിങ്ങള്‍ കുറിച്ചിട്ടോ..അവളെ നിങ്ങള്‍ തലകുത്തി നിന്നാല്‍ പോലും ജാമ്യത്തില്‍ ഇറക്കാന്‍ പോകുന്നില്ല. അവളിലൂടെ ഞാന്‍ എത്തേണ്ടവരില്‍ എത്തും..” ഇന്ദുലേഖ അയാളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞ ശേഷം വണ്ടിയിലേക്ക് കയറി.
“ഓള്‍ ദ ബെസ്റ്റ് ഓഫീസര്‍..ഈ ആത്മവിശ്വാസം എനിക്കിഷ്ടപ്പെട്ടു..”
“താങ്ക്സ്..പലതും ഇഷ്ടപ്പെടാന്‍ താങ്കള്‍ ഇനി ശീലിക്കും..”
അയാളെ സൂക്ഷിച്ചൊന്നു നോക്കിയിട്ട് അവള്‍ വണ്ടിയിലേക്ക് കയറി. മുഖത്ത് പുഞ്ചിരി വരുത്തി നിന്ന ഭദ്രന്‍, അവളുടെ വാഹനം പോയതോടെ കാല്‍ ശക്തമായി നിലത്ത് ആഞ്ഞു ചവിട്ടി.
“കഴുവര്‍ടമോള്‍..നിനക്കുള്ള പണി അടുത്ത അപ്പീലില്‍ ഞാന്‍ തരുമെടി പീറെ..” അയാള്‍ പല്ലുകള്‍ ഞെരിച്ചുകൊണ്ട് പറഞ്ഞു. പിന്നെ വാതില്‍ തുറന്ന് തന്റെ ബെന്‍സിനുള്ളിലേക്ക് കയറി.
——————-
പോലീസിനെ കണ്ട കരണ്ടി വര്‍ഗീസ് ജീവനും കൊണ്ട് ഓടി; മിന്നല്‍ വേഗത്തിലായിരുന്നു അവന്റെ ഓട്ടം. അവന്റെ കൂടെ ഉണ്ടായിരുന്ന ഗുണ്ടകളെ പോലീസ് കീഴ്പ്പെടുത്തി പിടികൂടി കൈകള്‍ കൂട്ടിക്കെട്ടി.
“നിങ്ങള്‍ ഇവന്മാരെ വണ്ടിയില്‍ ഇരുത്ത്. ഒരെണ്ണം പോലും ചാടിപ്പോകരുത്. അവനെ ഞാന്‍ പിടിച്ചിട്ടു വരാം”
തൊപ്പി വണ്ടിയുടെ ഉള്ളിലേക്ക് വച്ചിട്ട് പൌലോസ് പറഞ്ഞു. പിന്നെ കരണ്ടി പോയ വഴിയെ അവന്റെ പിന്നാലെ കുതിച്ചു.