എന്തായാലും മുഖം കാണിക്കാതെയാണ് അവന്‍ സംഗതി നെറ്റില്‍ ഇടുക. മുഖം അവനു കാണാനും ബാക്കി നാട്ടുകാര്‍ക്ക് കാണാനും എന്നാണ് അവന്റെ പോളിസി.
അന്ന് ഉച്ചയ്ക്കും അവന്‍ തന്റെ ഡ്യൂക്ക് ബൈക്കില്‍ ഇരുന്നുകൊണ്ട്, ആരും ശ്രദ്ധിക്കാത്ത തരത്തില്‍ ബസ് സ്റ്റോപ്പിലെ ചില പെണ്‍കുട്ടികളുടെ വീഡിയോ ലോങ്ങ് റേഞ്ചില്‍ എടുക്കുകയായിരുന്നു. മൊബൈല്‍ വീഡിയോ എടുക്കുന്നതായി ഒരാള്‍ക്കും തോന്നാത്ത തരത്തില്‍ ഇയര്‍ ഫോണ്‍ വച്ച് ആരോടോ സംസാരിക്കുന്ന മട്ടിലാണ് മാത്തന്‍ ജൂനിയര്‍ തന്റെ വിദഗ്ധമായ കഴിവ് പ്രയോഗിച്ചുകൊണ്ടിരുന്നത്. പക്ഷെ ഒരാള്‍ വീഡിയോ എടുക്കുന്നത് കണ്ടാല്‍ തല്‍ക്ഷണം അത് മനസിലാക്കാന്‍ കഴിവുള്ള ഡോണ, വാസുവിന്റെയൊപ്പം അതുവഴി തന്നെ അപ്പോള്‍ വന്നത് മാത്തന്‍ ജൂനിയറിന്റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാന്‍.
“ടാ വാസു..നീയല്ലേ പറഞ്ഞത് ഷാജിയെ വിളിക്കാന്‍ നിനക്ക് മറ്റാരുടെയെങ്കിലും മൊബൈല്‍ വേണമെന്ന്..സംഗതി ഇവിടെ ഒത്തിട്ടുണ്ട്..നീ വണ്ടി നിര്‍ത്തി പിന്നില്‍ കയറ്..ഞാന്‍ ഓടിക്കാം” ഡോണ വാസുവിനോട് പറഞ്ഞു.
“ഇവിടെ എവിടെ?” വാസു ചോദിച്ചു. അവന്‍ ബൈക്ക് നിര്‍ത്തി ഹെല്‍മറ്റ് ഊരി അവള്‍ക്ക് നല്‍കി.
“ഒക്കെയുണ്ട്. നീ ദോ അങ്ങോട്ട് നോക്കിക്കേ..കണ്ടോ ഒരു ചുള്ളന്‍ നിന്നുകൊണ്ട് വീഡിയോ എടുക്കുന്നത്..ആ പെണ്ണുങ്ങളെ ആണ് അവന്‍ ഷൂട്ട് ചെയ്യുന്നത്” ഡോണ അല്‍പം അകലെ നില്‍ക്കുന്ന മാത്തന്‍ ജൂനിയറിന്റെ നേരെ കണ്ണ് കാണിച്ചുകൊണ്ട് പറഞ്ഞു. വാസു നോക്കി.
“ഏയ്..അവന്‍ ആരോടോ സംസാരിക്കുകയാണ്”
“മോന്‍ പിന്നിലോട്ടു കേറ്..ഞാന്‍ ബൈക്ക് അവന്റെ അടുത്തു നിര്‍ത്തുമ്പോള്‍ നീ ഇറങ്ങി അവനൊരു പെട കൊടുക്കണം. മൊബൈല്‍ അവന്റെ കൈയീന്നു താഴെ വീഴണം. ആളുകള്‍ ഓടിക്കൂടുമ്പോള്‍ അത് ഞാന്‍ ഇറങ്ങി എടുത്തോളാം..ആ ഫോണ്‍ നിന്റെ ആവശ്യത്തിനു തല്‍ക്കാലം ഉപയോഗിക്കാം” ഡോണ പറഞ്ഞു.
അവള്‍ ബൈക്കില്‍ കയറി അത് സ്റ്റാര്‍ട്ട് ആക്കിയപ്പോള്‍ വാസു കയറിയിരുന്നു. അവള്‍ ബൈക്ക് മിന്നല്‍ പോലെ പായിച്ച് മാത്തന്‍ ജൂനിയറിന്റെ അരികിലെത്തി ശക്തമായി ബ്രേക്കിട്ടു. ദ്രുതഗതിയില്‍ ചാടിയിറങ്ങിയ വാസു അവള്‍ പറഞ്ഞത് ശരിയാണ് എന്ന് അവന്റെ ഫോണില്‍ നോക്കി മനസിലാക്കിയതും അവന്റെ മുഖമടച്ച് അടിച്ചതും ഒരുമിച്ചാണ്. എന്ത് സംഭവിച്ചു എന്ന് മാത്തന്‍ ജൂനിയര്‍ മനസിലാക്കിയപ്പോഴേക്കും ഫോണ്‍ ഡോണയുടെ കൈയിലേക്ക് തന്നെ തെറിച്ചു വീണുകഴിഞ്ഞിരുന്നു.
“കൊച്ചു കഴുവേറി..നീ പട്ടാപ്പകല്‍ പെണ്ണുങ്ങളുടെ വീഡിയോ എടുക്കും അല്ലേടാ?’ ബൈക്കുമായി നിലത്തേക്ക് വീണ മാത്തന്‍ ജൂനിയറിന്റെ ഷര്‍ട്ടില്‍ പിടിച്ചു തൂക്കി എടുത്തുകൊണ്ട് വാസു ചോദിച്ചു.
“അയ്യോ സാറേ അടിക്കല്ലേ..ഞാന്‍ അറിയാതെ..”
“എന്താ എന്താ സാറെ പ്രശ്നം..” സംഗതി കണ്ട ആളുകള്‍ വേഗം അവിടേക്ക് ഓടിക്കൂടി.