ആ ഫ്ലാറ്റ് മുറിയിൽ , തനിച്ചിരുന്നപ്പോൾ ഏകാന്തത മറക്കാൻ, കോകിലയുമായി ചിലവിട്ട നാളുകളിലെ മധുര നിമിഷങ്ങൾ ഓർത്തെടുത്തു തന്റെ ഹൃദയത്തിന്റെ വേദന മറക്കാൻ, അവൻ അവസാനമായി ആ ഡയറിയുമായി സമയം ചിലവിട്ട ആ രാത്രി. ആ ഡയറിയെ താൻ മറന്നിരുന്നു. അത് തുറക്കുമ്പോൾ പുറത്തു വന്ന ഡയറിത്താളുകളിലെ പഴകിയ മണം അവൻ മറന്നിരുന്നു. ഇന്നീ ഡയറി കയ്യിലിരിക്കുമ്പോൾ ആ പഴയ മണം തന്നെ തേടിയെത്തിയിരിക്കുന്നു. എന്നാൽ, എന്തു കൊണ്ടാണ് ആഹ്ലാദത്തിനു പകരം തന്റെ ഉള്ളിൽ വേദന നിറയുന്നത്? ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന അതേ വികാരം തന്റെ മുഖത്തു പ്രതിഫലിക്കുന്നുണ്ടോ? അവനാ ഡയറി തുറന്നു നോക്കി. ആദ്യത്തെ ചില പേജുകൾ ശൂന്യമാണ്. പിന്നെപ്പിന്നെ മറിച്ച താളുകളിൽ അക്ഷരങ്ങൾ കണ്ടു തുടങ്ങി. അതിന്റെ തുടക്കം ഇങ്ങനെയായിരുന്നു…
‘എന്റെ വേദനകളെ മറക്കാൻ, എന്നോ അവസാനിപ്പിക്കാൻ വച്ചിരുന്ന ഈ ജീവിതത്തിൽ, എന്റെ ലക്ഷ്യം കാട്ടിത്തരാൻ നീ എനിക്ക് നേടിത്തന്നതാണ് ഈ പുതിയ ജോലി. എപ്പോഴത്തെയും പോലെ, എന്റെ കൂടെ നീ കാണണേ എന്റെ ദേവീ….’
ആദ്യ പേജിൽ അത്ര മാത്രം. അവൻ താളുകൾ മറിച്ച് വായന തുടർന്നു.
‘കുറച്ചു നാളുകളായി എഴുതാൻ കഴിഞ്ഞില്ല. ഇതിനോടകം എന്തെല്ലാം സംഭവിച്ചു? നേതാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ. ഞാനിന്നവിടെ കെമിസ്ട്രി ടീച്ചറാണ്. നല്ല വലിയ സ്കൂൾ. എങ്കിലും കുട്ടികൾ എല്ലാം തല തെറിച്ചവരാ. ഇന്നും കരയേണ്ടി വന്നു നിക്ക്. ഞാൻ അമ്മയെ ഓർത്തു പോയി. അപ്പയെ ഓർത്തു പോയി. സങ്കടപ്പെട്ടിരുന്നപ്പോൾ വിദ്യ എന്നെ സമാധാനിപ്പിച്ചു. ആളുകളെ സമാധാനിപ്പിക്കാൻ ചിലർക്ക് നല്ല കഴിവുണ്ട്. ഞാനതിൽ പിന്നോട്ടാ. പക്ഷെ നിക്ക് അതിൽ പരാതിയില്ല. ഇപ്പൊ ഞാൻ തളർന്നാൽ പിന്നെ ജീവിത കാലം മുഴുവൻ അങ്ങിനെയായിരിക്കും എന്നാ വിദ്യ പറയണേ. ചിലപ്പോൾ ശെരിയായിരിക്കും….’
പിന്നെയുള്ള മൂന്ന് നാല് പേജികളിൽ ഒന്നുമില്ല. പേജുകൾ മറിച്ചു വിട്ടപ്പോൾ അടുത്ത പേജിൽ വീണ്ടു എന്തോ എഴുതിയിരിക്കുന്നു.
‘ഇന്നും അവൻ പതിവ് പോലെ നോട്ടീസ് ബോർഡിന് മുൻപിൽ കാത്തു നിൽപ്പുണ്ടായിരുന്നു. അവൻ കാത്തു നിന്നത് എന്നെയാണോ? അറിയില്ല. പക്ഷേ, അവന്റെ കണ്ണുകൾ മറ്റു കുട്ടികളുടേത് പോലെയല്ല. ആ കണ്ണുകളിൽ എന്തോ ഒരു തിളക്കം ഞാൻ കണ്ടു. ചിലപ്പോൾ തോന്നലാവാം. അവൻ മറ്റു കുട്ടികളെ പോലെയല്ലല്ലോ? എന്നാലും, അവരെയൊക്കെ പോലെ തന്നെ അവനെയും ഇഷ്ടപ്പെടാനെ എനിക്ക് പറ്റൂ. എനിക്കിനിയും അറിയാത്ത കാര്യം… അവനെന്തിനായിരിക്കും ദിവസവും എന്റെ പിരിയടിൽ ആ റോസാ പൂവ് മേശപ്പുറത്ത് വക്കുന്നത്? ഇല്ല, വിദ്യ പറഞ്ഞത് പോലെ ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടുന്നതാ. ഉറക്കം വരുന്നു. കിടക്കട്ടെ…’
അവന്റെ ഉള്ളം തുടിച്ചു തുടങ്ങി. ജിജ്ഞാസ അടക്കാനാവാതെ അവൻ പിന്നെയും പിന്നെയും താളുകൾ മറച്ചു വായിച്ചു കൊണ്ടിരുന്നു. പിന്നീടുള്ള എല്ലാ പേജുകളിലും അവൾ അന്നന്നത്തെ അനുഭവങ്ങൾ കുറിച്ചിട്ടുണ്ട്. എല്ലാ പേജുകളിലും അവനുണ്ടായിരുന്നു. എന്തിന് ഞായറാഴ്ച ദിവസങ്ങളിൽ പോലും. അവന്റെ പേരൊഴികെ. അവളുടെ ചിരിയും കണ്ണുനീരും എല്ലാം ആ അക്ഷരങ്ങളിലൂടെ അവനറിഞ്ഞു. അവസാനം തലേ ദിവസത്തെ പേജെത്തി
‘അവനോടെന്തു പറയണം എന്നെനിക്കറിയില്ല.