“ഒരിക്കലും നിറഞ്ഞു കാണാൻ ആഗ്രഹിക്കാത്ത കണ്ണുകളാണ് ഈ നിറഞ്ഞു നിൽക്കുന്നത്. ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത കാഴ്ചയാണ് മുന്നിലും. തന്നോട് എന്തു പറയണം എന്നെനിക്കറിയില്ല. ഞാൻ… ഇങ്ങനെയൊക്കെ ആയി മാറിയത്… അതിനൊരു കാരണമുണ്ട്.” ജിതിൻ വിശദീകരിക്കാൻ തുനിഞ്ഞു.
“ഞാൻ ഒരിക്കലും കരഞ്ഞു കാണാൻ നീ ആഗ്രഹിച്ചിട്ടെല്ലെങ്കിൽ, കേട്ടോളു. നിന്റെ ആ കാരണം എന്തു തന്നെയായാലും, അത് മൂലമാണ് ഞാൻ കരയുന്നത്. നിനക്ക് ന്യായമെന്ന് തോന്നുന്ന ആ കാരണം എന്നെ വേദനിപ്പിച്ചിട്ടെ ഉള്ളൂ ജിതിൻ…. ദേ, ഇപ്പോൾ പോലും.”
അവൾ വിങ്ങിപ്പൊട്ടി. കരയരുത് എന്ന് കരുതി പിടിച്ചു നിന്നിട്ടും അവന്റെ നിറഞ്ഞു തുടങ്ങിയ കണ്ണുകൾ അവൾ ശ്രദ്ധിക്കാതിരിക്കാൻ അവൻ തല ചരിച്ച് അവളിൽ നിന്നും നോട്ടമകറ്റി, കൃഷ്ണമണികൾ ചലിപ്പിച്ചു, ഊറി വന്ന നീര് വറ്റും വരെ.
“വിദ്യ എന്നോട് ഒരുപാട് പറഞ്ഞതാ, നിന്നെ ഇനി കണ്ടു സംസാരിക്കരുത്, ഒരു ടീച്ചറാണ്, ആ അകലം എപ്പോഴും വേണം എന്നൊക്കെ. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്, വിദ്യ പറഞ്ഞത് നേരാണെന്നും അങ്ങിനെ തന്നെയാണ് ചെയ്യേണ്ടതെന്നും. പക്ഷെ… പക്ഷെ എനിക്ക് പറ്റണില്ല ജിത്തൂ, നിന്നെപ്പോലെ, എന്നെ ഇത്ര അടുത്തറിഞ്ഞ ആരെയും എനിക്കറിയില്ല.”
അവൾ കർച്ചീഫ് എടുത്തു മൂക്ക് തുടച്ചു. ജിത്തു ആകെ വട്ടുപിടിച്ച അവസ്ഥയിലായിരുന്നു. അവർ തമ്മിലുള്ള സംസാരത്തിന്റെ ദിശ മാറിയ നിമിഷം മുതൽ അവളോട് താൻ ഏറ്റു പറയാൻ മാറ്റി വച്ചിരുന്നതിന്റെ ബാക്കി പറഞ്ഞു തീർക്കാൻ മനസ്സിൽ കരുതിയിരുന്നതാണ്. പക്ഷെ, അവളുടെ മാനസികാവസ്ഥ കണക്കിലെടുക്കാതെ, വേണ്ട. അവൾ ഇപ്പൊത്തന്നെ ആവശ്യത്തിന് മാനസിക സമ്മർദത്തിലാണ്. ഇനിയും താൻ പ്രഷർ കയറ്റിയാൽ, അവൾക്ക് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരിക്കും. കോകില കർച്ചീഫ് കൊണ്ട് കണ്ണു നീരൊപ്പി, മുഖക്കുരു മാഞ്ഞു തുടങ്ങിയ ചെങ്കവിൾ തുടച്ച്, കർച്ചീഫ് നാലായി മടക്കി, കയ്യിൽ തന്നെ ചുരുട്ടിപ്പിടിച്ചു. അവൾ തോളിൽ തൂക്കിയിരുന്ന ഹാൻഡ് ബാഗ് തുറന്ന്, അതിൽ കയ്യിട്ട് ഒരു ഡയറി പുറത്തെടുത്തു. അത് ജിതുവിനെ ഏൽപിച്ചു കൊണ്ട് അവൾ തുടർന്നു.
“ഡയറി എഴുതി എനിക്ക് പരിചയമില്ല. ഞാൻ ജീവിതത്തിൽ ഒരിക്കലും ഇതിന് മുൻപ് ഒരു ഡയറി എഴുതിയിട്ടില്ല ജിത്തു. അതിന്റെ ആവശ്യമെന്താണെന്നോ, എന്തിനു വേണ്ടിയാണ് ആളുകൾ ഡയറി എഴുതുന്നതെന്നോ എനിക്കറിയില്ല. എന്നാൽ ആദ്യമായി ഈ സ്കൂളിൽ വന്നത് മുതലുള്ളതെല്ലാം ഞാനിതിൽ കുറിച്ചു വച്ചിട്ടുണ്ട്. എനിക്ക് സങ്കടം വരുമ്പോഴും, സന്തോഷം തോന്നുമ്പോഴും ഈ ഡയറിയായിരുന്നു എനിക്ക് കൂട്ട്. നിന്നെ അടുത്തറിയുന്നത് വരെ.”
ജിതിൻ ആ ഡയറി വാങ്ങി അതിന്റെ പുറംചട്ട നോക്കി. തന്റെ ഡയറിയുടെ അതേ വലുപ്പത്തിലും രൂപ സാദൃശ്യത്തിലും ഉള്ള ഡയറി. തന്റെയീ രണ്ടാം യാത്രക്ക് തൊട്ടു മുൻപുള്ള രാത്രി അവനോർമ്മ വന്നു.