“താൻ ഇപ്പൊ പൊഴിക്കുന്ന ഈ കണ്ണീരുണ്ടല്ലോ? അതിലെ ഓരോ തുള്ളിയും തൂവാല കൊണ്ട് തുടച്ചെടുത്ത് അത് ഞാൻ എന്റെ മുറിയിൽ, അന്ന് നമ്മൾ എടുത്ത ക്ലാസ് ഫോട്ടോയില്ലേ? അതിന്റെ കൂടെ ചേർത്തു വെക്കും ഞാൻ. ഇപ്പൊ താൻ കരഞ്ഞോ. ഞാൻ അതിഷ്ടപ്പെടുന്നില്ല, എങ്കിൽ പോലും. പക്ഷെ, ഒന്നറിഞ്ഞാൽ കൊള്ളാം. ഞാൻ കാരണമാണോ താൻ പോകാൻ തീരുമാനിച്ചത്?”
അവൾ വിതുമ്പൽ നിർത്തി, കലങ്ങിയ കണ്ണുകളോടെ അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ ചുവപ്പ് പടർന്ന മിഴികളിൽ നിന്നുമുള്ള നോട്ടം അവന്റെയുള്ളിൽ അസ്ത്രം പോലെ തറച്ചു. ഈ മിഴികളെയാണോ താൻ പ്രണയിച്ചത്? ഈ നോട്ടം, അവളുടെ ഈ വിവേചനാതീതമായ ഭാവം, അതെന്തിന് വേണ്ടിയാണ്? എന്താണവൾ തന്നിൽ നിന്നും ആഗ്രഹിക്കുന്നത്? എന്താണ് ഈ പെണ്ണിന്റെയുള്ളിൽ? അര നിമിഷ നേരം കൊണ്ട് അവന്റെയുള്ളിൽ ആയിരം ചോദ്യങ്ങൾ വന്നടിഞ്ഞു കൂടി. അവളെ ഒന്ന് ചേർത്തു പിടിച്ചാശ്വസിപ്പിക്കണം എന്നുണ്ടായിരുന്നു ജിത്തുവിന്. വേണ്ട, അതിന് സമായമായില്ല എന്ന് മനസ്സ് പറയുന്നു.
“ജിത്തൂ…” അവളുടെ ആർദ്രമായ വിളിയിൽ അവന്റെ ശരീരം പതിന്മടങ്ങ് ഊർജസ്വലമായി.
‘എന്താടി പെണ്ണേ…’ അവൻ മനസ്സിൽ വിളി കേട്ടു.
“നിന്നോട് പറയാൻ ഒരുപാട് കാര്യങ്ങൾ മനസ്സിൽ കുറിച്ചിട്ടാ നിന്നെ കൂടെ കൂട്ടിയത്. മറന്നു എല്ലാം.”
കോകില ഒരു നിസ്സാരച്ചിരി ചിരിച്ചു.
“നിന്നെ ഞാൻ, നീയെന്റെ….” കോകില ഒന്ന് നിർത്തി. വീണ്ടും നിമിഷനേരത്തെ നിശ്ശബ്ദതക്കൊടുവിൽ അവൾ തുടർന്നു.
“നീ മറ്റുള്ളവരെപ്പോലെ ആയിരുന്നില്ല എനിക്ക്. ക്ലാസ് മുറിയിലും, എന്തിന് ആ സ്കൂളിലാകെ എല്ലാവരും ഒറ്റപ്പെടുത്തിയപ്പോൾ നീയായിരുന്നു എനിക്ക് കൂട്ട്. നിന്റെ ഉള്ളിലെ വേദനകൾ മറച്ചു വച്ച്, നീയെന്നെ ചിരിപ്പിച്ചു. ഒരുപാട് നാളുകൾക്ക് ശേഷം ഒറ്റപ്പെടൽ അനുഭവിച്ചു തുടങ്ങിയപ്പോൾ നീ എനിക്ക് തുണയായി. എനിക്ക് കൂട്ടായി. പക്ഷേ, ഇപ്പോഴത്തെ നിന്നെ…. നിന്നെയെനിക്ക് അറിയില്ല ജിത്തൂ…. നിന്നെ എനിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല. ഞാൻ കൂട്ടു കൂടി ചിരിച്ച ആ പഴയ ജിത്തുവിനെ എനിക്ക് നഷ്ടമായി എന്നൊരു തോന്നൽ. എന്ത് കൊണ്ട് എന്ന് നീ ചോദിക്കരുത്. പക്ഷെ, അതാലോചിക്കുമ്പോൾ എനിക്ക്… എനിക്കെന്നെത്തന്നെ നഷ്ടമാവുന്ന പോലെ.”
കോകില വിതുമ്പി. അതു കണ്ട് ജിതിന്റെയുള്ളിലെ ആ പഴയ പതിനെട്ടുകാരൻ കണ്ണീർ വാർത്തു.