“ഹേയ്, എന്ത് സ്പെഷ്യൽ ജിതിൻ. ചുമ്മാ അങ്ങിനെ ഒരൊന്നൊക്കെ പറഞ്ഞു ചിരിച്ചു പോയതാ ഞങ്ങൾ.”
“മിസ്സ്…. ഇഫ് യു ഡോണ്ട് മൈൻഡ്, എനിക് കോകില മിസ്സിനോട് കുറച്ചു സംസാരിക്കണം.”
“ഷുവർ, വൈ നോട്, ആക്ച്വലി ഞാൻ പോകുവാരുന്നു. കോകില മിസ്സിന് ജിതിനോട് എന്തോ പറയാനുണ്ട്. അല്ലെ മിസ്സ്?”
വിദ്യാ മിസ്സിന്റെ കണ്ണു തുറിച്ചുള്ള ആ ചോദ്യത്തിന് മുൻപിൽ കോകില ഉത്തരം പറയാതെ നിന്നു. വിദ്യാ മിസ്സ് എന്തിനാണ് ഇങ്ങനെ അഭിനയിക്കുന്നത് എന്നവൻ ചിന്തിച്ചു. ഒരു മാതിരി പൊട്ടന്മാരോട് സംസാരിക്കുന്നത് പോലെ. പക്ഷെ അവൻ വിവേകിയാവാൻ തീരുമാനിച്ചു.
“ഒക്കെ, ഐ വിൽ ടേക്ക് മൈ ലീവ് നൗ. കോകില, ഞാൻ നടക്കുവാണേ, ഞാൻ ബസ്സ് സ്റ്റോപ്പിൽ കാണും.”
കോകില ഒന്നും മിണ്ടാതെ തന്നെ നിന്നു. ഇവർ തമ്മിലുള്ള നാടകം എന്താണെന്ന് ജിതിൻ കരുതി. അതെന്തുമാകാം. പിന്നെ വിദ്യാ മിസ്സിന്റെ ഡയറക്ഷൻ കൂടിയാവുമ്പോൾ, തനിക്ക് മൂഞ്ചാവസ്ഥ ആവനാണ് സാധ്യത.
“നടക്കാം?”
കോകിലയുടെ ശബ്ദത്തിന് ഒരു വല്ലാത്ത ഭാവം. വിഷാദമാണോ, അതോ അവളെ എന്തെങ്കിലും അലട്ടുന്നുണ്ടോ? കുറച്ചു നേരം മിണ്ടാതെ നടന്നിട്ട് ജിതിൻ തന്നെ സംസാരത്തിന് തുടക്കമിട്ടു.
“കോകില മിസ്സ്…”
അവൾ അവന്റെ മുഖത്തു നോക്കി ചിരിച്ചു. ആ ചിരിയിൽ ഒളിഞ്ഞിരിക്കുന്ന കൃത്രിമത്വം അവൻ തിരിച്ചറിഞ്ഞു. ഇന്നേ വരെ അങ്ങിനെ ഒരു ചിരി താൻ അവളിൽ കണ്ടിട്ടില്ല.
“ആദ്യം തന്നെ, ഞാൻ ഒരു സോറി പറയട്ടെ, ഞാൻ അന്ന് ക്ലാസ്സിൽ വച്ചു ചെയ്തത് ഒരു മര്യാദ ഇല്ലാത്ത പരുപടിയായിപ്പോയി. അപ്പോൾ എനിക്ക് അത് തോന്നിയില്ല. പക്ഷെ, ആലോചിക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു… ഒരു വിഷമം. അതാ ഞാൻ ഇപ്പൊ പറഞ്ഞത്.”
“മം….” കോകില ദൂരേക്ക് നോക്കി മൂളി.
“പിന്നെ, പിന്നെ ഞാൻ അതിന് മുൻപും മിസ്സിനോട് കുറച്ച് മോശമായി പെരുമാറി. അതിനും….. സോറി.”
“മം….”
“ഞാൻ വിദ്യാ മിസ്സിന് ഒരു വാക്ക് കൊടുത്തിരുന്നു. അത് എത്ര ശതമാനം പാലിക്കാൻ കഴിഞ്ഞു എന്നെനിക്ക് അറിയില്ല. എന്നാലും ഞാൻ ശ്രമിക്കുന്നുണ്ട്.”
“മം….”
“മിസ്സിന് എന്നോടെന്തോ പറയാനുണ്ടെന്ന് പറഞ്ഞില്ലേ, എന്തായിരുന്നു കാര്യം?”
“പറയാം.”
“മിസ്സേ…, ദേ ഇങ്ങോട്ട് നോക്കിയേ…”
ജിതിൻ ഒന്ന് നിന്നു. കൂടെ കോകിലയും. അവർ നടന്ന് സ്കൂൾ ഗേറ്റിന്റെ പുറത്തെത്തിയിരുന്നു.