ഞാൻ ജീവിതം ഒന്നേന്ന് തുടങ്ങണം എന്നാണോ വിധി? അവൻ ചിന്തകളിൽ മുഴുകി. ബാക്കിയുള്ള കുരുക്കുകളെല്ലാം ഒന്നല്ലെങ്കിൽ മറ്റൊന്നുമായി ബന്ധപ്പെട്ട് എങ്ങനെയൊക്കെയോ അഴിച്ചു. പക്ഷേ, ഇവളുടെ കാര്യത്തിൽ മാത്രം ഒരു ഉറച്ച തീരുമാനം എടുക്കാൻ കഴിയുന്നില്ല. അതോ, ഞാൻ ചിന്തിക്കുന്ന രീതി തെറ്റായിട്ടാണോ? ആയിരിക്കും. ശേ, ഞാനൊരു മണ്ടൻ, ഗുരുവിന് ശിഷ്യനോട് പ്രണയമോ? കൊള്ളാം. വെറുതെ ഓരോ പാഴ്കിനാവുകൾ. ചിലപ്പോൾ കോകില പറഞ്ഞത് ശെരിയായിരിക്കും. ഈ പ്രായത്തിൽ തോന്നുന്ന വെറും ഇൻഫാക്ച്ചുവേഷൻ. അതു തന്നെയാവാം ഈ തോന്നാലൊക്കെ.
സമയം ഇഴഞ്ഞു നീങ്ങി. ക്ലാസ്സ് തീർത്തു എന്നറിയിക്കാൻ ഒരു മണി മുഴങ്ങി. പുസ്തകവും മാറോട് ചേർത്ത് കോകില ഇറങ്ങി പോവുന്ന വഴി, നോക്കണ്ട എന്ന് വിചാരിച്ചിരുന്നെങ്കിലും അവൻ അവളെ നോക്കിപ്പോയി. അവന്റെ നോട്ടം പ്രതീക്ഷിച്ചിട്ടെന്ന വണ്ണം ആ പോക്കിൽ അവൾ അവനെയും നോക്കുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടിന്റെ കോണിൽ അവനായി ആ പഴയ ചിരി ഒളിപ്പിച്ച്. അവന്റെ നെഞ്ചകം തുടി കൊട്ടി. എത്ര നാളുകൾ, എത്ര നാളുകൾ കാത്തിരുന്നു, ഈ ഒരു അനുഭൂതിക്കു വേണ്ടി? അവൾ പകർന്നു തന്ന ഹിമകണത്തിന്റെ തണുപ്പ് തന്റെ നെഞ്ചിൽ പടരുന്നതവൻ അറിഞ്ഞു. വീണ്ടും പ്രതീക്ഷയുടെ പുതിയ പുൽനാമ്പുകൾ മനസ്സിൽ കിളിർക്കുന്നതവൻ അനുഭവിച്ചറിഞ്ഞു.
അന്ന് വൈകുന്നേരം സോണിയോട് തന്നെ കാക്കാതെ നേരെ വിട്ടു പോയ്ക്കോളാൻ പറഞ്ഞ് സ്കൂൾ മുറ്റത്ത് ഓരോരത്ത് തന്റെ ശകടവും പിടിച്ചു കാത്തു നിന്നു ജിതിൻ. അൽപ നേരത്തിനു ശേഷം കയ്യിൽ രണ്ടു മൂന്ന് ചാർട്ടും ചുരുട്ടിപ്പിടിച്ച് കോകില വിദ്യമിസ്സിന്റെ കൂടെ പടികൾ ഇറങ്ങി വന്നു. ജിതിൻ അവർക്കരികിലേക്ക് നടന്നു ചെന്നു. അവന്റെ വരവ് കണ്ട കോകില കൂടെ നടന്ന വിദ്യമിസ്സിന്റെ കയ്യിൽ പിടിച്ചു നിർത്തി. വിദ്യാ മിസ്സ് അവളുടെ കയ്യിലിരുന്ന ചാർട്ട് വാങ്ങിപ്പിടിച്ച് അവളുടെ തോളത്തു കൈ വച്ച് എന്തൊക്കെയോ പിറുപിറുത്തു. അവരുമായുള്ള അകലത്തിൽ ഫലം, അവർ പറഞ്ഞതൊന്നും അവൻ കേട്ടില്ല. എന്നാൽ വിദ്യാ മിസ്സ് പിന്നെയും തങ്ങൾക്കിടയിൽ നിന്ന് ചൊറിയാൻ വരികയാണോ എന്നവൻ സംശയിച്ചു. അവൻ അടുത്തു ചെന്നതും വിദ്യാ മിസ്സ് അവനെ നോക്കി ഒന്ന് നീട്ടി പുഞ്ചിരിച്ചു. പുറത്തറിയരുത് എന്നാഗ്രഹിക്കുന്ന ഏതൊരു വിഷയവും, ഏതൊരു പ്രശ്നവും മറ്റുള്ളവരിൽ നിന്നും മറയ്ക്കാൻ ചില സ്ത്രീകൾ കാട്ടുന്ന തന്ത്രം. അത് മനസ്സിലാക്കാൻ തന്റെ ജീവിത വഴികൾക്കിടയിൽ ജിതിൻ പഠിച്ചിരുന്നു.
“ഹായ് ജിതിൻ, ഹൗ ആർ യു? എങ്ങിനെ പോകുന്നു?”
“ഫൈൻ, ഫൈൻ വിദ്യാ മിസ്സ്… ഇന്ന് നല്ല സന്തോഷത്തിലാണല്ലോ? എനിതിങ് സ്പെഷ്യൽ ടുഡേ?”