ഞാൻ ജനിച്ചിട്ട് ഇതേ വരെ ഒരു വിറക് മുട്ടി പോലും കീറിയിട്ടില്ല. പക്ഷെ ഈ കാണുന്നതുണ്ടല്ലോ? അത് എന്റെ കാർന്നോമ്മാര് പകർന്നു തന്ന ഗുണമാ. ചുരുക്കിപ്പറഞ്ഞാൽ ഞാനും എന്റെ തന്തയും, തന്തേടെ തന്തയതും ഒക്കെ നല്ല തന്തക്ക് പിറന്നതിന്റെ ഗുണം.”
ഫൈസലിന്റെ മുഖത്തെ ചിരി മാഞ്ഞു. താൻ അടിച്ചു പഞ്ഞിക്കിടാൻ തുനിഞ്ഞു കൊണ്ടു വന്ന ജിതിൻ തന്റെ മുന്നിൽ വളർന്നു ഭീമാകാരനാവുന്നതും താൻ അവന്റെ മുന്നിൽ ആശുവാവുന്നതായും അവന് തോന്നി. വായുവിൽ ഒരു വല്ലാത്ത ഊർജം നിറഞ്ഞു നിൽക്കുന്നു. ജിതിന്റ് ഉള്ളിൽ നിന്നും വമിക്കുന്ന പേടിപ്പെടുത്തുന്ന ഒരു വൈദ്യുതോർജം.
“നീ സോമന്റെ ഡയലോഗ് കേട്ടിട്ടില്ലേ? മരം വെട്ടുകാരനായിരുന്നു എന്റെ അപ്പൻ എന്ന് ലേലം സിനിമയിൽ സോമൻ പറഞ്ഞത്? എന്റെ കാര്യത്തിൽ അത് ശെരിയാ. പക്ഷെ ഒരു വ്യത്യാസം. എന്റപ്പനല്ല, അപ്പാപ്പനായിരുന്നു മരം വെട്ടുകാരൻ. പത്തു കിലോയുടെ ഒരു കൂടം അതിന്റെ വടിയുടെ വാലിന്റെ കീഴറ്റത്ത് പിടിച്ച് ഒറ്റക്കയ്യിലെ മുഷ്ഠിക്കുള്ളിൽ കുത്തനെ പൊക്കി നിർത്തുമായിരുന്നു പുള്ളി. ഒരു പ്രയാസവും കൂടാതെ. വിശ്വാസം വരുന്നില്ല അല്ലെ? കാട്ടിത്തരാം.”
ജിതിൻ അടുത്തു കിടന്ന ഒരു ഡെസ്കിന്റെ ഒരറ്റത്ത് പിടിച്ചു പൊക്കി അത് ഒറ്റക്കയ്യിൽ കുത്തനെ പൊക്കി നിർത്തി.
കിരണും നിഖിലും ഏതു നിമിഷവും ഇറങ്ങിയോടാൻ തയ്യാറായി നിന്നു. ഫൈസൽ കാലുകൾ മരവിച്ച പോലെ അനങ്ങാതെ നിന്നു. ഇവൻ മനുഷ്യനല്ല. ഒരു മനുഷ്യന് ചേർന്ന പ്രവർത്തിയല്ല ഇവൻ ചെയ്യുന്നത്. തന്നെ അവൻ കൊന്നു കളഞ്ഞേക്കും എന്നു വരെ ഫൈസൽ ഭയപ്പെട്ടു. അവന്റെ മുഖത്തെ പേശികൾ അയഞ്ഞ്, മുഖത്തു വിയർപ്പു പൊടിഞ്ഞു. കൈ കഴച്ചപ്പോൾ ജിതിൻ രണ്ടു കൈ കൊണ്ടും ഡെസ്ക് നിലത്തിട്ടു വച്ചു.
“എന്റെ മുഴുവൻ ബലവും ഞാൻ ഇന്നേവരെ ഉപയോഗിച്ചിട്ടില്ല. എന്നെ അതിന് പ്രേരിപ്പിക്കരുത്. നീയൊന്നും ബാക്കിയുണ്ടാവില്ല ഫൈസൽ. അത് വേണോ? വേണോന്ന്…” ജിതിൻ അലറി. കോപം കൊണ്ട് അവന്റെ കൺതടം വിറച്ചു.
“എനിക്ക് ഇപ്പോ കിട്ടിയ ഇടി, അത് ഞാൻ മറക്കാം. കുറച്ചു നാളായില്ലേ നമ്മളിങ്ങനെ കൊണ്ടും കൊടുത്തും? നിനക്ക് മതിയായില്ലേ ഫൈസലെ? ഇനിയുള്ള ദിവസങ്ങൾ, അത് നമുക്ക് നമ്മുടെ ടീച്ചർമാർക്ക് മര്യാദ കൊടുത്ത്, ഈ സ്കൂളിന് മര്യാദ കൊടുത്ത് ചിലവഴിച്ചൂടെ? നമ്മളെ പഠിക്കാൻ ഇങ്ങോട്ട് വിട്ട നമ്മുടെ വീട്ടുകാർക്ക് വേണ്ടി, അത്രയെങ്കിലും ചെയ്യാനുള്ള കടമ നമുക്കില്ലേ? ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുമ്പോൾ എനിക്ക് കുറച്ചു നല്ല ഓർമകളാണ് വേണ്ടത്. എന്നെപ്പോലെയല്ല, സ്കൂൾ ലീഡർ ആവനുള്ള യോഗ്യതയും കഴിവുമുണ്ട് നിനക്ക്. എന്നെപ്പോലെ മറ്റുള്ളവരും അംഗീകരിക്കുന്ന ആ കഴിവെല്ലാം വെറുതെ നശിപ്പിക്കണോ? അതല്ല, തല്ലിത്തീർക്കാൻ തന്നെയാണ് നിന്റെ ഇഷ്ടമെങ്കിൽ, ഞാൻ എപ്പോഴെ റെഡി.” ജിതിൻ ബലമേറിയ കൈകൾ രണ്ടും വിരിച്ചു പറഞ്ഞു.
“ഞങ്ങൾ മൂന്നു പേരുണ്ട്. നീയൊറ്റക്കാ… നിന്നെ ഇടിച്ചിടാൻ ഞങ്ങൾ മൂന്നു പേർ മതി. അല്ലെ ഫൈസൽ?”
കിരൺ ഫൈസലിന്റെ തോളിൽ കൈ വച്ചു പറഞ്ഞു. എന്നാൽ ഫൈസൽ മറുപടി പറഞ്ഞില്ല. അവന് ജിതിന്റെ മാർബിൾ പോലെ കടഞ്ഞെടുത്ത ശരീരത്തിൽ നിന്നും കണ്ണെടുക്കാൻ കഴിയാതെ ഉണ്ട വിഴുങ്ങിയ പോലെ നിന്നു.
“ഫൈസൽ…”
തോളിൽ വച്ചിരുന്ന കയ്യെടുത്തു തന്റെ മുഖത്തു തട്ടാൻ ഒരുങ്ങിയ കിരണിന്റെ കയ്യിൽ ഫൈസൽ കയറിപ്പിടിച്ചു. അവൻ കിരണിനെ നോക്കി വേണ്ട എന്ന് തലയാട്ടി.