“ഹേയ്… അല്ല ജിതിൻ, ഞാൻ… നമ്മൾ ഒരുമിച്ച്… സമയം ചിലവഴിക്കുന്ന കാര്യം ആലോചിച്ചപ്പോൾ, ടെൻഷൻ കയറിയിട്ട്… ഞാൻ…” അവൾ വാക്കുകൾ വിഴുങ്ങി.
“സാംസന്റെ കഥ കേട്ടിട്ടുണ്ടോ അന്നാ?”
“ഏ… ആര്?” അന്ന മനസ്സിലാവാത്ത പോലെ അവനെ നോക്കി.
“സാംസൺ. നിങ്ങടെ ബൈബിളിൽ ഒക്കെ പറയുന്നുണ്ടല്ലോ ഒരു കഥ? അതീവ ബാലവാനായ, ഒരു അങ്കക്കാളയെ ഒറ്റക്കൈ കൊണ്ട് അടിച്ചു കൊല്ലാൻ തക്ക ശേഷിയുള്ള സാംസൺ? കേട്ടിട്ടുണ്ടോ?”
“ആ… എ.. എന്താ ഇപ്പൊ ഇങ്ങനെയൊക്കെ ചോദിക്കണേ?”
“സംസാന്റെ കരുത്തിന്റെ രഹസ്യം അവന്റെ നീണ്ട മുടിയായിരുന്നു. നാട്ടിലെ ഭരണാധികാരികൾ അവന്റെ കരുത്തിനെ ഭയന്ന്, അവനെ ചതിയിൽ പെടുത്താൻ ഒരാളെ കാശു കൊടുത്തു നിയമിച്ചു. ആരാണെന്നു ഞാൻ പറയണ്ടല്ലോ?”
പേടി കാരണം അന്നയുടെ പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കാൻ തുടങ്ങി. അവളുടെ മൂക്കിനുള്ളിൽ ചോര മണം നിറയുന്നത് പോലെ ഒരു തോന്നൽ.
“അവന്റെ ഭാര്യ. ഒരു പെണ്ണ്. ചരിത്രത്തിൽ അത് പോലെ ഒരുപാട് കഥകളുണ്ട്. പക്ഷെ എന്റെ ഫേവറിറ്റ് ഈ പറഞ്ഞ കഥയാ. കാരണം…” അവൻ പറഞ്ഞു കൊണ്ട് അന്നയെ പിടിച്ചു നിർത്തി. അവളുടെ വിളറി വെളുത്ത മുഖത്തേക്ക് നോക്കി ഒന്നും സംഭവിക്കാത്ത പോലെയവൻ പറഞ്ഞു.
“കണ്ണു രണ്ടും കുത്തിയെടുത്ത് കാഴ്ച്ച നഷ്ടപ്പെടുത്തിയിട്ടും, അവസാനം മരിക്കുന്നതിന് മുൻപ്, തന്നെ കെട്ടിയിട്ടിരുന്ന തൂണുകളിൽ ചങ്ങല കൂട്ടി ഒരു വലിയുണ്ട് സാംസൺ. തന്നെ തകർക്കാൻ ആഗ്രഹിച്ചിരുന്ന കള്ളക്കൂട്ടങ്ങളെ എല്ലാം, മുച്ചൂടും മുടിപ്പിച്ചാ അവൻ മോളിലോട്ട് പോയത്. പ്രതികാരവുമായി, പ്രായശ്ചിത്തവുമായി. കലക്കീല്ലേ?”
“ജിത്തൂ… ഞാൻ… അവർ…. അവൻ… എന്നെ….” അന്ന കരയാൻ ഭാവിച്ചു.
“വേണ്ട അന്നാ… ഇനിയും വേണ്ട. മുൻപ് ഇതുപോലൊരു കളി ഞാനും കളിച്ചതല്ലേ? ഒരുമാതിരി മരുഭൂമിയിലേക്ക് മണൽ കയറ്റിവിടുന്ന ഏർപ്പാടായിപ്പോയി. ആ, സാരമില്ല. താൻ പൊയ്ക്കോ. താൻ ഇനി ഇടപെടണ്ട. ഇത് തീർക്കേണ്ടത് എങ്ങിനാണെന്ന് എനിക്കറിയാം.എവിടേക്കാ എന്നെ കൊണ്ട് ചെല്ലാൻ പറഞ്ഞത്? പറ …”
“ലൈ… ലൈബ്രറി…”
“മം… അപ്പൊ ശെരി…. മോളൂട്ടി ചെല്ല്… ആ… വണ്ടി പോട്ടേ….”
അവളെ നോക്കി കൈയ്യാട്ടിക്കൊണ്ടു ജിതിൻ ചിരിച്ചു നിന്നു. പാവാട കൂട്ടിപ്പിടിച്ചു വിറക്കുന്ന കാൽവയ്പ്പുകളോടെ നടന്നകലുമ്പോളും അവൾ തിരിഞ്ഞു നോക്കിയില്ല. അവസനം കണ്ട അവന്റെ മുഖത്തെ ഇരുട്ടു നിറഞ്ഞ ആ ചിരി അവളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.
ജിതിൻ പടിയിറങ്ങി നടന്നു ചെന്ന് ലൈബ്രറിക്ക് മുന്പിലെത്തി നിന്നു. വാതിൽ അടഞ്ഞു കിടക്കുകയാണ്. മുട്ടി നോക്കണോ? അതോ തള്ളിത്തുറക്കണോ? അവൻ കൂടുതൽ ചിന്തിക്കാതെ ആ വാതിൽ മെല്ലെ തുറന്നു. ജാഗരൂകനായി അകത്തു കയറി. ഇവന്മാർ ഇത്ര മിടുക്കന്മാരാണോ? ഉള്ളിൽ ആളുള്ള പോലെ തോന്നുകയെ ഇല്ല. ഇടതു വശത്തെ ബുക് റാക്ക് കഴിഞ്ഞ് ഒരടി കൂടി മുൻപോട്ട് വച്ചതും, അവന്റെ ഇടതു കരണത്ത് കിട്ടി ഒരിടി.