നീ കൊള്ളരുതായ്മ കാണിക്കണം എന്നുമല്ല. ഈ പ്രായത്തിൽ നിനക്ക് കിട്ടുന്ന ചില അനുഭവങ്ങളിൽ ഒന്നു മാത്രമായി ഇതിനെ കണ്ടു നോക്ക്. പറയുന്ന പോലെ എളുപ്പമല്ല. എനിക്കറിയാം. എന്നാലും, ഈ ഫാന്റസി ഒക്കെ കഴിഞ്ഞ് നിന്റെ ജീവിതം വേറൊരു ലെവലിൽ എത്തുമ്പോൾ നീ കാത്തിരുന്ന ഒരു പെണ്ണ് വരും. അത് യാന്ത്രികമായി, സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. ഇപ്പൊ നിന്റെ ഈ അഫയർ പൊളിഞ്ഞു എന്ന് വച്ചാൽ, നിനക്ക് അതിനുള്ള സമയമായിട്ടില്ല എന്നാ അർത്ഥം. ആ സമായമാവുമ്പോൾ നീ അറിയും. പ്രകൃതിയുടെ കളി അങ്ങിനെയാണ്. ഇപ്പൊ നിന്റെ ശ്രദ്ധ ഈ പൊളിഞ്ഞു പോയ പ്രേമത്തിലല്ല, നിന്റെ മുന്നോട്ടുള്ള ജീവിതത്തിലാണ് നീ ചെലുത്തേണ്ടത്. നീ ചെയ്തു തീർക്കേണ്ടത് എല്ലാം ചെയ്തു തീർക്ക്. നന്നായി പഠിക്ക്. നല്ല മാർക്ക് വാങ്ങി സ്വന്തം കാര്യങ്ങൾ തന്നെ ചെയ്യാൻ കഴിയുന്ന ഒരു നിലയിലെത്ത്. അന്ന്, നിനക്ക് വിധിച്ചിട്ടുള്ളത് നിന്റെ പുറകെ വരും. നീ കണ്ടോ.”
അവൻ അച്ഛന്റെ മുഖത്തേക്ക് അവിശ്വാസത്തോടെ നോക്കി. ചെയ്ത് തീർക്കാനോ? എന്ത്? എന്താ എല്ലാവരും ഒരേ പോലെ പറയുന്നത്? എനിക്ക് വിധിച്ചിട്ടുള്ളത്… അതെന്താണ്?
“ഹാ… അപ്പൊ ഉപദേശം കഴിഞ്ഞു. എന്റെ ചടങ്ങ് കഴിഞ്ഞ സ്ഥിതിക്ക്, ഞാൻ നിന്നെ വെറുതെ വിടുന്നു, നീ കിടന്നുറങ്.. ഇനിയും ഓരോന്ന് ആലോചിച്ചു മനസ്സ് പുണ്ണാക്കണ്ട. എനിക്കും ഉറക്കം വരുന്നുണ്ട്. അപ്പൊ മറക്കണ്ട, ലക്ഷ്യമാണ് പ്രധാനം. ഒക്കെ… ഗുഡ് നൈറ്റ്.”
അയാൾ ലൈറ്റ് അണച്ച്, മുറിയിറങ്ങിപ്പോയി. ജിതിൻ പുതപ്പ് വലിച്ചിട്ട് കണ്ണും തുറന്ന് കിടന്നു. അച്ഛൻ പറഞ്ഞ കാര്യങ്ങൾ കേട്ട് ആശ്വസിക്കുന്നതിന് പകരം, ആ വാക്കുകൾ അവനെ നീണ്ട ചിന്തയിലേക്കാണ് കൊണ്ടെത്തിച്ചത്.
“അപ്പൊ ആ കാര്യത്തിൽ പിന്നെയും തീരുമാനമായി അല്ലെ? എടാ, കുറച്ചെങ്കിലും നാണം വേണ്ടേ മൈരേ? അന്നേ പറഞ്ഞതല്ലേ, ഇതിനൊന്നും പോവണ്ടാ പോവണ്ടാന്ന്? കേട്ടില്ല. ഇപ്പൊ അനുഭവിച്ചോ. നിന്നെ ഉപദേശിക്കാൻ നമ്മളാരാ അല്ലെ?” പിറ്റേന്ന് ക്ലാസ്സിൽ ചെന്നപ്പോൾ സോണി കുറ്റപ്പെടുത്തലുകളുടെ കെട്ടഴിച്ചു. ഏതാണ്ട് അര മണിക്കൂറായി അവൻ ജിതിനെ ഒരു കവിൾ വെള്ളം കുടിക്കാൻ പോലും അനുവദിക്കാതെ വായുവിൽ നിർത്തി ചോദ്യശരങ്ങളാൽ മുറിവേല്പിക്കാൻ തുടങ്ങിയിട്ട്. അവനോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞാൽ തന്റെ മനസ്സിലെ ഭാരം അത്രയും കുറഞ്ഞലോ എന്ന് കരുതിയാണ് സോണിയോടെ തന്റെ ദുഃഖം പങ്കു വെക്കണമെന്ന് കരുതിയത്. എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടായത് പോലെ സോണി ജിതിനെ ചാടിക്കടിക്കാൻ ചെന്നു.
“ആരുടെ ഉണ്ട നോക്കിയിരിക്കുവാടാ? ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ? വെറുതെ ഓരോ കുരുക്കും ഒപ്പിച്ചു വച്ചേച്ച്, വന്നിരിക്കുവാ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ. അല്ല, ശെരിക്കും കളഞ്ഞില്ലേ?” സോണി ഒരു രക്ഷിതാവിന്റെ അധികാരത്തിൽ അവനെ ശാസിച്ചു.
“സോണിമോനെ….” ജിതിൻ തളർന്ന സ്വരത്തിൽ വിളിച്ചു. അവന്റെ ശബ്ദത്തിലെ വിഷാദം സോണിയുടെ കരളലിയിച്ചു എത്രയൊക്കെ പറഞ്ഞാലും തന്റെ ചങ്കല്ലേ അവൻ? ഒന്ന് തളർന്നപ്പോ ഒരിറ്റ് ആശ്വാസത്തിന് വേണ്ടി അവൻ ആദ്യം വന്നത് തന്റടുത്തല്ലേ? എന്നിട്ട് താൻ അവനെ എന്തെല്ലാം പറഞ്ഞു? സോണിയുടെ ഉള്ള് കാളി.
“ഞാനുണ്ട് മച്ചമ്പി, ഞാനുണ്ട് നിന്റെ കൂടെ. നീ വിഷമിക്കല്ലേ അളിയാ, നിന്റെ ഇരിപ്പ് കണ്ടിട്ട് സഹിച്ചില്ല. അതാ ഞാൻ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞത്. നീയെന്നോട് ക്ഷെമിക്കില്ലേ അളിയാ?”
“എനിക്ക് കേട്ടിട്ട് പൊളിയുന്നുണ്ട് സോണിമോനെ, ഇനിയും പറഞ്ഞാൽ പല്ലടിച്ചു താഴെയിടും എന്ന് പറയാനാ വിളിച്ചത്.” ജിതിൻ ഗൗരവത്തിൽ പറഞ്ഞു.