“അങ്ങനെ നീയെന്നെ ഒഴിവാക്കല്ലേ ജിത്തൂ, ഇപ്പൊ ഞാൻ വന്നതെ, ‘അമ്മ പറഞ്ഞത് കൊണ്ട് മാത്രമല്ല. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ. പറ, ആരാ ആ പെണ്ണ്?”
“ഏത് പെണ്ണ്?” ജിതിൻ അല്പം ഭയത്തോടെ ഇരുന്നു. ഫാദർ എങ്ങിനെ മനസ്സിലാക്കി എന്നവൻ ചിന്തിച്ചു.
“എടാ, നിന്റെയീ പ്രായം കഴിഞ്ഞാ ഞാനും വന്നത്. എന്നോട് വേണോ ജിത്തൂ? നീ പറ, എന്തുണ്ടായി? അവളുടെ പേരും നാളും ഒന്നും എനിക്കറിയണ്ട. പക്ഷെ, നീ ഇങ്ങനെയിരിക്കാൻ ഞാൻ സമ്മതിക്കില്ല. നീ പറ.”
“അത്… അച്ഛാ, ഒരു ബ്രേക്ക് അപ്. ഞാൻ അതിന്റെ ഒരു മൂഡോഫിലാ. സത്യം പറഞ്ഞാൽ ഞാനത് മറന്നു തുടങ്ങുവാരുന്നു. പിന്നെ ഇപ്പൊ അച്ഛൻ ചോദിച്ചത് കൊണ്ട് മാത്രം പറയുന്നതാ. ഇപ്പൊ ഞാൻ ഒക്കെയാ.”
“അതേ. നീ ഒക്കെയാ. അത് നിന്റെ മുഖത്തു കാണാനുണ്ട്.”
ജിതിൻ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.
“അയ്യേ… ടാ… നീ കരയാണോ? അയ്യയ്യേ… സിംഗക്കുട്ടി കരയാനോ?” പ്രഭാകരൻ അവന്റെ അടുത്തേക്ക് കയറിയിരുന്നു.
“അത്ര അസ്ഥിക്ക് പിടിച്ച പ്രേമമായിരുന്നോ? അതേതടാ നിനക്ക് ഓർത്തു കരയാൻ മാത്രമുള്ള പെണ്ണ്? ഏ?”
“ഹേയ്, ഇല്ലച്ഛാ… ഞാൻ കരഞ്ഞതൊന്നുമല്ല. ഉറക്കം വന്നിട്ടാ.”
“ജിത്തൂ. നിന്നോട് പ്രേമിക്കാൻ പോവരുത് എന്ന് അച്ഛൻ പറഞ്ഞോ? ഇല്ലല്ലോ? നിന്റെ ഈ പ്രായത്തിൽ ഇതൊക്കെ വേണം. ആദ്യം നീ കണ്ണു തുടക്ക്. മം…”
ജിത്തു കണ്ണു രണ്ടും തിരുമ്മി കൈ കെട്ടിയിരുന്നു.
“മോനെ, നിന്റെ ഈ പ്രായത്തിൽ ഇതൊക്കെ പറഞ്ഞിട്ടുള്ളതാ. ഞാനും പണ്ട് കൊറേ പ്രേമിച്ചു നടന്നിട്ടുണ്ട്. ഏതാണ്ട് നിന്റെ പ്രായത്തിൽ. അതിന് മുൻപും.”പ്രഭാകരൻ ഒരു ചെറിയ ചിരി ചിരിച്ചു. അവനും ഒന്നമർത്തി ചിരിച്ചു.
“‘അമ്മ കേൾക്കണ്ട”
“അവൾ കേട്ടാലും സരോല്ല. അവൾക്കറിയാം എന്റെ കഥകളൊക്കെ. വേറാരുമല്ല, ഞാൻ തന്നെയാ പറഞ്ഞത്. ഞങ്ങൾ തമ്മിൽ ഒന്നും മറച്ചു വെക്കാറില്ല. അതാണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ വിജയവും.”
ജിത്തു അച്ഛന്റെ വാക്കുകൾക്ക് ചെവിയോർത്തു. അവർ തമ്മിൽ ഇങ്ങിനൊരു സംഭാഷണം ഇതാദ്യമാണ്.
“ചിലരുണ്ട്, പണത്തിനോ അല്ലെങ്കിൽ മറ്റെന്തിനോ വേണ്ടി ഒരു പെണ്ണിന്റെ പുറകെ മണപ്പിച്ചു നടന്ന്, കാര്യം സാധിച്ചിട്ട് പൊടിയും തട്ടിപ്പോവും. ഒന്നുകിൽ പ്രേമിച്ച പെണ്ണിനെ സ്വന്തമാക്കണം. അല്ലെങ്കിൽ അതിന് നിൽക്കരുത്. നീ അങ്ങനെ കടന്നു കളയുന്ന ടീമല്ല. എനിക്കറിയാം. നീയെന്റെ മോനല്ലേ? എന്നാലും നിന്റെ പ്രേമം നല്ല ഉള്ളുള്ളതാണെങ്കിൽ നീ ആ പ്രേമം എങ്ങിനെയും സ്വന്തമാക്കാൻ ശ്രമിച്ചേനെ. എന്ന് വച്ച് നീ പിന്നെയും പിന്നെയും അവളുടെ പുറകെ നടക്കണം എന്നല്ല ഞാൻ പറയുന്നത്.